കൊച്ചി: നാര്‍കോട്ടിക് ജിഹാദ് അന്വേഷിക്കണമെന്നും പാലാ ബിഷപ്പിന് സംരക്ഷണം നല്‍കണമെന്നുമാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ബിജെപി നേതാവ് കത്തയച്ചു. ആരോപണം ഉയര്‍ത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കളത്തിങ്ങലിന് അടിയന്തരമായി സുരക്ഷ ഏര്‍പ്പാടാക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. ബിജെപി നേതാവും ന്യൂനപക്ഷമോര്‍ച്ചാ ജനറല്‍ സെക്രട്ടറിയുമായ ജോര്‍ജ്ജ് കുര്യന് ആണ് കത്തയച്ചത്.
ബിഷപ്പ് ഉന്നയിച്ച വിഷയങ്ങളില്‍ കേന്ദ്ര ഇടപെടല്‍ വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. നാര്‍ക്കോട്ടിക് ജിഹാദ്, ലൗ ജിഹാദ് അടക്കം പാലാ ബിഷപ്പ് ഉന്നയിച്ച വിഷയങ്ങളിലെല്ലാം അന്വേഷണം വേണമെന്ന് കത്തില്‍ പറയുന്നു. ക്രിസ്ത്യന്‍ സമൂഹത്തിന് സംരക്ഷണം നല്‍കണമെന്നും ഭരണപക്ഷവും പ്രതിപക്ഷവും ബിഷപ്പിന് എതിരാണെന്നും ഈ സാഹചര്യത്തിലാണ് സഹായം തേടി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചതെന്നും ജോര്‍ജ് കുര്യന് മാധ്യമങ്ങളോട് പ്രതികരിച്ചു.