കാഞ്ഞങ്ങാട്: ഏഴു പേരുടെ മരണത്തിനിടയാക്കിയ പാണത്തൂര്‍ പരിയാരം അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസോടിച്ചത് മരിച്ച ഡ്രൈവറല്ലെന്ന് പൊലീസിന് വിവരം ലഭിച്ചു. അപകടത്തില്‍ മരിച്ച കര്‍ണാടക ബണ്ട്വാളിലെ ശശിധര പൂജാരിയാണ് ബസോടിച്ചതെന്നായിരുന്നു അപകട ദിവസം ചിലര്‍ മൊഴി നല്‍കിയത്. ഈ മൊഴിയെത്തുടര്‍ന്ന് അപകടത്തില്‍ മരിച്ച ശശിധര പൂജാരിക്കെതിരെ രാജപുരം പൊലീസ് നരഹത്യയ്ക്ക് കേസെടുത്തിരുന്നു. അതിനിടെ രാജപുരം പൊലീസ് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തില്‍ ദുരന്തത്തെക്കുറിച്ച് നടക്കുന്ന പ്രത്യേക അന്വേഷണത്തിലാണ് അപകടത്തില്‍പ്പെട്ട ബസോടിച്ചത് ശശിധര പൂജാരിക്ക് പകരം മറ്റൊരാളാണെന്ന വിവരം പുറത്ത് വന്നത്. ഗുരുതരമായി പരുക്കേറ്റ് പുത്തൂരിലെ ആസ്പ്രതിയില്‍ ഇപ്പോഴും ചികിത്സയില്‍ കഴിയുന്നയാളാണ് അപകട സമയത്ത് ബസോടിച്ചതെന്നാണ് വിവരം. ബസ് കമ്പനി നിയോഗിച്ച യഥാര്‍ത്ഥ ഡ്രൈവര്‍ മരിച്ച ശശിധര പൂജാരിയാണെന്നിരിക്കെയാണ് അപകട സമയത്ത് മറ്റൊരാളാണ് ബസോടിച്ചതെന്ന വിവരം പുറത്തുവന്നത്.