കോഴിക്കോട്/ബംഗളൂരു: കര്‍ണാടക ഷിരൂരില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട മലയാളി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുനെ കുറിച്ച് നാലാം ദിവസവും വിവരം ലഭിച്ചിട്ടില്ല. എന്നാല്‍ അര്‍ജുന്റെ ഒരു മൊബൈല്‍ ഫോണ്‍ ഇന്ന് രാവിലെ ഭാര്യ വിളിച്ചപ്പോള്‍ റിങ് ചെയ്തു. ജി.പി.എസ് സംവിധാനം വഴി പരിശോധിക്കുമ്പോള്‍ മണ്ണിനടിയിലാണ് ലോറി കിടക്കുന്നതെന്നാണ് വിവരം. അര്‍ജുനാണ് അപകടപ്പെട്ട ലോറിയുടെ ഡ്രൈവര്‍. അര്ജുന് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും കൈക്കുഞ്ഞും. ഫോണ്‍ രണ്ടു തവണ റിങ് ചെയ്തത് കുടുംബത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. നിലവില്‍ സ്വിച്ച് ഓഫാണ്. ഇന്ന് രാവിലെ ഭാര്യ കൃഷ്ണപ്രിയ രണ്ടാമത്തെ ഫോണില്‍ വിളിച്ചപ്പോഴാണ് റിങ്ങായത്. എന്നാല്‍ ഫോണെടുത്തില്ല. അര്ജുന് മണ്ണിനിടയിലായ ലോറിക്കുള്ളില്‍ തന്നെയുണ്ടെന്നാണ് പ്രതീക്ഷയെന്ന് ഭാര്യ കൃഷ്ണപ്രിയ പറഞ്ഞു. ലോറിയില്‍ അര്ജുന് ഒറ്റക്കാണെന്നും സ്ഥിരമായി പോകുന്ന റൂട്ടാണെന്നും ഭാര്യ പറഞ്ഞു.
അതേസമയം, ഇന്നാണ് താന്‍ അര്ജുന് അപകടത്തില്‍പെട്ട വിവരം അറിയുന്നതെന്നും ഉദ്യോഗസ്ഥ തലത്തില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും അര്‍ജുനെ കണ്ടെത്താനുള്ള നടപടിയുണ്ടാകുമെന്നും ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. കര്‍ണാടക ഗതാഗത മന്ത്രിയായും ആഭ്യന്തര മന്ത്രിയുമായും ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവ സ്ഥലത്ത് ഉത്തര കന്നട ജില്ലയിലെ എസ്.പി അടക്കമുള്ളവരുണ്ടെന്നും നാവികസേന എത്തിയശേഷം രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമെന്ന് സ്ഥലം എസ്.പി അറിയിച്ചതായും കോഴിക്കോട് എം.പി എം.കെ രാഘവന് പറഞ്ഞു. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.