കാസര്‍കോട്: മുസ്ലിം യുവാവിനെ കൊറഗവേഷം ധരിപ്പിച്ചും ആഭാസകരമായ തരത്തിലും വധുവിന്റെ വീട്ടിലേക്ക് ആനയിച്ച സംഭവത്തില്‍ വിവാദം കൊടുമ്പിരി കൊള്ളുന്നതിനിടെ പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തു. കുമ്പള പൊലീസ് സ്റ്റേഷന് പരിധിയില്‍ കഴിഞ്ഞ ബുധനാഴ്ച നടന്ന വിവാഹത്തിന് ശേഷം രാത്രി വധുവിന്റെ കര്‍ണാടകയിലെ വീട്ടിലേക്ക് മണവാളനെ ആനയിച്ചുകൊണ്ടുപോകുമ്പോഴാണ് തീര്‍ത്തും ആഭാകരമായ തരത്തിലുള്ള പെരുമാറ്റങ്ങളുണ്ടായത്. വരന് ധരിച്ചിരുന്ന വിവാഹ വസ്ത്രമാറ്റം കൊറഗവേഷം കെട്ടിക്കുകയും വരന് ചുറ്റുംകൂടി നൃത്തം വെക്കുകയും പാട്ടുപാടുകയും ചെയ്യുകയായിരുന്നു. ഈ രംഗങ്ങള്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ വൈറലായതോടെ ആഭാസകരമായ ഈ പ്രവൃത്തിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു.
കര്‍ണാടകയിലെ വിട്ള പൊലീസ് സ്റ്റേഷന് പരിധിയിലാണ് വധുവിന്റെ വീട്. ഇവിടെ എത്തിച്ച ശേഷം കരിമരുന്ന് പ്രയോഗം നടത്തുകയും വരന്റെ ദേഹത്ത് കളര്‍ വാരി വിതറുകയും ചെയ്തു. സംഭവത്തില്‍ വിട്ള പൊലീസ് വരനും സുഹൃത്തുക്കള്‍ക്കുമെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം കൊറഗവേഷം കെട്ടി വധുവിന്റെ വീട്ടിലേക്ക് വരന് വന്നതിനെതിരെ വിട്ളയിലെ കൊറഗവിഭാഗക്കാര്ക്കിടയില് പ്രതിഷേധം. തങ്ങളുടെ സമുദായത്തില്പെടാത്തവര് ഇങ്ങനെയൊരു വേഷം കെട്ടിയതാണ് അവരുടെ എതിര്‍പ്പിന് കാരണം. വരനെ കൊറഗ വേഷംകെട്ടിച്ച് തങ്ങളുടെ സമുദായത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് കൊറഗ സംഘടനകള്‍ രംഗത്തുവന്നു. വധുവിന്റെ വീട്ടിലേക്ക് ചില സംഘടനകള്‍ പ്രതിഷേധപ്രകടനം നടത്തി. ദളിത് സംഘടനകള്‍ ഇന്നുച്ചയോടെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയെ കണ്ട് പരാതി നല്‍കുമെന്നും അറിയുന്നു.