അന്താരാഷ്ട്ര ഐ.ടി കമ്പനികളില്‍ എഞ്ചിനീയര്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന ദമ്പതികള്‍ പൊലീസ് പിടിയില്‍

കാഞ്ഞങ്ങാട്: സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി അന്താരാഷ്ട്ര ഐ.ടി കമ്പനികളില്‍ എഞ്ചിനീയര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തിമിരി സ്വദേശിയില്‍ നിന്ന് പണം തട്ടിയ ദമ്പതികള്‍ പൊലീസ് പിടിയിലായി. തിരുവനന്തപുരം സ്വദേശി ശരണ്യ എസ്, ഭര്‍ത്താവ് പാലക്കാട് നെന്മാറ സ്വദേശി മനു എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ കലവൂരില്‍ വെച്ച് ചീമേനി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ അജിതയും സംഘവും അറസ്റ്റ് […]

കാഞ്ഞങ്ങാട്: സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി അന്താരാഷ്ട്ര ഐ.ടി കമ്പനികളില്‍ എഞ്ചിനീയര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തിമിരി സ്വദേശിയില്‍ നിന്ന് പണം തട്ടിയ ദമ്പതികള്‍ പൊലീസ് പിടിയിലായി. തിരുവനന്തപുരം സ്വദേശി ശരണ്യ എസ്, ഭര്‍ത്താവ് പാലക്കാട് നെന്മാറ സ്വദേശി മനു എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിര്‍ദ്ദേശപ്രകാരം ആലപ്പുഴ കലവൂരില്‍ വെച്ച് ചീമേനി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ അജിതയും സംഘവും അറസ്റ്റ് ചെയ്തത്. വിവിധ മേല്‍വിലാസങ്ങളില്‍ സിം കാര്‍ഡുകള്‍ കരസ്ഥമാക്കിയും ഒളിവില്‍ കഴിയുന്ന വിലാസങ്ങളില്‍ ആധാര്‍ കാര്‍ഡുകള്‍ സമ്പാദിച്ചുമാണ് ഇവര്‍ 4 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയത്. തമിഴ്‌നാട്ടിലും കേരളത്തില്‍ വിവിധ സ്ഥലങ്ങളിലും താമസിച്ച് വിദേശത്ത് ബിസിനസ്സ് നടത്തുകയാണെന്നും വിസയും ജോലിയും ശരിയാക്കിത്തരാമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആളുകളെ വിശ്വസിപ്പിച്ചുമാണ് ഇവര്‍ ആളുകളെ കബളിപ്പിച്ചിരുന്നത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചീമേനി പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് മറ്റു ജില്ലകളിലും ലക്ഷക്കണക്കിന് രൂപയുടെ സമാനമായ തട്ടിപ്പുകള്‍ പ്രതികള്‍ നടത്തിയതായി കണ്ടെത്തിയത്. അവിടെയും പരാതിക്കാര്‍ അന്വേഷണമാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയ ശേഷം വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞും പുതിയ ആളുകളെ പരിചയപ്പെട്ട് കുറ്റകൃത്യം തുടരുന്ന രീതിയാണ് പ്രതികള്‍ അവലംബിച്ചത്. അന്വേഷണ സംഘത്തില്‍ എസ്.എച്ച്.ഒ കെ അജിത, എഎസ്‌ഐ മനോജ്കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ് കുഞ്ഞിവീട്ടില്‍, ശ്രീകാന്ത് പി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരികൃഷ്ണന്‍, അഭിലാഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it