മരുമകളെ യാത്രയയക്കാന്‍ ബംഗളൂരുവിലേക്ക്
പോയ വീട്ടമ്മ വാഹനാപകടത്തില്‍ മരിച്ചുകാഞ്ഞങ്ങാട്: ബെല്‍ജിയത്തില്‍ നഴ്സായ മരുമകളെ യാത്രയയക്കാന്‍ ബംഗളൂരുവിലേക്ക് പോയ വീട്ടമ്മ വാഹനാപകടത്തില്‍ മരിച്ചു.
കള്ളാര്‍ മങ്കരയില്‍ ജോസിന്റെ ഭാര്യ സ്റ്റെനി ജോസ് (55) ആണ് മരിച്ചത്. ജോസുള്പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ജോസിന്റെ സഹോദരന് സണ്ണി, മകന് ജെസിന്, ഭാര്യ ബ്ലസി, മൂന്നുവയസുള്ള മകള്‍ സെയിദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സണ്ണിയുടെ നില ഗുരുതരമാണ്. മരുമകള്‍ ബ്ലസിയെ യാത്രയയ്ക്കാനായി ബംഗളൂരു എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ തട്ടിയാണ് അപകടം. കഴിഞ്ഞ ദിവസം രാവിലെയാണ് കുടുംബം കള്ളാറിലെ വീട്ടില്‍ നിന്നും പുറപ്പെട്ടത്.
ബംഗളൂരുവില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ രാംനഗറിലാണ് അപകടം. വയനാട് പനമരം സ്വദേശിനിയാണ് മരണപ്പെട്ട സ്റ്റെനി. മറ്റു മക്കള്‍: സിസ്റ്റര്‍ ഭാഗ്യ (എസ്.ബി.എം കോണ്‍വെന്റ് കോട്ടയം), ജീന (നഴ്സ് പരിയാരം ഗവ.മെഡിക്കല്‍ കോളേജ് ആസ്പത്രി).