കൊച്ചി: അങ്കമാലിയില്‍ വീടിന് തീപിടിച്ച് യുവ ദമ്പതികളും 2 മക്കളും ദാരുണമായി വെന്തു മരിച്ചു. അങ്കമാലിയിലെ അങ്ങാടിക്കടവ് പറക്കുളം റോഡിലുള്ള ഇരുനില വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. വ്യാപാരിയായ ബിനീഷ് കുര്യന് (45), ഭാര്യ അനുമോള്‍ മാത്യു (40), ഇവരുടെ മക്കളായ ജൊവാന (8), ജസ്വിന് (5) എന്നിവരാണ് മരിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. എന്താണ് സംഭവിച്ചതെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
രാവിലെ നടക്കാനിറങ്ങിയ ആളുകളാണ് വീടിന്റെ മുകളിലെ നിലയില്‍ തീ കണ്ടത്. വീടിനകത്തെ ഒരു മുറിക്കുള്ളിലാണ് ആദ്യം തീ പിടിച്ചത്. ഇതിലാണ് കുടുംബാംഗങ്ങള്‍ ഉറങ്ങിയിരുന്നത്. മറ്റൊരു മുറിയും കത്തി നശിച്ചു. അതേസമയം, ഷോര്‍ട് സര്‍ക്യൂട്ട് സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മരിച്ച ബിനീഷ് അങ്കലമാലിയിലെ വ്യാപാരിയാണ്. മൂത്തകുട്ടി മൂന്നാം ക്ലാസ്സിലും രണ്ടാമത്തെ കുട്ടി ഒന്നിലുമാണ് പഠിക്കുന്നത്.
തീപിടിച്ചത് കണ്ട് വീടിന് താഴത്തെ മുറിയില്‍ കിടന്നിരുന്ന അമ്മയും ബിനീഷിന്റെ സഹായിയായ അതിഥി തൊഴിലാളിയും എത്തിയാണ് തീയണയ്ക്കാന്‍ തുടങ്ങിയത്. വീടിന്റെ അടുത്തുനിന്ന് പൈപ്പിലും ബക്കറ്റിലുമെല്ലാം വെള്ളമെടുത്ത് തീയണയ്ക്കാനുള്ള ശ്രമം നടത്തി. എന്നാല്‍ വലിയ രീതിയില്‍ തീപിടിച്ചതിനാല്‍ അണയ്ക്കാന്‍ സാധിച്ചില്ല. സംഭവ സ്ഥലത്തുനിന്ന് നായ കുരയ്ക്കുന്നത് കേട്ടതോടെയാണ് അയല്‍വാസികള്‍ ഓടി വന്നത്. പിന്നാലെ തീയണയ്ക്കാന്‍ ശ്രമം തുടങ്ങിയെങ്കിലും ആളിപ്പടരുകയായിരുന്നു. പിന്നാലെ ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടിത്തതിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ പരിശോധനയ്ക്കു ശേഷമേ കാരണം വ്യക്തമാവുകയുള്ളൂ. ബിനീഷിന് സാമ്പത്തിക ബാധ്യതകളുള്ളതായി അറിയില്ലെന്നും ബിസിനസ് ആയതു കൊണ്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്ന് അന്വേഷിക്കണമെന്നും നാട്ടുകാര്‍ പറയുന്നു.