കാസര്‍കോട്: ആയിരം തിരഞ്ഞെടുപ്പുകളില്‍ തോറ്റാലും ശബരിമല വിഷയത്തിലെ നിലപാട് മാറ്റില്ലെന്നു പറഞ്ഞ പിണായി വിജയന് നടത്തിയ മലക്കംമറിച്ചില്‍ അദ്ദേഹം ദുര്‍ബ്ബലനായ ഒരു രാഷ്ട്രീയ നേതാവാണെന്ന് തെളിയിക്കുന്നതായും എന്‍.എസ്.എസ് നിലപാട് ബി.ജെ.പിക്ക് അനുകൂലമാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു. കാസര്‍കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന്റെ കൂടെയുള്ളത് അസുരഗണമാണ്. മനീതിസംഘത്തെ ഉള്‍പ്പെടെ ശബരിമലയിലെത്തിച്ച് ആചാരലംഘനം നടത്താന്‍ കൂട്ടുനിന്നത് ഈ അസുരഗണമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളാണിതിനൊരുക്കിയത്. ശബരിമലയില്‍ ആചാരലംഘനം നടന്നതിന് ശേഷം ഹര്‍ത്താല്‍ ആഹ്വാനം ചെയ്യാന്‍ പിണറായി വിജയന് അയ്യപ്പഭക്തരെ വെല്ലുവിളിക്കുക പോലും ചെയ്തു. പിണറായി സര്‍ക്കാര്‍ നടത്തിയ ഈ നീചകൃത്യം ജനങ്ങള്‍ മറന്നിട്ടില്ല.
സാമൂഹികനീതിയും വിശ്വസസംരക്ഷണവും ഉറപ്പുവരുത്തിയവരെ പരിഗണിക്കണമെന്നുള്ള എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രസ്താവന സമ്മതിദായകര്‍ക്കുള്ള കൃത്യമായ സന്ദേശമാണ്. ശബരിമല സംരക്ഷിക്കാന്‍ പോരാട്ടം നടത്തിയത് ബി.ജെ.പിയും ശബരിമല കര്‍മ്മസമിതിയുമാണ്. അതുകൊണ്ടാണ് സി.പി.എമ്മിന്റെ മുന്‍ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ജി. സുകുമാരന്‍ നായര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്-കെ. സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.