ജില്ലയുടെ സ്വന്തം സഹകാരി പി.ആര് എന്നറിയപ്പെടുന്ന പി.രാഘവന്. സ്വന്തം പ്രയ്തനത്തിലൂടെ ഒട്ടേറെ സഹകരണ സ്ഥാപനങ്ങള്‍ക്ക് ജന്മം നല്കിയ അദ്ദേഹത്തിന്റെ മുഖ്യ പ്രവര്‍ത്തനമേഖല സഹകരണ രംഗം ആയിരുന്നു. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ രാഷ്ടീയ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം ജനപ്രതിനിധി എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. ജില്ലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക സ്ഥാനം വഹിക്കുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞു. എണ്ണമറ്റ സമരങ്ങള്‍ക്ക് നേതൃത്വം നല്കിയ പി.രാഘവന് തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി അവരെ സംഘടിപ്പിക്കാന്‍ മുന്‍ നിരയില്‍ നിന്നു. തൊഴിലാളികളെ സംഘടിപ്പിച്ച് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃക ആയതോടെ തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ അമരക്കാരനുമായി. ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ ഒട്ടേറെ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് അടിത്തറയിട്ടത് പി.രാഘവന്റെ പ്രവര്‍ത്തന മികവായിരുന്നു. ജില്ലാ ആസ്പത്രി സഹകരണ സംഘം, ജില്ലാ ആയുര്‍വേദ സഹകരണ സംഘം, കാസര്‍കോട് താലൂക്ക് ആസ്പത്രി സഹകരണ സംഘം എന്നിവ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവാണ്. കുമ്പള സഹകരണ ആസ്പത്രിയും ചെങ്കള ഇ.കെ.നായനാര്‍ സഹകരണ ആസ്പത്രിയും ആതുരസേവന രംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകളാണ്. വിദ്യാഭ്യാസ രംഗത്തും മാറ്റങ്ങളുണ്ടാക്കി. കാസര്‍കോട് കോ-ഓപറേറ്റീവ് എജ്യുക്കേഷണല്‍ സഹകരണ സംഘത്തിന്റെ നേതൃത്വം ഏറ്റെടുത്ത് സ്വാശ്രയ – സമാന്തര മേഖലകളിലടക്കം വിദ്യാഭ്യാസ രംഗത്ത് കുതിച്ചു കയറ്റം ഉണ്ടാക്കി. മലയോര മേഖലയില്‍ ഉന്നത വിദ്യാഭ്യാസം പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ദീര്‍ഘകാലം യു.ഡി .എഫിന്റെ കുത്തകയായിരുന്ന ഉദുമ നിയമസഭാ മണ്ഡലം തിരിച്ചുപിടിക്കാര് എല്‍.ഡി.എഫ് നേതൃത്വം കണ്ടെത്തിയത് പി.രാഘവനെയായിരുന്നു. 1991ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആ ദൗത്യം വിജയിപ്പിച്ച് നിയമസഭയിലെത്തി. അടുത്ത തിരഞ്ഞെടുപ്പിലും വിജയം ഉറപ്പിച്ച് തുടര്‍ന്നങ്ങോട്ട് ഉദുമ മണ്ഡലം എല്‍.ഡി.എഫിന്റെ കൈകളില്‍ ഭദ്രമാക്കി കൊടുത്തു. ജില്ല രൂപീകരിച്ചത് തൊട്ട് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന പി.രാഘവന് ജില്ലയില്‍ ഒട്ടേറെ സഹകരണ സ്ഥാപനങ്ങള്‍ രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങി. മുന്നാട് എ.യു.പി സ്കൂളിന്റെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥിയായിരുന്ന പി.ആര്. വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ രാഷ്ടീയ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായി. തുടര്‍ന്ന് ഇരിയണ്ണി ഹൈസ്കൂളിലും കാസര്‍കോട് ഗവ.കോളേജിലും പഠനം നടത്തി. ഉഡുപ്പി ലോകോളേജില്‍ നിന്ന് നിയമബിരുദം നേടി കാസര്‍കോട് ബാറില്‍ പ്രാക്ടീസ് തുടങ്ങിയെങ്കിലും സജീവ രാഷ്ട്രീയത്തിനായി അത് ഉപേക്ഷിച്ചു. തുടക്കത്തില്‍ കാസര്‍കോട് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. കെ.എസ്.വൈ.എഫ്.ഐ യുടെ കാസര്‍കോട് ബ്ലോക്ക് സെക്രട്ടറിയായിരിക്കെ ‘തൊഴില്‍ തരൂ അല്ലെങ്കില്‍ തൊഴിലില്ലായ്മ വേതനം തരൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ച് നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. ഈ കേസില്‍ തീഹാര്‍ ജയിലില്‍ ഒരു മാസത്തോളം തടവില്‍ കഴിഞ്ഞു. പ്രധാനപെട്ട നേതാക്കളുമായി അടുത്തിടപഴകി പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. എ.കെ.ജി, ഇ.എം.എസ്, ഇ.കെ.നായനാര്‍, പാച്ചേനി കുഞ്ഞിരാമന് തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ പയ്യങ്ങാനത്തെ സഹോദരന്റ വീട്ടില്‍ ചികില്‍സയില്‍ കഴിയുമ്പോഴും പാര്‍ട്ടി വളണ്ടിയര്‍ ക്ലാസെടുക്കാന്‍ നേതൃത്വം പി.രാഘവനെ പറഞ്ഞയച്ചു. ബേഡകത്ത് പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ പി.രാഘവനെ നേതൃത്വം ചുമതലയേല്‍പ്പിച്ചു. അന്ന് പി.എസ്.പിയായിരുന്നു മുഖ്യ എതിരാളി. എതിര്‍പ്പുകള്‍ ധാരാളം ഉണ്ടായിട്ടും പ്രവര്‍ത്തകരെ സംഘടിപ്പിച്ച് പാര്‍ട്ടി കമ്മിറ്റികള്‍ രൂപീകരിച്ചു.1969ല്‍ മുന്നാട് വയലില്‍ ഇ എം.എസിനെ പങ്കെടുപ്പിച്ച് നടത്തിയ പൊതുയോഗത്തിന്റെ മുഖ്യ സംഘാടകന്‍ പി.രാഘവനായിരുന്നു. പൊതുയോഗത്തിനെത്തിയ പ്രവര്‍ത്തകരെ കണ്ട് നേതൃത്വം പോലും അത്ഭുതപ്പെട്ടു.
1979 മുതല്‍ 8 വര്‍ഷം ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ടായി. 1984ല്‍ ജില്ല രൂപീകരിച്ചത് തൊട്ട് സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയേറ്റംഗമായി. കഴിഞ്ഞ സമ്മേളനം വരെ അത് തുടര്‍ന്നു. ജില്ലയിലെ തല മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവായ പി.രാഘവന് തൊഴിലാളികളെ സംഘടിപ്പിച്ച് മുന്നിട്ടിറങ്ങിയതോടെ ട്രേഡ് യൂണിയന് ചെറുതും വലുതുമായ ഒട്ടേറെ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്കിയ ഇദ്ദേഹം ആരോഗ്യമേഖലയിലും വിദ്യാഭ്യാസ രംഗത്തും അതുവഴി മാറ്റങ്ങള്‍ ഉണ്ടാക്കി. മുന്നാട് ഗ്രാമത്തില്‍ ചേ വിരി രാമന് നായരുടെയും പേറയില്‍ മാണിയമ്മയുടെയും ആറ് മക്കളില്‍ അഞ്ചാമനായി കര്‍ഷക കുടുംബത്തില്‍ ജനിച്ച് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ രാഷ്ട്രീയ രംഗത്ത് നേതൃപാടവം തെളിയിച്ച പി.രാഘവന് മികച്ച സംഘാടകനായിരുന്നു. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി വക്കീല്‍ പണി ഉപേക്ഷിച്ച് അദ്ദേഹം ഇറങ്ങി. സി.പി.എം ജില്ലാ ഘടകം രൂപീകരിച്ചത് മുതല്‍ ജില്ലാ സെക്രട്ടറിയേറ്റംഗം. സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം സംസ്ഥാന വൈസ് പ്രസിഡണ്ടായി. സംസ്ഥാന സഹകരണ ബാങ്ക് വൈസ് ചെയര്‍മാനായിരുന്നു.1991 മുതല്‍ തുടര്‍ച്ചയായി 10 വര്‍ഷം ഉദുമ മണ്ഡലം എം.എല്‍.എ.ആയി പ്രവര്‍ത്തിച്ച് മണ്ഡലത്തിന്റെ അടിസ്ഥാന വികസന സൗകര്യങ്ങള്‍ക്ക് അടിത്തറ പാകി. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ആശയ പ്രചാരണ രംഗത്ത് ശക്തമായ നിലപാട് ഉറപ്പിച്ച അദ്ദേഹം പാര്‍ട്ടി പത്രമായ കാസര്‍കോട് സമാചാര്‍ പ്രസിദ്ധീകരിക്കാന്‍ ചുമതലയേറ്റു.
സി.ഐ.ടി.യുവിന്റെ അമ്പതാം വാര്‍ഷിക വേളയില്‍ കാസര്‍കോടിന്റെ തൊഴിലാളി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ പടവുകളില്‍ ഓര്‍ത്തെടുക്കേണ്ട വ്യക്തികളില്‍ പ്രഥമ സ്ഥാനം ആര്‍ക്കെന്ന ചോദ്യത്തിന് യാതൊരു സംശയവുമില്ലാതെ പറയാവുന്ന പേരാണ് പി രാഘവന്റേത്.
ബേഡകക്കാരുടെ ഭാഷേല് പറഞ്ഞാ എം.എല്‍.എ രാഘവേട്ടന്.
സി.ഐ.ടി.യു രൂപം കൊള്ളുന്നതിനും രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കാസര്‍കോട് ട്രേഡ് യൂണിയന് രൂപീകൃതമാവുന്നത്.
ഒരു ബസുടമ തൊഴിലാളികളെ പീഡിപ്പിക്കുന്ന സാഹചര്യമുണ്ടാവുകയും ബസ് തൊഴിലാളികള്‍ക്ക് ന്യായമായ കൂലി നല്‍കാതിരിക്കുകയും ചെയ്തതോടെ തൊഴിലാളികള്‍ സംഘടിച്ചു. അതോടെ സമരം തുടങ്ങി. സമരം ശക്തമായതോടെ പഴയ ബസ്സറ്റാന്റ് പരിസരത്ത് വരദരാജ് പൈ എന്ന 22 വയസ്സായ മോട്ടോര്‍ തൊഴിലാളിയുടെ നേതൃത്വത്തില്‍ സമരം ശക്തമായി. സമരത്തിനിടെ വരദരാജ പൈയെ ബസ് കയറ്റി കൊല്ലുകയായിരുന്നു. കേരളത്തിലെ തന്നെ അപൂര്‍വ്വം ട്രേഡ് യൂണിയന് സമരമായി ഈ സമരം മാറി. ആ സമരത്തോടെയാണ് ട്രേഡ് യൂണിയന് രംഗത്തേക്ക് പി. രാഘവന് കടന്ന് വന്നത്. കെ.എസ്.എഫിന്റെ നേതാവായ പി. രാഘവന് അന്ന് സമര സഹായ സമിതിയുടെ ഭാരവാഹിയായിരുന്നു. വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് വിദ്യാര്‍ത്ഥികളെ കൂടി സമരത്തിന്റെ ഭാഗമാക്കി. കാസര്‍കോട് മോട്ടോര്‍ തൊഴിലാളി യൂണിയന് പ്രസിഡണ്ടായ പി.കെ മുഹമ്മദ് അഭിഭാഷകജോലിയിലേക്ക് പോയതോടെ പി. രാഘവന് സംഘടനയുടെ ഭാരവാഹിയായി വരികയായിരുന്നു.
പിന്നീട് കെ.ബി.ടി ബസ് കമ്പനിയില്‍ യൂണിയന് പ്രവര്‍ത്തനം സജീവമാകുകയും ചെയ്തു.
മോട്ടോര്‍ തൊഴിലാളി മേഖലയിലെ സജീവമായ ഇടപെടലുകളോടെ പിന്നീട് ജില്ല മോട്ടോര്‍ തൊഴിലാളി യൂണിയന്റെ പ്രസിഡണ്ടായും കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന പ്രസിഡണ്ടായും പ്രവര്‍ത്തിക്കാനും അവസരം ലഭിച്ചു. രക്തസാക്ഷിത്വം വരിച്ച വരദരാജപൈയുടെ പേരില്‍ ബസിറക്കിയതും സി.ഐ.ടി.യു ജില്ല കമ്മറ്റി ഓഫീസിന് വരദരാജ പൈയുടെ നാമധേയം നല്കിയതും പി.രാഘവനായിരുന്നു.
-സുരേഷ് പയ്യങ്ങാനം