സുഡാനില്‍ നിന്ന് ഉയരുന്ന നിലവിളി

ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്ത് ഒരു രാജ്യം, വിസ്തീര്‍ണത്തിന്റെ കാര്യത്തില്‍ ലോകത്തിലെ പതിനാറാമത്തെ വലിയ രാജ്യം. അവിടെ തോക്കിന്‍ മുനയില്‍ നാലരക്കോടിയോളം മനുഷ്യര്‍. പറഞ്ഞുവരുന്നത് സുഡാനെക്കുറിച്ച് തന്നെയാണ്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മള്‍ സുഖമായി ഉറങ്ങുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഇതൊന്നുമില്ലാതെ സ്വയരക്ഷക്കായി നെട്ടോട്ടമോടുന്ന ഒരു കൂട്ടം ജനത. അധികാര മോഹത്തില്‍ രണ്ട് സൈനികര്‍ തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളിലേര്‍പ്പെട്ടപ്പോള്‍ അവിടത്തെ ജനതയെയും അവരുടെ സുരക്ഷയും അവര്‍ മറന്നു.കേരള ജനത സാംസ്‌കാരിക ഉത്സവമായ വിഷു ആഘോഷിക്കുന്ന ദിവസമാണ് സുഡാനിലെ ജനങ്ങളുടെ ഉറക്കം നഷ്ടമായത്. ശാന്തമായി കിടക്കുന്ന […]

ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്ത് ഒരു രാജ്യം, വിസ്തീര്‍ണത്തിന്റെ കാര്യത്തില്‍ ലോകത്തിലെ പതിനാറാമത്തെ വലിയ രാജ്യം. അവിടെ തോക്കിന്‍ മുനയില്‍ നാലരക്കോടിയോളം മനുഷ്യര്‍. പറഞ്ഞുവരുന്നത് സുഡാനെക്കുറിച്ച് തന്നെയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മള്‍ സുഖമായി ഉറങ്ങുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഇതൊന്നുമില്ലാതെ സ്വയരക്ഷക്കായി നെട്ടോട്ടമോടുന്ന ഒരു കൂട്ടം ജനത. അധികാര മോഹത്തില്‍ രണ്ട് സൈനികര്‍ തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളിലേര്‍പ്പെട്ടപ്പോള്‍ അവിടത്തെ ജനതയെയും അവരുടെ സുരക്ഷയും അവര്‍ മറന്നു.
കേരള ജനത സാംസ്‌കാരിക ഉത്സവമായ വിഷു ആഘോഷിക്കുന്ന ദിവസമാണ് സുഡാനിലെ ജനങ്ങളുടെ ഉറക്കം നഷ്ടമായത്. ശാന്തമായി കിടക്കുന്ന ഒരു രാജ്യം, എപ്പോഴത്തെയും പോലെ ഓഫീസുകളില്‍ പോകേണ്ടവര്‍, സ്‌കൂള്‍ കുട്ടികള്‍ എല്ലാവരും തന്നെ തങ്ങളുടേതായ ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ പെട്ടന്ന് തന്നെ ആ ശാന്തത ആശാന്തമാകുന്നു. ഏപ്രില്‍ 15ന് ആരംഭിച്ച പോര് ഇന്നും തുടരുകയാണ്.
2021 മുതല്‍ സൈന്യവും പാരാമിലിറ്ററിയുമായ റാപ്പിഡ് സെക്യൂരിറ്റി ഫോഴ്‌സും ചേര്‍ന്നുള്ള സൈനിക കൗണ്‍സിലുമാണ് സുഡാനില്‍ ഭരണം നടത്തുന്നത്. ഇതില്‍ ഒന്നാമന്‍ നിലവിലെ ഭരണാധികാരിയും സൈനിക മേധാവിയുമായ അബ്ദേല്‍ ഫത്തഹ് ബുര്‍ഹാനും, രണ്ടാമന്‍ ഉപഭരണാധികാരിയും അര്‍ദ്ധ സൈനിക സംഘമായ റാപ്പിഡ് സപ്പോര്‍ട് ഫോഴ്‌സ് മേധാവി ജനറല്‍ മുഹമ്മദ് ഹംദാര്‍ ദഗലോ എന്ന ഹാമേത്തിയുമാണ്. ഇവര്‍ തമ്മിലുള്ള അധികാര തര്‍ക്കമാണ് ഇപ്പോഴത്തെ കലാപത്തിനുള്ള അടിസ്ഥാന കാരണം. ഇതിനു പിന്നില്‍ മറ്റു തര്‍ക്കങ്ങളോ മതപരമായ ഭിന്നതകളോ ഇല്ല. അധികാര മോഹം മാത്രം. അധികാര സ്വാര്‍ത്ഥതയില്‍ പരസ്പരം തോക്കെടുത്തതോടെ രാജ്യം യുദ്ധഭൂമിയായി മാറി. ഇതില്‍ നഷ്ടമായത് നാന്നൂറോളം ജീവനുകള്‍. നാലായിരത്തോളം പേര്‍ക്ക് പരിക്ക്. ഇതിലാര്‍ക്കാണ് ഖേദം? കൊല്ലപ്പെട്ട വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് മാത്രം.
സുഡാനിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്കിടയില്‍ ഒരു മലയാളി കൊല്ലപ്പെട്ടിരുന്നു. ഇത്തരത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ എത്രയെത്ര പേര്‍... ചോദ്യം ചെയ്യാന്‍ ഭയമാണ്.... പല രാജ്യങ്ങളും സ്വന്തം പൗരരെ ഒഴിപ്പിക്കുന്നത് ഊര്‍ജിതമാക്കി. റോഡ്, കടല്‍, ആകാശം എന്നീ എല്ലാമാര്‍ഗങ്ങളിലൂടെയും രക്ഷാ ദൗത്യങ്ങള്‍ പുരോഗമിക്കുകയാണ്. അപ്പോഴും ആക്രമണത്തിന് ശമനമില്ല. അധികാരം സ്വന്തമാക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ഇരുകൂട്ടര്‍ക്കും. അധികാരം നഷ്ടമായാല്‍ തന്റെ പണസ്രോതസ്സും നഷ്ടമാകുമെന്ന ഭയമാണ് ഇന്ന് ഈ കലാപത്തിലേക്ക് ഇരുവരെയും എത്തിച്ചത്.
മനുഷ്യന്‍ കേവലം ഒരു വ്യക്തി മാത്രമല്ല; അവന്‍ സമൂഹത്തിലെ ഒരംഗവും കൂടിയാണ്. കൂട്ടുകൂടി ജീവിക്കുമ്പോഴാണ് മനുഷ്യന്‍ പുരോഗതി കൈവരിക്കുന്നത്. അതിനാല്‍ പരസ്പരം പങ്കുവെക്കാനും മത്സരിക്കാനും മനുഷ്യന്‍ നിര്‍ബന്ധിതനായി തീര്‍ന്നു. ഇത്തരം സാഹചര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു സംവിധാനം അനിവാര്യമാണ്. അങ്ങനെ 'അധികാരം' എന്ന അവസ്ഥയിലേക്ക് മനുഷ്യനെ നയിച്ചു. അധികാരം മനുഷ്യന്റെ ക്ഷേമത്തിനും പുരോഗതിക്കുമായിരിക്കണം, അത് ഒരാളില്‍ ഒതുങ്ങി നില്‍ക്കുന്നതുമല്ല. അവിടെയാണ് സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ പുറത്തേക്ക് വരുന്നത്. നഷ്ടപ്പെടുമോ എന്ന ഭയമാണ് മനുഷ്യരെ സ്വാര്‍ത്ഥരാക്കുന്നത്. അധികാരത്തിന്റെ ഇരുണ്ട വശത്തിന്റെ മോഹം പലയിടങ്ങളിലും വെളിച്ചത്തില്‍ വരാന്‍ തുടങ്ങി. അതിന് ഉത്തമ ഉദാഹരണം തന്നെയാണ് സുഡാനിലെ കലാപം.


-സ്‌നേഹ രഘുനാഥന്‍

Related Articles
Next Story
Share it