റിയാദ്: സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അബഹക്ക് സമീപം ചുരത്തില്‍ മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 21 ആയി. 26 പേര് പരിക്കുകളോടെ ആസ്പത്രികളിലാണ്. പരിക്കേറ്റവരില്‍ രണ്ട് ഇന്ത്യക്കാരും ഉണ്ടെന്ന വിവരം പുറത്തുവന്നു. മുഹമ്മദ് ബിലാല്‍, റാസാ ഖാന് എന്നീ ഇന്ത്യന്‍ പൗരന്മാരാണ് പരിക്കേറ്റവരുടെ കൂട്ടത്തിലുള്ളത്. രണ്ടു ആസ്പത്രികളിലായി കഴിയുന്ന ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. എന്നാല്‍ ഇവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് വ്യക്തമായിട്ടില്ല.
ജിദ്ദ റൂട്ടില്‍ അബഹക്കും മഹായിലിനും ഇടയില്‍ ഷഹാര്‍ അല്‍റാബത് എന്ന ചുരത്തിലാണ് ഇന്നലെ വൈകീട്ട് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് റോഡിന്റെ കൈവരി തകര്‍ത്ത് കുഴിയിലേക്ക് മറിഞ്ഞ് തീപിടിച്ച് കത്തിയമരുകയായിരുന്നു. അബഹയില്‍ ഏഷ്യക്കാര്‍ നടത്തുന്ന ‘ബറക്ക’ എന്ന ഉംറ ഏജന്‍സിക്ക് കീഴില്‍ തീര്‍ഥാടനത്തിന് പുറപ്പെട്ടവരാണ് ബസിലുണ്ടായിരുന്നത്.
യാത്രക്കാരായി ആകെയുണ്ടായിരുന്നത് 47 പേരായിരുന്നു. രണ്ട് ഇന്ത്യക്കാരും അഞ്ച് യമനികളും രണ്ട് സുഡാന് പൗരന്മാരും ഓരോ ഈജിപ്ഷ്യന്‍, പാകിസ്താന് പൗരന്മാരും ഒഴികെ ബാക്കിയെല്ലാവരും ബംഗ്ലാദേശുകാരാണ്. പരിക്കേറ്റവര്‍ മഹായില്‍ ജനറല്‍ ആസ്പത്രി, അബഹയിലെ അസീര്‍ ആസ്പത്രി, അബഹ പ്രൈവറ്റ് ആസ്പത്രി, സൗദി ജര്‍മന്‍ ആസ്പത്രി എന്നിവിടങ്ങളില്‍ ചികിത്സയിലാണ്.