സുവ: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലിയില്‍ തുടരാന്‍ കോവിഡ് വാക്സിന് നിര്‍ബന്ധമാക്കി ഫിജി സര്‍ക്കാര്‍. ഓഗസ്റ്റ് 15ന് മുമ്പ് ഒരു ഡോസ് വാക്സിന് എങ്കിലും സ്വീകരിച്ചവര്‍ക്ക് മാത്രമെ ജോലിയില്‍ തുടരാനാകൂ. ഈ സമയത്തിന് മുമ്പായി ആദ്യ ഡോസ് സ്വീകരിക്കാത്തവര്‍ അവധിയെടുത്ത് പോകണം. നവംബര്‍ ഒന്നിനകം രണ്ടാം ഡോസും സ്വീകരിക്കാത്തവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നും പ്രധാനമന്ത്രി ഫ്രാങ്ക് ബെയ്നിമറാമ പറഞ്ഞു
കോവിഡ് ഡെല്‍റ്റ വകഭോദം രാജ്യത്ത് പടരുന്ന സാഹചര്യത്തിലാണ് വാക്സിനേഷന് ഊര്‍ജിതമാക്കുന്നത്. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ ഓഗസ്റ്റ് ഒന്നിനകം ആദ്യത്തെ ഡോസ് നിര്‍ബന്ധമായും എടുക്കണമെന്നും ഇത് പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കമ്പനികള്‍ക്ക് കനത്ത പിഴ ഈടാക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
വൈറസ് സുരക്ഷാ നടപടികളായ സാമൂഹിക അകലം പാലിക്കല്‍, മാസ്ക് ധരിക്കുക തുടങ്ങിയ വ്യാപകമായ നടപടികള്‍ സ്വീകരിച്ചിട്ടും വേണ്ടത്ര ഫലം ലഭിക്കാത്തതിനാലാണ് കടുത്ത നയങ്ങള്‍ നടപ്പാക്കുന്നത്. ഏപ്രില്‍ വരെ ഫിജിയില്‍ ഒരു വര്‍ഷത്തേക്ക് സാമൂഹിക വ്യാപന കേസുകളൊന്നും രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ക്വാറന്റൈന് വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതോടെ ഡെല്‍റ്റ വകഭേദം രാജ്യത്ത് അധിവേഗം പടരുകയായിരുന്നു. രാജ്യത്തിപ്പോള്‍ ഒരു ദിവസം 700-ലധികം പുതിയ കേസുകളാണ് രേഖപ്പെടുത്തുന്നത്. ഫിജിയിലെ എല്ലായിടത്തും കര്‍ശനമായി ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്നും ഇത് കൊണ്ട് കാര്യക്ഷമമായി വൈറസിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നുമാണ് വിദഗ്ധര്‍ പറയുന്നതെന്നും പ്രധാന മന്ത്രി കൂട്ടിച്ചേര്‍ത്തു.