ആജാനുബാഹുവായ ഒരു മനുഷ്യന്
നമ്മള് സിനിമകളില്‍ പലപ്പോഴും കാണാറുള്ളതാണ്. തമാശയുടെ ഭാഗമായിട്ട് റിട്ടയര്‍ ചെയ്ത പട്ടാളക്കാരന്റെ വേഷത്തിലുള്ള കഥാപാത്രങ്ങള്‍. അവര്‍ അവരുടെ വീരകഥകള്‍ അല്പം അതിശയോക്തി ചേര്‍ത്ത് പറയുന്ന രംഗങ്ങള്‍. കാണികള്‍ക്ക് ഹരമാണത്. ചിരിക്കാനുള്ള വകയുമുണ്ടാകും. അതിനോട് എനിക്ക് യോജിപ്പില്ല. ചൈനയുടെയും പാക്കിസ്ഥാന്റെയും കഴുകന് കണ്ണുകളില്‍ നിന്നും മാതൃരാജ്യത്തെ കാത്തുനില്ക്കുന്ന, ഊണും ഉറക്കവുമില്ലാതെ ജോലിചെയ്യുന്ന ഇന്ത്യന്‍ ഭടന്മാര് അല്പം പൊലിപ്പിച്ചുതന്നെ അവരുടെ സാഹസങ്ങള്‍ പറഞ്ഞോട്ടെ. അതിനെ നാമെന്തിന് തമാശയാക്കണം? എന്റെ സുഹൃത്ത് അഷ്റഫലി എന്നെ കളിയാക്കാറുണ്ട്. ഞാന്‍ മദീനയില്‍ പോയതിന്റെ പൊലിവ് […]
നമ്മള് സിനിമകളില്‍ പലപ്പോഴും കാണാറുള്ളതാണ്. തമാശയുടെ ഭാഗമായിട്ട് റിട്ടയര്‍ ചെയ്ത പട്ടാളക്കാരന്റെ വേഷത്തിലുള്ള കഥാപാത്രങ്ങള്‍. അവര്‍ അവരുടെ വീരകഥകള്‍ അല്പം അതിശയോക്തി ചേര്‍ത്ത് പറയുന്ന രംഗങ്ങള്‍. കാണികള്‍ക്ക് ഹരമാണത്. ചിരിക്കാനുള്ള വകയുമുണ്ടാകും. അതിനോട് എനിക്ക് യോജിപ്പില്ല. ചൈനയുടെയും പാക്കിസ്ഥാന്റെയും കഴുകന് കണ്ണുകളില്‍ നിന്നും മാതൃരാജ്യത്തെ കാത്തുനില്ക്കുന്ന, ഊണും ഉറക്കവുമില്ലാതെ ജോലിചെയ്യുന്ന ഇന്ത്യന്‍ ഭടന്മാര് അല്പം പൊലിപ്പിച്ചുതന്നെ അവരുടെ സാഹസങ്ങള്‍ പറഞ്ഞോട്ടെ. അതിനെ നാമെന്തിന് തമാശയാക്കണം? എന്റെ സുഹൃത്ത് അഷ്റഫലി എന്നെ കളിയാക്കാറുണ്ട്. ഞാന്‍ മദീനയില്‍ പോയതിന്റെ പൊലിവ് […]
നമ്മള് സിനിമകളില്‍ പലപ്പോഴും കാണാറുള്ളതാണ്. തമാശയുടെ ഭാഗമായിട്ട് റിട്ടയര്‍ ചെയ്ത പട്ടാളക്കാരന്റെ വേഷത്തിലുള്ള കഥാപാത്രങ്ങള്‍. അവര്‍ അവരുടെ വീരകഥകള്‍ അല്പം അതിശയോക്തി ചേര്‍ത്ത് പറയുന്ന രംഗങ്ങള്‍. കാണികള്‍ക്ക് ഹരമാണത്. ചിരിക്കാനുള്ള വകയുമുണ്ടാകും. അതിനോട് എനിക്ക് യോജിപ്പില്ല. ചൈനയുടെയും പാക്കിസ്ഥാന്റെയും കഴുകന് കണ്ണുകളില്‍ നിന്നും മാതൃരാജ്യത്തെ കാത്തുനില്ക്കുന്ന, ഊണും ഉറക്കവുമില്ലാതെ ജോലിചെയ്യുന്ന ഇന്ത്യന്‍ ഭടന്മാര് അല്പം പൊലിപ്പിച്ചുതന്നെ അവരുടെ സാഹസങ്ങള്‍ പറഞ്ഞോട്ടെ. അതിനെ നാമെന്തിന് തമാശയാക്കണം?
എന്റെ സുഹൃത്ത് അഷ്റഫലി എന്നെ കളിയാക്കാറുണ്ട്. ഞാന്‍ മദീനയില്‍ പോയതിന്റെ പൊലിവ് തീരാറില്ലെന്ന്. അത് സത്യവുമാണ്. മദീന പ്രവാചക നഗരിയാണ്. മദീന വിട്ട് പത്തുവര്ഷമാകാറായെങ്കിലും ഇന്നും മദീനയിലൂടെ, മദീനയുടെ പ്രാന്തങ്ങളിലൂടെ സ്വപ്നസഞ്ചാരം നടത്താറുണ്ട്. പ്രവാചക പള്ളി മിനാരങ്ങളില്‍ നിന്നുമുയരുന്ന ബാങ്കിന്റെ ശബ്ദം കര്‍ണ്ണപുടങ്ങളില്‍ കമ്പനവും മനസില്‍ സന്തോഷത്തിന്റെ നീരുറവയുമുണ്ടാക്കാറുണ്ട്. രാവിലെ എഴുന്നേല്ക്കുമ്പോള് മാത്രമാണ് ഉറക്കത്തിലായിരുന്നുവെന്ന ബോധം വരുന്നത്. മദീന എനിക്കെന്നുമൊരു ഗൃഹാതുരത്വം തന്നെ. മരണം പോലും അവിടെയാകണമെന്നാഗ്രഹിച്ചുപോയിട്ടുണ്ട്.
ഇപ്പോള്‍ സുഹൃത്ത് പറയുന്നത് എന്റെ ഗ്ലാസ്ഗോ യാത്രയുടെ പൊലിവ് തീരുന്നില്ല എന്നാണ്.
രണ്ടുവര്‍ഷം മുമ്പ് ഞാന്‍ സ്കോട്ലാന്റിലെ ഗ്ലാസ് ഗോ യൂണിവേര്സിറ്റിയില് പോയിരുന്നു. റോയല്‍ കോളേജിന്റെ ഫെല്ലോഷിപ്പ് ബിരുദദാന ചടങ്ങില്‍ സംബന്ധിക്കാന്‍. ഒരാഴ്ചത്തെ പരിപാടി. യാത്രകള്‍ എന്നും ഹരമാണെന്ന് പലപ്പോഴും ഞാന്‍ എഴുതിയിട്ടുണ്ട്. ഒറ്റയ്ക്കുള്ള യാത്രയാണെനിക്കേറെയിഷ്ടം.'സഞ്ചാരം' ടി.വി. പരമ്പരയിലെ ജോര്‍ജ് കുളങ്ങരയും ഇങ്ങനെത്തന്നെപറയുന്നത് കേട്ടു. യാത്രകളില്‍ കിട്ടുന്ന അനുഭവങ്ങള്‍ക്കും പൊലിവുകള്ക്കും ഒരിക്കലും തേയ്മാനം വരുന്നില്ലെന്നത് യാര്ത്ഥ്യമല്ലെ? അതുകൊണ്ട് യാത്രയിലെ പൊലിവുകള്‍ പറഞ്ഞുകൊണ്ടേയിരിക്കും. ഓരോ യാത്രകളും എനിക്ക് ഒരു പാഠപുസ്തകമാണ്.
രണ്ടാഴ്ചത്തെ യാത്ര. എല്ലാം സ്വന്തമായി ത്തന്നെ തയ്യാറാക്കി. എന്തും ഓണ്‍ലൈന്‍ വഴി നടത്താന്‍ പറ്റുന്ന കാലമാണല്ലോ! മനുഷ്യ വില്പനയടക്കം. കൂടെ കാസര്‍കോട്ടെ ഒരു ട്രാവല്‍ ഏജന്‍സി സഹായത്തിനുണ്ടായിരുന്നു.
യൂണിവേര്‍സിറ്റിയിലും റോയല്‍ കോളേജിലുമായി ആകെ നാലുമണിക്കൂര്‍ മാത്രമെചിലവഴിക്കേണ്ടതുള്ളു. ബാക്കി സിംപ്ലി തിരിഞ്ഞു കളി. സ്കോട്ട്ലാന്‍ഡ് മുഴുവനും കറങ്ങങ്ങണം. മനസ്സില്‍ രൂപരേഖയുണ്ടാക്കി. ഒറ്റയ്ക്കാണെങ്കിലും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും സഹായത്തിനും പ്രിയ സുഹൃത്തുക്കളായ പ്രേം നവാസും പ്രിയ അയ്യരുമുണ്ടവിടെ. ഗ്ലാസ് ഗോവിലെ അനുഭവക്കുറിപ്പുകള്‍ പിന്നീടൊരിക്കലെഴുതാം.
തിരിച്ചുവരവ് ഗ്ലാസ്ഗോ - ലണ്ടന്‍ - ഓസ്ലോ (നോര്‍വെയുടെ തലസ്ഥാനം) - ദുബായ് - മുബൈ-മംഗലാപുരം. ദുബായിലും ഒരാഴ്ച കറങ്ങണം. പ്രിയ ബന്ധുക്കളും മിത്രങ്ങളുമുണ്ടവിടെ.
വായനക്കാര്‍ അതിശയപ്പെടുന്നുണ്ടാവും, ഇയാളെന്തിനാണ് നോര്‍വെ വഴി വരുന്നത്? അതെന്റെ അത്യാഗ്രഹം തന്നെയായിരുന്നു. യാത്ര ചെയ്യാനുള്ള എന്റെ മനസ്സിന്റെ ത്വര എന്നുവേണമെങ്കില്‍ പറയാം. ദുബായില്‍ നിന്ന് നേരിട്ട് മംഗലാപുരത്തെത്താമെങ്കിലും അവസരം കിട്ടിയാല്‍ മുംബൈയിലും ഒന്ന് ഇറങ്ങാമല്ലൊ എന്നൊരാഗ്രഹവും! ലഗേജുകളൊന്നുമില്ലാത്തത് സൗകര്യ പ്രദവും.
നോര്‍വെ അതിസമ്പന്ന രാഷ്ട്രമാണ്. സമ്പന്നരും ദാരിദ്ര്യരേഖയും തമ്മിലുള്ള അനുപാതം ചെറിയൊരു നേര്‍വര മാത്രം. ഒരു പാട് അതൃപ്പങ്ങളുണ്ടവിടെ. പ്രപഞ്ച പ്രതിഭാസമായ ഓറോറ ബോറാലിസ് എന്ന പ്രകാശ വിസ്മയം വടക്കന്‍ നോര്‍വെയില്‍ പ്രസിദ്ധമാണ്. സഞ്ചാരികള്‍ക്ക് ഹരവും! കൂടാതെ ആറുമാസക്കാലം അര്‍ധരാത്രിയിലും സൂര്യനുണ്ടാവും. ഈ വെളിച്ചം റിഫ്ളക്ടറുപയോഗിച്ച് പല ആവശ്യങ്ങള്ക്കുമുപയോഗിക്കും. മലനിരകളെ ശോഭയാനമാക്കും. ഇതൊക്കെ വായിച്ച് എനിക്ക് കിട്ടിയ അവസരം മുതലാക്കാമെന്നുറച്ചു. ഓസ്ലോ വഴിയുള്ള യാത്ര തിരഞ്ഞെടുത്തു.
കൂടാതെ എന്റെ യാത്രക്ക് കുറച്ചുമുമ്പാണ് യു.കെ വിസയില്‍ വരുന്ന ഇന്ത്യക്കാര്‍ക്ക് ഓസ്ലോവില്‍ ഇറങ്ങാന്‍ പ്രത്യേക വിസയൊന്നും വേണ്ട എന്ന അറിയിപ്പുണ്ടാവുന്നത്. ആനന്ദ ലബ്ധിക്കിനിയെന്ത് വേണം!
ഓസ്ലോ മ്യൂസിയങ്ങളുടെയും പച്ചത്തുരുത്തുകളുടെയും മലകളുടെയും നാടാണ്. ഗ്ലാസ് ഗോയില്‍ നിന്നും ഉച്ചക്ക് മുമ്പ് തന്നെ ലണ്ടനിലെത്തി. ഉച്ചകഴിഞ്ഞ് ഒന്നരമണിക്കാണ് ഓസ്ലോക്കുള്ള നോര്‍വീജിയന്‍ വിമാനം. തലേന്നാള്‍ തന്നെ പദ്ധതി തയ്യാറാക്കി. ഓസ്ലോയിലെ ഒരുദിവസം എന്റെ മനസ്സില്‍ സ്വപ്നങ്ങള്‍ കൊണ്ട് നെയ്തെടുത്തു.
ലണ്ടണില്‍ നിന്നും രണ്ടുമണിക്കൂറില്‍ കുറഞ്ഞ യാത്രയേയുള്ളു. ഓസ്ലോയില്‍ നിന്നും ദുബായിലേക്കുള്ള വിമാനമാണെങ്കില്‍ രാത്രി 11.30നും. ധാരാളം സമയമുണ്ട് ഓസ്ലോയില്‍ ചിലവാക്കാന്‍.
ലണ്ടന്‍ വിമാനത്താവളത്തില്‍ അറിയിപ്പിനായി അക്ഷമയോടെ കാത്തിരുന്നു. ഓസ്ലോ വിലേക്കുള്ള വിമാനത്തിന്റെ അറിയിപ്പ് മാത്രം വന്നില്ല. സമയം ഒന്നരയാകുമ്പോള്‍ വിമാനത്തിന്റെ സാങ്കേതിക തകരാറുകാരണം അനിശ്ചിതമായി വൈകുമെന്ന് അറിയിപ്പ് വന്നു. ഞാന്‍ പാല്ക്കാരിയുടെ കഥയിലെ പാല്ക്കാരിയുടെ അവസ്ഥയിലായി. നെയ്തെടുത്ത സ്വപ്നങ്ങള്‍ അയഞ്ഞുതുടങ്ങി. കാത്തിരിപ്പ് തന്നെ. അല്ലാതെന്തുചെയ്യാന്‍. കാത്തിരിപ്പിനും ഭംഗിയുണ്ട്. ഞാന്‍ ആസ്വദിക്കാറുമുണ്ട്.
നാലുമണിക്കൂര്‍ കഴിഞ്ഞ് പെട്ടെന്നുള്ള അറിയിപ്പ് വന്നു. വിമാനത്തിന്റെ സാങ്കേതിക തകരാറ് പരിഹരിച്ചു. ഉടനെ യാത്രക്ക് തയ്യാറാവുക. ധൃതിയില്‍ ബോര്‍ഡിങ്ങ് കഴിഞ്ഞു. വിമാനം ടേക് ഓഫിന് തയ്യാറായി. വിമാനത്തിനകത്ത് നിന്നും ക്ഷമാപണ അറിയിപ്പ് വന്നുകൊണ്ടിരുന്നു.
രണ്ടുമണിക്കൂറിനുള്ളില്‍ തന്നെ വിമാനം ഓസ്ലോയ്ക്ക് മുകളില്‍ താണുപറന്നു. യാത്രക്കാരായി ചുരുക്കം പേര് മാത്രം. വിന്‍ഡോ സൈഡിലിരുന്നു ഓസ്ലോനഗരത്തെ വിഹഗവീക്ഷണം നടത്തി. കടുത്ത മഞ്ഞാണ് പുറത്ത്. പഞ്ഞിക്കെട്ടുകള്‍ അടുക്കിവെച്ച പോലെ. മുകളില്‍ നിന്നും ഓരോ കെട്ടുകള്‍ തെന്നിവീഴുന്നത് പോലെ തോന്നും. എന്റെ യാത്ര ശിശിര കാലത്തായിരുന്നു. ടൂറിസ്റ്റുകള്‍ കുറവും.
ഓസ്ലോ വിമാനത്താവളത്തിന് മുകളിലെത്തി. ലാന്റിങ്ങിനുള്ള അറിയിപ്പ് വന്നു. ഏകദേശം എട്ടുമണിയോടടുത്തു കാണും.
വിമാനം റണ്‍വെയില്‍ പതുക്കെ ലാന്റ് ചെയ്തു. ആള്ക്കാര് ഇറങ്ങിത്തുടങ്ങി. പുറത്ത് മഞ്ഞുപെയ്യുന്നുണ്ടായിരുന്നു. കുപ്പായത്തിനുമീതെ കുപ്പായവും കട്ടിയുള്ള രോമക്കുപ്പായവും ധരിച്ചിരുന്നുവെങ്കിലും തണുപ്പ് അതികഠിനം തന്നെയായിരുന്നു.
വളരെ ചെറിയ വിമാനത്താവളം. ഞാനിറങ്ങിയ വിമാനമൊഴികെ വേറെ ഒന്നുംകാണാനുണ്ടായിരുന്നില്ല. പ്രവേശന കവാടത്തിലേക്ക് ഗ്രൗണ്ട് സ്റ്റാഫുകള്‍ വഴി കാണിച്ചു. അവിടെ നിന്നും നേരെ ഓരോരുത്തരായി പാസ്പോര്‍ട്ട് പരിശോധന കൗണ്ടറിലേക്ക് പോകണം. കട്ടികൂടിയ മൂന്നു നിറങ്ങളിലുള്ള വരകളുണ്ടായിരുന്നു. ഓരോന്നും എവിടെ ചെന്നെത്തുമെന്ന് എഴുതിവെച്ചിരുന്നു. ഞാന്‍ വിദേശിയും തുടര്‍ യാത്ര ചെയ്യുന്നവനുമാണല്ലോ. എന്റെ വരയിലൂടെ ഞാന്‍ മുന്നോട്ട് നടന്നു. ഒരു വലിയ ചില്ലുകൂടിനടുത്തെത്തി. അവിടെ ആരെയും കാണുന്നില്ല.
മാധവിക്കുട്ടിയുടെ ചെറുകഥയിലെ രംഗം ഓര്‍മ്മ വന്നു. വസ്ത്ര വ്യാപാരത്തിന്റെ മൊത്തവിതരണ സ്ഥാപനത്തിലേക്ക് ജോലി അന്വേഷിച്ച് പോകുന്ന യുവതിയെ പോലെ ഞാന്‍ ചില്ലുകൂടിന് മുന്നില്‍ നിന്നു. 'അകത്ത് ഒഴിഞ്ഞുകിടക്കുന്ന ഒരു വലിയ തളമാണ് കണ്ടത്. രണ്ടോ മൂന്നോ കസാലകളും ഒരു ചില്ലിട്ട മേശയും അത്ര തന്നെ. ഒരാളുമില്ല അവിടെയെങ്ങും. അവള് വിളിച്ചുചോദിച്ചു: ഇവിടെ ആരുമില്ലെ? ആരും വരുന്നത് കാണുന്നില്ല. ഇതെന്തൊരു ഓഫീസാണ്. ഇവിടെയുള്ളവരൊക്കെ എങ്ങോട്ട് പോയി' (പക്ഷിയുടെ മണം മാധവിക്കുട്ടിയുടെ കഥ). ഞാനും ആത്മഗതം ചെയ്തു.
ഒന്നുകൂടി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: ഇവിടെ ആരുമില്ലെ. അല്പനിമിഷങ്ങള്ക്കകം പൂച്ചക്കണ്ണുകളുള്ള, വെളുത്ത, ആജാനുബാഹുവായ ഒരാള്‍ ചില്ലുകൂടിന് പിറകെയുള്ള വാതില്‍ തുറന്ന് മുമ്പോട്ട് വന്നു. ഗൗരവത്തോടെ ചോദിച്ചു: എന്ത് വേണം? ഞാന്‍ പാസ്പോര്‍ട്ട് ചില്ലുകൂട്ടിലുള്ള ദ്വാരത്തിലൂടെ അകത്തുകടത്തി. പാസ്പോര്‍ട്ട് വാങ്ങി തുറന്നുനോക്കി. പിന്നീട് കേട്ടത് ഒരട്ടഹാസമായിരുന്നു. ഡിഗ്രി പഠനകാലത്ത് ഇംഗ്ലീഷ് ഭാഷാപരീക്ഷയില്‍ രണ്ട് പ്രാവശ്യം തോറ്റിട്ടുണ്ടെങ്കിലും പറഞ്ഞത് മനസ്സിലായി. 'ഞാന്‍ പൊലീസിനെ വിളിക്കും. താങ്കളെ ജയിലിലടക്കും. ഈ രാജ്യത്ത് കാലുകുത്താന്‍ താങ്കള്‍ക്കെങ്ങനെ ധൈര്യം വന്നു. താങ്കള്‍ക്ക് വിസയില്ലല്ലോ?
എനിക്ക് ബോധം നഷ്ടപ്പെടുന്നപോലെ തോന്നി. കാലുകളില്‍ വിറയലും മൂത്രശങ്കയും. പാന്റ് നനയുന്നപോലെ!
ഞാന്‍ ധൈര്യം വീണ്ടെടുത്തു. പതുക്കെ പറഞ്ഞു: ഇന്റര്‍നെറ്റില്‍ നോര്‍വെയുടെ പേജില്‍ കണ്ടതാണ്, ഇംഗ്ലണ്ടില്‍ നിന്നും വരുന്ന ഇന്ത്യക്കാര്‍ക്ക് നോര്‍വെയിലേക്ക് വിസ ആവശ്യമില്ലെന്ന്.
അയാള്‍ ഗൗരവഭാവത്തില്‍ തന്നെ. തലയുയര്‍ത്തി നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. പാസ്പോര്‍ട്ട് അയാളുടെ കയ്യിലും. എന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം സ്റ്റെതസ്കോപ്പില്ലാതെ തന്നെ കേള്‍ക്കുന്നുണ്ടായിരുന്നു. വിജനത ആധിയും ഭീതിയും അധികരിപ്പിച്ചു. ഒരാള്‍ പോലുമില്ല, ഞാനല്ലാതെ. ജയിലിലാകുമെന്നുറപ്പിച്ചു.
അടുത്ത കല്പനവന്നു. വളരെ ഗൗരവത്തില്‍ തന്നെ -തൊട്ടടുത്തുള്ള കവാടത്തിന് മുമ്പില്‍ പോയി നില്ക്കാന് പറഞ്ഞു. ഒരു വലിയ കവാടം. അല്പ നിമിഷത്തിനുള്ളില്‍ വാതില്‍ തനിയെ തുറന്നു. അകത്തു നിന്നും രണ്ടുപേര്‍ ഓടിവരുന്നത് കണ്ടു. ഗേറ്റിന് മുമ്പിലുള്ള എന്റെ ഇടതും വലതുമായവര് നിന്നു. വലിച്ചകത്തുകടത്തുന്നതുപോലെ ധൃതിയില്‍ എന്നെ അകത്തുകടത്തി. മാധവിക്കുട്ടിയുടെ കഥാപാത്രം പോലെ ഒന്നും തിരിയാതെ ഞാന്‍ അന്ധാളിച്ചു. ഞാനകത്തുകടന്നതും ഗേറ്റടഞ്ഞതും ഒന്നിച്ച്. വല്ലാത്തൊരവസ്ഥ. ഒന്നും മനസ്സിലായില്ല. അവര്‍ രണ്ടുപേരും എന്നെ കൂട്ടിക്കൊണ്ടുപോയി ഒരു കസേരയില്‍ ഇരുത്തി. ഞാന്‍ ഒരുവിധത്തിലായി. എന്റെ മാനസികാവസ്ഥ മനസിലാക്കിയ ആ രണ്ടുപേര്‍ താങ്കള്‍ ഭയപ്പെടേണ്ടതില്ല, സമാധാനമായിരിക്കൂ. ഞങ്ങള്‍ താങ്കളെ സഹായിക്കാനാണ്. താഴെ വീഞ്ഞു ഷാപ്പുണ്ടെന്നും താങ്കള്‍ പോയി ഒന്ന് ചൂടാക്കിവരൂ, നമുക്ക് സംസാരം പിന്നീടാവാമെന്നും പറഞ്ഞു. ഇതുകേട്ടപോള് എനിക്കാശ്വാസമായി. ഞാന്‍ പറഞ്ഞു: ആല്‍ക്കഹോള്‍ ഉപയോഗിക്കാറില്ല. എന്നാല്‍ താങ്കള്‍ കുറച്ച് വെള്ളം കുടിച്ചു വരൂ, താഴെ വെള്ളവുമുണ്ട്. അതോടെ എനിക്കും അവര്‍ക്കും ചിരിവന്നു. സൗഹൃദത്തിന്റെ പാലം പണിതു. ചിരിവിടര്ത്തുന്നതിനര്ത്ഥം അതാണല്ലോ? പേടിക്കേണ്ടതില്ല. സമാധാനമായി കസേരയിലിരുന്നാലും. ഞങ്ങള്‍ കുറച്ചുകഴിഞ്ഞുവരാം. അവര്‍ ഉള്ളിലോട്ട് പോയി. കുറച്ച് കഴിഞ്ഞ് എന്റെ പാസ്പോര്‍ട്ടുമായി അവര്‍ വന്നു. കുശലാന്വേഷണം നടത്തി. പാസ്പോര്‍ട്ട് കൈയില്‍ തന്നു. ഇനിയും രണ്ടുമണിക്കൂറുണ്ട് ദുബായ് വിമാനത്തിന്, താഴെ പോയിരിക്കാമെന്ന്.
ബാക്കിയും കൂടി പറഞ്ഞു. നോര്‍വെക്കും ഇംഗ്ലണ്ടിന്റെ വിസ തന്നെ മതി. പക്ഷെ എട്ടുമണി കഴിഞ്ഞാല്‍ ജയിലിലാവും. താങ്കളെ സഹായിക്കാനാണ് ഞങ്ങള്‍ ധൃതികൂട്ടിയത്. എട്ടുമണിക്കല്പം മുമ്പാണ് താങ്കള്‍ കൗണ്ടറിലെത്തിയത്.
ഈ യാത്ര നോര്‍വെയിലെ പ്രകാശ പ്രതിഭാസം പോലെത്തന്നെ എന്റെ മനസിന്റെ ചക്രവാളത്തില്‍ വിസ്മയത്തിന്റെയും വിഹ്വലതയുടെയും ഓര്‍മ്മയായി ഇന്നും മായാതെനില്ക്കുന്നു. മങ്ങിയവെളിച്ചത്തില്‍ ഓസ്ലോ എയര്‍പ്പോര്‍ട്ടില്‍ ദുബായിലേക്കുള്ള വിമാനത്തിനായി കാത്തിരിപ്പ് വിഭാഗത്തിലേക്ക് ഞാന്‍ നടന്നുനീങ്ങി.