കൈ കഴുകി തൊടേണ്ട പുസ്തകം

തികച്ചും യാദൃഛികമായാണ് പ്രൊഫ. കെ.കെ. അബ്ദുല്‍ ഗഫാറിന്റെ 'ഞാന്‍ സാക്ഷി' എന്ന ആത്മകഥ എന്റെ കൈയില്‍ വരുന്നത്. അദ്ദേഹത്തിന്റെ മരുമകനായ കെ.കെ. അബ്ദു കാവുഗോളിയുടെ കൈയിലാണത് കൊടുത്തയച്ചത്. ഞാനും പ്രൊഫസറും തമ്മില്‍ ഒരു പരിചയവുമില്ലായിരുന്നു. കോഴിക്കോട് എഞ്ചിനീയറിങ്ങ് കോളേജിലെ കാസര്‍കോട്ടുകാരനായ ഒരു പ്രൊഫസര്‍ ആണദ്ദേഹം എന്ന് പത്രങ്ങള്‍ വഴി അറിയാമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ ദുരന്ത കഥയിലെ നായകനായ വിദ്യാര്‍ത്ഥി രാജന്റെ അധ്യാപകനായിരുന്നു എന്നും.മാസങ്ങള്‍ക്ക് മുമ്പ് ഉദുമയിലെ ഒരു മുന്തിയ ഹോട്ടലില്‍ വെച്ച് ആ പുസ്തകത്തിന്റെ പ്രകാശനം നടത്തുമ്പോള്‍ എന്നെ […]

തികച്ചും യാദൃഛികമായാണ് പ്രൊഫ. കെ.കെ. അബ്ദുല്‍ ഗഫാറിന്റെ 'ഞാന്‍ സാക്ഷി' എന്ന ആത്മകഥ എന്റെ കൈയില്‍ വരുന്നത്. അദ്ദേഹത്തിന്റെ മരുമകനായ കെ.കെ. അബ്ദു കാവുഗോളിയുടെ കൈയിലാണത് കൊടുത്തയച്ചത്. ഞാനും പ്രൊഫസറും തമ്മില്‍ ഒരു പരിചയവുമില്ലായിരുന്നു. കോഴിക്കോട് എഞ്ചിനീയറിങ്ങ് കോളേജിലെ കാസര്‍കോട്ടുകാരനായ ഒരു പ്രൊഫസര്‍ ആണദ്ദേഹം എന്ന് പത്രങ്ങള്‍ വഴി അറിയാമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ ദുരന്ത കഥയിലെ നായകനായ വിദ്യാര്‍ത്ഥി രാജന്റെ അധ്യാപകനായിരുന്നു എന്നും.
മാസങ്ങള്‍ക്ക് മുമ്പ് ഉദുമയിലെ ഒരു മുന്തിയ ഹോട്ടലില്‍ വെച്ച് ആ പുസ്തകത്തിന്റെ പ്രകാശനം നടത്തുമ്പോള്‍ എന്നെ കൂടി ക്ഷണിച്ചു കൊണ്ടാണ് അദ്ദേഹം പുസ്തകം അയച്ചു തന്നത്. ദൗര്‍ഭാഗ്യവശാല്‍ വൈറല്‍ ഫീവര്‍ വന്ന് ഞാന്‍ കിടപ്പിലായ സമയമായതിനാല്‍ എനിക്ക് ആ ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റിയില്ല. എന്നാല്‍ പനിക്കിടക്കയില്‍ വെച്ച് തന്നെ 4 മണിക്കൂര്‍ കൊണ്ട് ആ മഹത്തായ ആത്മകഥ വായിച്ചു തീര്‍ത്തു. തീര്‍ത്തതല്ല തീര്‍ന്നു പോയതാണ്. അത്രയ്ക്ക് ഹൃദ്യവും ലളിതവും ഹൃദയസ്പര്‍ശിയുമായിരുന്നു ആ മഹത് ഗ്രന്ഥം. ഒരു വിഷാദഗാനം പോലെ അതെന്നില്‍ ഒഴുകി പരന്നു. എന്തുകൊണ്ട് ഞാന്‍ ആ പുസ്തകത്തെ മഹത്ഗ്രന്ഥം എന്ന് വിളിക്കുന്നു എന്ന് നിങ്ങള്‍ ചോദിക്കുമായിരിക്കും. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തു നിന്ന് പുറപ്പെട്ട് വിദ്യയുടെ വിലപ്പെട്ട സാക്ഷ്യപത്രങ്ങള്‍ നേടിയ, കാസര്‍കോടിന്റെ ആത്മചൈതന്യം വിതറിയ ഒരു എഞ്ചിനീയറിങ്ങ് കോളേജ് പ്രൊഫസറുടെ നൈതികത തുടിക്കുന്ന അധ്യാപക ജീവിതവും കേരളത്തിന്റെ ചരിത്രത്തില്‍ ഇടം നേടിയ ഭരണകൂട ഭീകരതയുടെയും പൊലീസ് കിരാത വാഴ്ചയുടേയും രക്തസാക്ഷിയായ തന്റെ വിദ്യാര്‍ത്ഥിയായ രാജന് വേണ്ടി നൈതികമായി പൊരുതിയ ആ അധ്യാപകന്റെ ആത്മകഥയെ മഹത്ഗ്രന്ഥം എന്നല്ലാതെ മറ്റെന്താണ് നാം വിളിക്കുക. അത്യന്തം മനുഷ്യാവകാശ വിരുദ്ധമായ ആ ചരിത്രമാണ് ഈ ആത്മകഥയെ നിറവുള്ളതാക്കിത്തീര്‍ക്കുന്നത്. തന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിക്ക് വേണ്ടി സാക്ഷിയുടെ ദൗത്യം ഏറ്റെടുത്ത, റിട്ടയര്‍ ചെയ്ത ശേഷം വിദേശത്ത് പോയ അദ്ദേഹം, ഇവിടെ വന്ന് സാക്ഷിക്കൂട്ടില്‍ കയറി രാജന്‍ എന്ന അരുമശിഷ്യന് വേണ്ടി തെളിവുകള്‍ നിരത്തി. അത്യന്തം കോരിത്തരിപ്പോടെ നാമീ കോടതി ഭാഗം വായിക്കുന്നു. നമ്മില്‍ അവശേഷിച്ച നൈതികതയും മാനുഷികതയും ഉണര്‍ന്നെഴുന്നേല്‍ക്കുന്നു. കാസര്‍കോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് പഠിക്കാന്‍ പോയത് ഈ മഹത്തായ ജീവിതകര്‍മ്മത്തിന് വേണ്ടിയാണോ എന്ന് പോലും ഈ ആത്മകഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കാസര്‍കോട്ടുകാര്‍ക്കഭിമാനിക്കാന്‍ ഉള്ള ഈ മഹാദൗത്യം പ്രൊഫസര്‍ ഗഫാറിന്റെ ജീവിതദൗത്യം തന്നെയായി നാമഭിമാനിക്കുന്നു. കേരളത്തിലെ ആത്മകഥാ സാഹിത്യമെടുത്താലും കാസര്‍കോട്ടുകാരുടെ സാഹിത്യരചനകളില്‍ പെടുത്തിയാലും ഈ ആത്മകഥ ദീപസ്തംഭം പോലെ ഉയര്‍ന്നു നില്‍ക്കുന്നു. എന്തുകൊണ്ടു കൈകഴുകി മാത്രമേ നാം ഈ പുസ്തകം സ്പര്‍ശിക്കാവൂ. പ്രസാധകരായ കറന്റ് ബുക്‌സ് ഈ പുസ്തകത്തെ പറ്റി വിശേഷിപ്പിച്ചത് നോക്കുക: ഉന്നത വിദ്യാഭ്യാസം വിദൂരസ്വപ്‌നമായിരുന്ന കാസര്‍കോടന്‍ ഗ്രാമത്തില്‍ നിന്നും ഉയര്‍ന്നുവന്ന ഒരു എഞ്ചിനീയറിങ്ങ് കോളേജ് അധ്യാപകന്‍ പാതകങ്ങള്‍ മഴയായി പെയ്ത അടിയന്തരാവസ്ഥക്കാലത്ത് കാല്‍വിറയ്ക്കാതെ നിന്ന് പ്രിയ ശിഷ്യനെ തേടി കക്കയം ക്യാമ്പിലും പിന്നീട് അവന് നീതി ലഭിക്കാനായി കോയമ്പത്തൂര്‍ കോടതിയിലും അവനു വേണ്ടി മുന്നിട്ടിറങ്ങിയ മുഴുവന്‍ ജനസമൂഹത്തിനു മുമ്പിലും സാക്ഷി പറയാന്‍ ധീരത കാട്ടിയ ജീവിതകഥയാണിത്.
150 പേജുള്ള ഈ പുസ്തകം 23 അധ്യായങ്ങളാണ്. രാജന്‍, പ്രിയപ്പെട്ട വിദ്യാര്‍ത്ഥി എന്നൊരധ്യായം തന്നെ ഇതിലുണ്ട്. പോലീസ് ഭീകരത അനുസ്മരിപ്പിക്കുന്ന, കായണ്ണ സംഭവവും രാജന്റെ അറസ്റ്റും, ഹോസ്റ്റലിലെ ഭീകരത, ഈച്ചരവാര്യരുടെ പോരാട്ടങ്ങള്‍ക്കൊപ്പം, കക്കയത്തെ ഉരുട്ടല്‍ മുറ എന്നീ അധ്യായങ്ങള്‍ ഹൃദയമിടിപ്പോടെ മാത്രമേ വായിക്കാനാവൂ.
തന്റെ വിദ്യാര്‍ത്ഥിയായ രാജന്‍ കൊല ചെയ്യപ്പെട്ടു എന്ന് ബോധ്യമായ ആ അധ്യാപകന്‍ റിജ്യണല്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്ന് റിട്ടയര്‍ ചെയ്ത ശേഷം സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം ഏഡനില്‍ സര്‍വ്വീസ് ചെയ്യാന്‍ പോയ ശേഷവും രാജന്‍ കേസില്‍ സാക്ഷിയാക്കിയ സമയത്തദ്ദേഹം നാട്ടിലെത്തി, പ്രിയപ്പെട്ട രാജനു വേണ്ടി സാക്ഷി പറഞ്ഞു. 'സര്‍ക്കാറിന് അനുകൂലമായി സാക്ഷി പറയിക്കാനുള്ള ഒരിക്കലും നടക്കാത്ത ശ്രമങ്ങളുമായി ചിലര്‍ എന്നെ വട്ടം ചുറ്റുന്നതാ' അദ്ദേഹം പുസ്തകത്തില്‍ എഴുതുന്നു. പില്‍ക്കാലത്ത് സച്ചിദാനന്ദന്‍ രാജനെ അനുസ്മരിച്ചെഴുതിയ കവിതയില്‍ പറഞ്ഞ പോലെയായി കാര്യങ്ങള്‍: 'നീ മരിച്ചതിന് ശേഷം അവര്‍ക്ക് തെളിവുകളില്ല. പക്ഷേ നീ ജീവിച്ചിരുന്നതിന് ഞങ്ങള്‍ക്ക് തെളിവുകളുണ്ട്'. നീതിക്കു വേണ്ടി നിലകൊള്ളുന്ന ഓരോ മനുഷ്യരുടെയും വിലാപം പോലെ ആ കവിത നമുക്കെല്ലാം ഹൃദിസ്ഥമായ കുറച്ചു വരികള്‍ പ്രൊഫ. ഗഫാര്‍ ഉദ്ധരിക്കുന്നുണ്ട്: 'ഞങ്ങള്‍ മറക്കുകയില്ല ജീവിച്ചിരുന്ന കാലത്തോളം സിംഹാസനത്തിലും കവചിത വാഹനങ്ങളിലും നിന്റെ കൊലയാളികള്‍ സ്വസ്ഥനായിരിക്കുകയില്ല. ഞങ്ങള്‍ പൊയ് പോയാലും കഴുമരങ്ങളിലും ആത്മഹത്യയിലും അവസാനിച്ച യൗവ്വനങ്ങള്‍ നിങ്ങള്‍ക്കു മാപ്പുതരില്ല'.
ഇടയ്ക്ക് അദ്ദേഹം ഈച്ചരവാര്യര്‍ എന്ന ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എടുത്തുദ്ധരിക്കുന്നുണ്ട്: 'എന്റെ നിഷ്‌ക്കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്?'. ഈ ആത്മകഥ വായിച്ചു കഴിയുമ്പോള്‍ ഈച്ചരവാര്യരുടെ ഈ വിലാപമാണ് നാം വീണ്ടും കേള്‍ക്കുക. വിഖ്യാത എഴുത്തുകാരന്‍ ഈലി വീസലിന്റെ നോബല്‍ സമ്മാനം നേടിയ നൈറ്റ് എന്ന ആത്മകഥയില്‍ നാസികളുടെ തടങ്കല്‍ പാളയത്തില്‍പെട്ടുപോയ ഒരാളുടെയും മകന്റെയും ദീനരോദനം നാം കേള്‍ക്കുന്നു.
അതിലും ഒരച്ഛനും മകനുമുണ്ട്. പ്രൊഫ. അബ്ദുല്‍ ഗഫാര്‍ എഴുതിയ ഈ ആത്മകഥയിലും അദൃശ്യനായ ഒരു മകനും പീഡിപ്പിക്കപ്പെട്ട ഒരച്ഛനും കിടന്ന് നീറുന്നത് നമുക്ക് വായിക്കാം. നൈതികതയും മനുഷ്യാവകാശ ബോധവും അതീവമാനവീയതയും കൈമുതലായ ഒരു കാസര്‍കോടന്‍ പ്രൊഫസറുടെ ജീവിതം എഴുതപ്പെട്ടത് പോലും ഭരണകൂടം വേദനയുടെ മഴയത്ത് നിര്‍ത്തിയ ഒരച്ഛനും മകനും വേണ്ടിയാണെന്ന് നമ്മോട് വിളിച്ചു പറയുകയാണ് ഈ മഹത്ഗ്രന്ഥം.
ആളും ആരവുമില്ലാതെ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകം ഞാനെന്റെ വിദ്യാര്‍ത്ഥികള്‍ക്കും സുഹൃത്തുക്കള്‍ക്കും വായിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു.

-എം.എ. റഹ്മാന്‍

Related Articles
Next Story
Share it