തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ അപ്രായോഗികമെന്ന് ബസുടമകള്‍. ഒറ്റ, ഇരട്ട നമ്പര്‍ ക്രമത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
കോവിഡ് നിയന്ത്രണത്തിന് പകരം വ്യാപനത്തിനുള്ള സാഹചര്യമാണ് ഇത് മൂലം ഉണ്ടാകാന്‍ പോകുന്നതെന്നു കൂടാതെ ബസുടമകള്‍ക്ക് സാമ്പത്തിക നഷ്ടവും വരുമെന്നും ഇവര്‍ പറയുന്നു. ഒന്നിടവിട്ട ദിവസങ്ങളില്‍ ഒറ്റ, ഇരട്ട എന്നിങ്ങനെ രജിസ്ട്രേഷന് നമ്പര്‍ വേര്‍തിരിച്ച് ബസുകള്‍ക്ക് അനുമതി നല്‍കുന്നത് ഒരു ദിവസം റോഡിലിറങ്ങുന്ന ബസുകളുടെ എണ്ണം പകുതിയായി കുറയ്ക്കും. ഇത് യാത്രക്കാരുടെ എണ്ണം കൂടുന്നതിനും ബസ് സ്റ്റോപ്പുകളില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് ഇടയാക്കുകയും ചെയ്യും. മാത്രമല്ല ചില റൂട്ടുകളിലേക്ക് ബസുകള്‍ തന്നെ ഇല്ലാത്ത അവസ്ഥയുമുണ്ടാകുമെന്നും ബസ് ഉടമകള്‍ പറയുന്നു. ഒരു ദിവസം ബസ് ഓടുകയും പിറ്റേ ദിവസം നിര്‍ത്തിയിടുകയും ചെയ്യുന്നത് നഷ്ടം വരുത്തിവെക്കും.
സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ യാത്രാനിരക്ക് കൂട്ടണമെന്നും സ്വകാര്യബസുടമകള്‍ ആവശ്യപ്പെടുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെയും ഗതാഗതമന്ത്രി ആന്റണി രാജുവിനെയും കാണും. അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ബസുടമകള്‍ മുന്നറിയിപ്പ് നല്കുന്നു.