സന്ധ്യയണയുമ്പോള്‍ താനേ കണ്ണടഞ്ഞു പോകുന്ന നഗരം

കോവിഡാനന്തരം കാസര്‍കോട് ടൗണിന്റെ പഴയൊരു സൂക്കേട് വീണ്ടും പൊന്തി വന്നിരിക്കുന്നു. സൂക്കേട് കാര്യായതല്ല. ചികില്‍സിച്ചു ഭേദാക്കാവുന്നത്. സന്ധ്യയാകുമ്പോള്‍ കണ്ണടഞ്ഞു പോവുക . വളരെ നേരത്തെ അങ്ങുറങ്ങിക്കളയുക. ഇപ്പോള്‍ സന്ധ്യ പ്രകൃത്യാ വളരെ നേരത്തെ വന്നണയുന്നു. 7.30 മണി ആയാല്‍ ശരിക്കും കാസര്‍കോടിന്റെ പ്രധാന പാതയായ എം.ജി. റോഡിലൂടെ തന്നെ നടക്കാന്‍ ഭയമാകും. ഇരു കരകളിലും കടകളുടെ ഷട്ടറുകളെല്ലാം അടഞ്ഞു കിടക്കും. എന്തോ അത്യാഹിത മുന്നറിയിപ്പ് ലഭിച്ച പോലെ. കച്ചവടക്കാരോട് ചോദിച്ചാല്‍ അവര്‍ പറയും ബസ്സുകള്‍ നേരത്തെ ഓട്ടം […]

കോവിഡാനന്തരം കാസര്‍കോട് ടൗണിന്റെ പഴയൊരു സൂക്കേട് വീണ്ടും പൊന്തി വന്നിരിക്കുന്നു. സൂക്കേട് കാര്യായതല്ല. ചികില്‍സിച്ചു ഭേദാക്കാവുന്നത്. സന്ധ്യയാകുമ്പോള്‍ കണ്ണടഞ്ഞു പോവുക . വളരെ നേരത്തെ അങ്ങുറങ്ങിക്കളയുക. ഇപ്പോള്‍ സന്ധ്യ പ്രകൃത്യാ വളരെ നേരത്തെ വന്നണയുന്നു. 7.30 മണി ആയാല്‍ ശരിക്കും കാസര്‍കോടിന്റെ പ്രധാന പാതയായ എം.ജി. റോഡിലൂടെ തന്നെ നടക്കാന്‍ ഭയമാകും. ഇരു കരകളിലും കടകളുടെ ഷട്ടറുകളെല്ലാം അടഞ്ഞു കിടക്കും. എന്തോ അത്യാഹിത മുന്നറിയിപ്പ് ലഭിച്ച പോലെ. കച്ചവടക്കാരോട് ചോദിച്ചാല്‍ അവര്‍ പറയും ബസ്സുകള്‍ നേരത്തെ ഓട്ടം നിര്‍ത്തുന്നത് കാരണം ഞങ്ങള്‍ക്ക് ആകാശം നോക്കി ഇരിക്കേണ്ടി വരുന്നു. അതിനാല്‍ കടകള്‍ പൂട്ടി നേരത്തെ വീടുകളണയാന്‍ ശ്രമിക്കുന്നു എന്ന്. ബസ്സുകാരോട് ചോദിച്ചാല്‍ പറയും. യാത്രക്കാരില്ലാത്തത് കാരണം ഞങ്ങള്‍ക്ക്, ഖാലിയായ ബസ് ഓടിക്കേണ്ടി വരുന്നു എന്ന്. ശരിയാണ്. പക്ഷെ ഇതിങ്ങനെയും ചിന്തിക്കാം. കടകള്‍ നേരത്തെ അടക്കുന്നത് കൊണ്ട് യാത്രക്കാര്‍/ഉപഭോക്താക്കള്‍ നേരത്തെ വെപ്രാളപ്പെട്ട് വന്നു പോകുന്നു. അത് കാരണത്താല്‍ 8 മണിക്ക് ശേഷം ബസ് ഓടാതാവുന്നു. . ഇതില്‍ സന്തോഷിക്കുന്ന ഒരു വിഭാഗം, വീട്ടമ്മമാമാരാകും. അവര്‍ക്ക് നേരത്തെ പണിയൊക്കെ ഒരുക്കി കിടന്നുറങ്ങാനായേക്കാം. അല്ലാത്തവര്‍ക്കും വലിയ മെച്ചമില്ല.
ഇതിപ്പൊ..ഇങ്ങനെയൊരു കുറിപ്പ് എഴുതാന്‍ കാരണം മേലെ കൊടുത്ത ന്യായങ്ങളൊന്നും അത്രക്കങ്ങ് ബോധ്യപ്പെടാത്തത് കൊണ്ടാണ്. ഞാനീയിടെ മൂന്നു നാല് ദിവസം കുടുംബ സമേതം. മൈസൂറുവിലായിരുന്നു. കുടുംബ സമേതമെന്നു വെച്ചാല്‍ ഒറ്റ കെട്ടിയോളും പിന്നെ ഞാനും പുതിയ കാലത്ത് മക്കളെ എവിടെ കിട്ടാന്‍? അവര്‍ അവരുടെ പാടും നോക്കി പോയില്ലേ? അങ്ങനെ ഞങ്ങള്‍ രണ്ടു പേര് മാത്രം. അത് കഴിഞ്ഞു തിരിച്ചെത്തിയ ഉടനെ എനിക്ക് തൃശൂര്‍ പോകേണ്ടി വന്നു. സത്യം പറഞ്ഞാല്‍ ഈ നഗരങ്ങളൊന്നും, ഞങ്ങളവിടെ ഉണ്ടെന്ന കാരണത്താലോ എന്തോ അതെനിക്കറിയില്ല, നേരത്തെ കണ്ണടച്ചില്ല. മൈസൂറുവില്‍ നിന്ന് തിരിച്ചു വരാന്‍ ഞങ്ങള്‍ക്ക് വണ്ടി രാത്രി വൈകി 11.30 നായിരുന്നു. അതിന് സ്റ്റേഷനിലേക്ക് വരുമ്പോഴും മൈസൂറു നഗരം രാത്രി വൈകിയെന്നൊരു സന്ദേശമേ ഞങ്ങള്‍ക്ക് നല്‍കിയില്ല. അതപ്പോഴും നിറശോഭയോടെ കത്തി നില്‍ക്കുകയായിരുന്നു. അതാവാം പലരും കാസര്‍കോട് വിട്ട് മംഗളുറുവിലോ ബെംഗളൂറുവിലോ പോയി സ്ഥിര താമസമാക്കാന്‍ കാരണം. ഇനിയങ്ങനെ പോവുകയാണെങ്കില്‍ ഞങ്ങള്‍ മൈസൂറുവാകും തെരഞ്ഞെടുക്കുക. തൃശൂര്‍ നഗരവും ഇതേ പോലെ... 10 മണിക്ക് പോലും എല്ലാം പതിവ് പോലെ. പിന്നെ കാസര്‍കോടിന് മാത്രമായെന്തേ ഒരു സന്ധ്യാ മയക്കം? ഉത്തരം ഞാന്‍ പറയാം. നമ്മള്‍ നേരത്തെ കൂടണഞ്ഞു, കണ്ണടച്ച് ശീലിച്ചു പോയി.
ടി. ഇ. അബ്ദുല്ല ചെയര്‍മാന്‍ ആയിരിക്കുന്ന വേളയിലാണ് ഇത് മുമ്പൊരിക്കല്‍ പൊതുജന ശ്രദ്ധയില്‍ വന്നത്. അന്നത്തെ കലക്ടറും ഇതൊരു വിചിന്തനം ചെയ്യേണ്ട വിഷയമായെടുത്തു. കൂടിയാലോചനകള്‍ നടന്നു. കാസര്‍കോട്ടെ വ്യാപാര പ്രമുഖരെ കണ്ടു. രാത്രി 9, 10 മാണി വരെ കണ്ണ് തുറന്നിരിക്കുന്ന ഒരു മാസത്തേക്ക് നീളുന്ന ഒരു വ്യാപാരോത്സവം തന്നെ സംഘടിപ്പിച്ചു അങ്ങനെ കച്ചവടക്കാര്‍ കട തുറന്നിരിക്കുകയും രാത്രി 9.30 വരെ .ബസ്സുകളോടുകയും ചെയ്തു. അത് കോവിദാരംഭം വരെ നീണ്ടു. ഇതൊന്നും കഥയല്ല. നടന്ന സംഭവമാണ്. ഒരു രോഗം വന്നാല്‍ എനിക്ക് രോഗം വന്നേ എന്ന് കുത്തിയിരുന്നു കരഞ്ഞാല്‍ എങ്ങനെ ശരിയാകും? ചികിത്സ ചെയ്യണ്ടേ? വേണം. ഇന്ന് കച്ചവടക്കാരെല്ലാം മാന്ദ്യം എന്നൊരു വാക്ക് പഠിച്ചു വെച്ചിട്ടുണ്ട്. മാന്ദ്യം മാന്ദ്യം എന്നുരുവിട്ടു കൊണ്ടേയിരിക്കുന്നു,
ബസ്സുകളെ കുറിച്ചും പറയാനുണ്ട്. ഈയിടെയായി എല്ലാ റൂട്ടുകളിലും ഓരോന്ന് വീതമെങ്കിലും ഗടഞഠഇ ബസ്സുകളോടുന്നുണ്ട്. ഞാന്‍ സഞ്ചരിക്കുന്ന റൂട്ടിലും എന്റെ സ്റ്റോപ്പിലേക്ക് രാവിലെ 10.10നു എത്തുന്ന സ്റ്റേറ്റ് ബസ് ഉണ്ട്. അതിനാണ് മിക്കവാറും ഞാനിങ്ങോട്ട് വരിക. പക്ഷെ സര്‍ക്കാര്‍ ബസ്സല്ലേ എങ്ങനെ വിശ്വസിക്കാം എന്നൊരു ചൊല്ല് പൊതുജനങ്ങള്‍ക്കിടയിലുണ്ട്. ഇന്നലെ അത് വന്നില്ല. ചോദിച്ചപ്പോള്‍ ആരോ പറഞ്ഞത് മിനിഞ്ഞാന്നും അതിനപ്പുറത്തെ ദിവസവും വന്നില്ല എന്നാണ്. ഒരുത്തരവാദിത്തവും ആര്‍ക്കുമില്ലല്ലോ. യാത്രക്കാര്‍ പിന്നെയും അതിന്റെ സമയം നോട്ട് ചെയ്‌തെന്നു വരും അതിന്റെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അതു പോലുമറിയില്ല.
പറഞ്ഞു വരുന്നത് അധികൃതര്‍ക്ക്/ ഭരണാധികാരികള്‍ക്ക് ഒരു ഉത്തരവാദിത്ത ബോധം വേണ്ടതാണ്. ഇവിടെയിപ്പോള്‍ നഗരസഭാ കൗണ്‍സില്‍ അല്പം താല്പര്യത്തോടെ കാസര്‍കോട് ടൗണിന്റെ കാര്യത്തില്‍ ഇറങ്ങിത്തിരിക്കേണ്ടതാണ്. നഗരം ഉറങ്ങുന്നു. ഞങ്ങളും ഉറങ്ങുന്നു എന്നായാലെങ്ങനെ? നേരത്തെ മധൂരിലേക്ക് രാത്രി 9.20 നു ഒടുവിലത്തെ ട്രിപ്പ് ബസ്സ് ഓടിയിരുന്നു. ഇപ്പോള്‍ 8.15-നോ മറ്റോ ഒരു ബസ് പോയാല്‍ പിന്നെ ആ റൂട്ടില്‍ പോലും ബസ്സില്ലാതാകുന്നു. നഗരസഭ അധികൃതര്‍, കടയുടമകളോട് പറയണം ഒരു 9 മണി വരെയെങ്കിലും കടകള്‍ തുറന്നു വെച്ചു കച്ചവടം ചെയ്യണമെന്ന്.. ബസ്സുകള്‍ നിര്‍ബന്ധമായും ഒടുവിലത്തെ ട്രിപ്പ് 9.30 പുറപ്പെടുന്നതാകണമെന്ന്. മടി പിടിച്ചിരിക്കുന്നവരെ തട്ടിയുണര്‍ത്തേണ്ടത് പുരോഗതി കാംക്ഷിക്കുന്നവരുടെ കടമയാണ്. അത് പോലെ ഈ വിഷയം ഒരു ചര്‍ച്ചയാക്കാവുന്നത് കൂടിയാണ്.


-എ.എസ് മുഹമ്മദ്കുഞ്ഞി

Related Articles
Next Story
Share it