പയ്യന്നൂര്‍: പെരിയ കേന്ദ്രസര്‍വകലാശാലയിലെ ജീവനക്കാരനെ തീവണ്ടി യാത്രക്കിടെ അക്രമിച്ച് മൊബൈല്‍ ഫോണും എ.ടി.എം കാര്‍ഡും കവര്‍ന്നു. നിട്ടൂരിലെ എ.സി ജിംഷിത്തിനെയാണ് നാലംഗസംഘം ട്രെയിന്‍ യാത്രക്കിടെ മര്‍ദിച്ച് കവര്‍ച്ച നടത്തിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്സ്പ്രസ് ഏഴിമല റെയില്‍വെ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. സംസാരശേഷിയില്ലാത്ത ജിംഷിത്ത് ഭിന്നശേഷിക്കാര്‍ക്കുള്ള കമ്പാര്‍ട്ടുമെന്റിലായിരുന്നു യാത്ര ചെയ്തത്. ഏഴിമല റെയില്‍വെ സ്റ്റേഷനിലേക്ക് ട്രെയിന്‍ എത്തുന്നതിനിടെ നാലുപേര്‍ ജിംഷിത്തിനെ മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണും എ.ടി.എം കാര്‍ഡും കൈക്കലാക്കുകയുമായിരുന്നു. എ.ടി.എം കാര്‍ഡിന്റെ പിന് നമ്പരും സംഘം മനസിലാക്കി. അക്രമികളില്‍ കാലിന് സ്വാധീനക്കുറവുള്ള ഒരാളുമുണ്ടായിരുന്നുവത്രെ. തുടര്‍ന്ന് ഏഴിമല റെയില്‍വെ സ്റ്റേഷനിലാണ് സംഘം ഇറങ്ങിയത്. പിന്നീട് എ.ടി.എം കാര്‍ഡുപയോഗിച്ച് അക്കൗണ്ടിലുണ്ടായിരുന്ന 30,000 രൂപ പിന്‍വലിച്ചതായി കണ്ടെത്തി. ജിംഷിത്തിന്റെ പിതാവ് വേണുവിന്റെ പരാതിയില്‍ റെയില്‍വെ പൊലീസ് അന്വേഷണം തുടങ്ങി.