കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ മുന്‍ ഉദുമ എം.എല്‍.എ കെ.വി കുഞ്ഞിരാമന് പുറമെ സി.പി.എം ലോക്കല്‍ സെക്രട്ടറിയടക്കം നാലുപേരെ കൂടി സി.ബി.ഐ പ്രതി ചേര്‍ത്തു. സി.പി.എം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന് വെളുത്തോളി, ഗോപന് വെളുത്തോളി, സന്ദീപ് വെളുത്തോളി, ഭാസ്കരന് എന്നിവരെയാണ് പുതുതായി പ്രതിപട്ടികയില്‍ ഉള്‍പ്പടുത്തിയത്. ബുധനാഴ്ച വൈകിട്ട് സി.ബി.ഐ അറസ്റ്റ് ചെയ്ത അഞ്ചുപേരും പ്രതിപട്ടികയിലുണ്ട്. ഇതോടെ സി.ബി.ഐ പ്രതി ചേര്‍ത്തവരുടെ എണ്ണം 10 ആയി. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത 14 പേരടക്കം 24 പ്രതികളാണ് ഇപ്പോള്‍ പെരിയ ഇരട്ടക്കൊലക്കേസിലുള്ളത്.
സി.ബി.ഐ ബുധനാഴ്ച അറസ്റ്റ് ചെയ്ത സി.പി.എം ബ്രാഞ്ച് സെക്രട്ടറിയടക്കം അഞ്ചുപേരെ പ്രതികളെ വ്യാഴാഴ്ച ഉച്ചയോടെ എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാക്കി. സി.പി.എം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി രാജേഷ്(38), കല്ല്യോട്ടെ സുരേന്ദ്രന് എന്ന വിഷ്ണുസുര(47), കല്ല്യോട്ടെ ശാസ്ത മധു(40), ഏച്ചിലടുക്കത്തെ റെജിവര്‍ഗീസ്(44), ഏച്ചിലടുക്കത്തെ ഹരിപ്രസാദ്(31) എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കിയത്. ഇവരെ കോടതി റിമാണ്ട് ചെയ്തു. ബുധനാഴ്ച വൈകിട്ടാണ് ഇവരെ സി.ബി.ഐ ഡി.വൈ.എസ്.പി ടി .പി അനന്തകൃഷ്ണന് അറസ്റ്റ് ചെയ്തത്. അഞ്ചുപേരെയും സി.ബി.ഐ കാസര്‍കോട് റസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിനായി എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്നു.അഞ്ചുപേരും കൊലപാതകം നടത്താനുള്ള ഗൂഡാലോചനയില്‍ പങ്കെടുത്തെന്നും കൊല നടത്തിയവര്‍ക്ക് സഹായം ചെയ്തുകൊടുത്തുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞതായി ഡി.വൈ.എസ്.പി വ്യക്തമാക്കി.