ന്യൂഡല്‍ഹി: പാര്‍ലമെന്റിനകത്ത് ‘അഴിമതി’, ‘രാജ്യദ്രോഹഹി’, ‘അപമാനം’ തുടങ്ങി അറുപതിലേറെ വാക്കുകള്‍ ഉപയോഗിക്കുന്നത് വിലക്കിയ നടപടിക്ക് പിന്നാലെ വീണ്ടും വിലക്ക്. പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധമോ ധര്‍ണ്ണയോ സത്യഗ്രഹമോ പാടില്ലെന്നാണ് പുതിയ ഉത്തരവ്.
സെക്രട്ടറി ജനറലിന്റേതാണ് ഒറ്റ വരിയിലുള്ള ഉത്തരവ്. മതപരമായ ചടങ്ങുകള്‍ക്കും പാര്‍ലമെന്റ് വളപ്പ് ഉപയോഗിക്കാന്‍ പാടില്ലെന്നും ഉത്തരവിലുണ്ട്. ഉത്തരവ് ലംഘിച്ചാല്‍ എന്താകും നടപടിയെന്ന് വ്യക്തമല്ല. പാര്‍ലമെന്റില്‍ പല വാക്കുകളും വിലക്കിയ നടപടി വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കെ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധം കൂടി വിലക്കിയ നടപടി പ്രതിഷേധത്തിന്റെ ആക്കം കൂട്ടുമെന്നാണ് കരുതുന്നത്.
ലോക്സഭയിലും രാജ്യസഭയിലും വിലക്കിയ 65ഓളം വാക്കുകള്‍ ഉപയോഗിച്ചാല്‍ അണ്‍പാര്‍ലമെന്ററി പട്ടികയില്‍ ഉള്‍പ്പെടുത്തി രേഖകളില്‍ നിന്ന് നീക്കം ചെയ്യും. വാക്കുകള്‍ വിലക്കിയ ഉത്തരവ് തള്ളിയ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധമോ ധര്‍ണ്ണയോ സത്യഗ്രഹമോ പാടില്ലെന്ന പുതിയ ഉത്തരവും വരുന്നത്.
ലോക്സഭ സെക്രട്ടറിയേറ്റിന്റെ തീരുമാനത്തില്‍ പ്രതിപക്ഷം കടുത്ത എതിര്‍പ്പറിയിച്ചു.
സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉപയോഗിക്കുന്ന വാക്കുകളാണ് വിലക്കിയതെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ഇത് പുതിയ ഇന്ത്യയുടെ ഡിക്ഷണറിയെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു.
വിലക്കിയ വാക്കുകള്‍ ഉപയോഗിക്കുക തന്നെ ചെയ്യുമെന്നും പുറത്താക്കുന്നെങ്കില് പുറത്താക്കട്ടെയെന്നും മുസ്ലിംലീഗിലെ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയടക്കം വെല്ലുവിളിച്ചു. കൂടിയാലോചന നടത്താതെ ബുക്ക്ലെറ്റ് തയ്യാറാക്കിയ നടപടിക്കെതിരെ ലോക്സഭാ സ്പീക്കര്‍ക്കും രാജ്യസഭാ അധ്യക്ഷനും പരാതി നല്‍കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.