ന്യൂഡല്‍ഹി: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റെടുത്തു.
ഇന്ന് രാവിലെ പത്തരക്ക് എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന വര്‍ണശബളമായ ചടങ്ങിലാണ് ഖാര്‍ഗെ സോണിയാഗാന്ധിയില്‍ നിന്ന് ചുമതലയേറ്റെടുത്തത്. തനിക്കിത് അഭിമാന നിമിഷമാണെന്നും സാധാരണ പ്രവര്ത്തകന് ഇത്ര വലിയ പദവി നല്‍കിയതിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ അനുഭവ സമ്പത്തും കഠിനാധ്വാനവും പാര്‍ട്ടിക്ക് പ്രയോജനപ്പെടുത്തുമെന്ന് വ്യക്തമാക്കിയ അദ്ദേഹം എല്ലാ പ്രവര്‍ത്തകരും ഒപ്പം നില്‍ക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ജനങ്ങളില്‍ വെറുപ്പുണ്ടാക്കുന്നവരെ തോല്‍പ്പിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.
പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റ ശേഷം അദ്ദേഹം ചില പ്രഖ്യാപനങ്ങള്‍ നടത്തി. എ.ഐ.സി.സി തിരഞ്ഞെടുപ്പ് സമിതി ഉടന്‍ രൂപീകരിക്കുമെന്നും എല്ലാ സംസ്ഥാനങ്ങളിലും രാഷ്ട്രീയകാര്യ സമിതിയുണ്ടാക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.
തിരഞ്ഞെടുപ്പ് സമിതി ചെയര്മാന് മധുസൂദനന് മേസ്തിരി ഖാര്‍ഗെക്ക് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് നല്കി. ഭാരത് ജോഡോ യാത്രക്ക് അവധി നല്കി രാഹുല്‍ ഗാന്ധി സ്ഥാനാരോഹണ ചടങ്ങിനെത്തിയിരുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗങ്ങള്‍, എം.പി.മാര്‍, പി.സി.സി അധ്യക്ഷന്മാര് തുടങ്ങിയവര്‍ ചടങ്ങിനെത്തി.