കാഞ്ഞങ്ങാട്: നീലേശ്വരത്തെ ജ്വല്ലറിയില്‍ കവര്‍ച്ചക്കെത്തിയ രണ്ടംഗസംഘം സുരക്ഷാജീവനക്കാരനെ കണ്ടപ്പോള്‍ ഓടിരക്ഷപ്പെട്ടു. നീലേശ്വരം രാജാറോഡിലെ കോണ്‍വെന്റ് കവലയ്ക്ക് സമീപത്തെ കുഞ്ഞിമംഗലത്ത് ഗോള്‍ഡിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കവര്‍ച്ചാശ്രമം നടന്നത്. സുരക്ഷാജീവനക്കാരനെ കണ്ടതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. ജ്വല്ലറിപരിസരത്ത് റോന്ത്ചുറ്റുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരനായ പുതുക്കൈയിലെ സി.വി സുരേശന് പുലര്‍ച്ചെ ടോര്‍ച്ചടിച്ച് നോക്കിയപ്പോള്‍ രണ്ടുപേര്‍ ജ്വല്ലറിയുടെ ഷട്ടര്‍ കുത്തിതുറക്കുന്നത് കണ്ടു. ടോര്‍ച്ച് വെളിച്ചം പതിഞ്ഞതോടെ ഇവര്‍ ജ്വല്ലറിക്ക് സമീപത്തെ മതിലിലൂടെ ഓടിമറയുകയായിരുന്നു. കൂടുതല്‍ പരിശോധന നടത്തിയതോടെ ഷട്ടര്‍ വൈദ്യുത കട്ടര്‍ ഉപയോഗിച്ച് മുറിച്ചതായി കണ്ടു. ഉടന്‍ തന്നെ അവിടെയുണ്ടായിരുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരെയും ജ്വല്ലറി ഉടമയെയും പൊലീസിനെയും വിവരമറിയിച്ചു. നീലേശ്വരം ഇന്‍സ്പെക്ടര്‍ കെ.വി ശ്രീഹരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജ്വല്ലറിയിലെത്തി അന്വേഷണം നടത്തി. കാഞ്ഞങ്ങാട്ഡി.വൈ.എസ്.പി ഡോ. വി. ബാലകൃഷ്ണനും സ്ഥലത്തെത്തിയിരുന്നു. ഡോഗ് സ്ക്വാഡ് നീലേശ്വരം പാലത്തിനടിയില്‍ വരെ മണം പിടിച്ച് ചെന്നു. അവിടെ നിന്ന് മോഷ്ടാക്കള്‍ വാഹനത്തില്‍ കയറിയിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. വിരലടയാളവിദഗ്ധരും പരിശോധന നടത്തി. മോഷ്ടാക്കള്‍ ഉപേക്ഷിച്ചുപോയ മഴു. ചാക്ക്, കയര്‍, വൈദ്യുത കട്ടര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. ജ്വല്ലറിയിലെ നിരീക്ഷണക്യാമറയില്‍ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മഴക്കോട്ട് ധരിച്ച ഒരാള്‍ ജ്വല്ലറിയിലെ നിരീക്ഷണ ക്യാമറകള്‍ വടി ഉപയോഗിച്ച്മറ്റൊരുദിളയിലേക്ക് വെക്കുകയായിരുന്നു. മറ്റൊരാള്‍ ദൂരെ മാറിനില്‍ക്കുന്നതും ദൃശ്യത്തിലുണ്ട്. നീലേശ്വരം കൊട്ടുമ്പുറത്തെ കെ.എം സരീഷിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയിലാണ് കവര്‍ച്ചാശ്രമം നടന്നത്.