കാഞ്ഞങ്ങാട്: ജില്ലയില്‍ ലഹരിക്കടത്ത് വ്യാപകമാകുന്നു. ജില്ലാ പൊലീസ് ചീഫിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നുള്ള സ്പെഷ്യല്‍ ഡ്രൈവില്‍ വിവിധ പൊലീസ് സ്റ്റേഷന് പരിധികളില്‍ വിദേശമദ്യവും മയക്കുമരുന്നും പിടികൂടി.പൊലീസ് ചീഫ് വൈഭവ് സക്സേനയുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് റെയ്ഡ് നടത്തിയത്. കഞ്ചാവ് നിറച്ച സിഗരറ്റ് വലിക്കുന്നതിനിടയില്‍ പടന്നക്കാട് കരുവളത്തെ പി.കെ. റോഷന് (27), തീര്‍ഥങ്കരയിലെ സ്നേഹിതന് (30), പടന്നക്കാട്ടെ മുഹമ്മദ് അന്‍സാഫ് (26) എന്നിവരും അറസ്റ്റിലായി. പുതിയകോട്ട ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിനു സമീപത്ത് വെച്ചാണ് അറസ്റ്റു ചെയ്തത്. കോട്ടച്ചേരി നയാ ബസാറില്‍ കഞ്ചാവ് നിറച്ച സിഗരറ്റ് വലിച്ചതിന് പള്ളിക്കരയിലെ സമീറിനെ (35)യാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര ചെര്‍ക്കാപാറയില്‍ എട്ടു ലിറ്റര്‍ വിദേശമദ്യവുമായി ചെര്‍ക്കാപാറയിലെ രഞ്ജിത്തിനെ (32) ബേക്കല്‍ പൊലീസും നീലേശ്വരം തൈക്കടപ്പുറത്തെ കെ.വി രാജീവനെ (42) നാലു ലിറ്റര്‍ വിദേശമദ്യവുമായി നീലേശ്വരം പൊലീസും അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. അതിനിടെ കോളേജ് വിദ്യാര്‍ത്ഥികളടങ്ങിയ മൂന്നംഗ സംഘത്തില്‍ നിന്ന് മാരക ലഹരി പദാര്‍ത്ഥങ്ങള്‍ പിടികൂടിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മലയോരത്ത് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ലഹരി പദാര്‍ത്ഥങ്ങള്‍ വന്‍തോതില്‍ വില്പനക്കെത്തുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമാക്കിയത്. വാഹന പരിശോധനക്കിടയില്‍ കഴിഞ്ഞ ദിവസം കുണ്ടംകുഴി-മൂന്നാംകടവ് റോഡില്‍ ചെറുവനത്ത് വെച്ച് ബൈക്ക് യാത്രികരായ മൂന്ന് യുവാക്കളെ ലഹരി വസ്തുക്കളുമായി പിടികൂടിയിരുന്നു.ബേഡഡുക്ക വലിയ പാറയിലെ കണ്ണന് (21), മരുതടുക്കത്തെ സിദ്ധാര്‍ത്ഥ് (21), വേളാഴിയിലെ അഖിലേഷ് (20) എന്നിവരാണ് ബേഡകം പൊലീസിന്റെ പിടിയിലായത്. ഇതില്‍ കണ്ണനും സിദ്ധാര്‍ത്ഥും അവസാനവര്‍ഷ ബി.കോം. ബിരുദ വിദ്യാര്‍ത്ഥികളാണ്. 320 മില്ലിഗ്രാം എം.ഡി.എം.എ ലഹരി പദാര്‍ത്ഥമാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. മൂന്ന് യുവാക്കള്‍ ഇരുചക്രവാഹനത്തില്‍ ഹെല്‍മറ്റില്ലാതെ സഞ്ചരിക്കുന്നത് ശ്രദ്ധയില്‍ പെട്ട ബേഡകം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ദാമോദരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇവരെ ലഹരി വസ്തുക്കളുമായി പിടികൂടിയത്. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.ലഹരി വസ്തുക്കള്‍ ഇവര്‍ക്ക് കിട്ടിയതിന്റെ ഉറവിടം പൊലീസ് അന്വേഷിച്ച് വരികയാണ്.