കാസര്‍കോട്: തെക്കിലിലെ ടാറ്റാ കോവിഡ് ആസ്പത്രിയില്‍ നിന്നുള്ള മാലിന്യം സമീപത്തെ നിരവധി കുടുംബങ്ങള്‍ക്ക് ഭീഷണിയാകുന്നു. കോവിഡ് ആസ്പത്രിയിലെ ജൈവശൗചാലയത്തില് നിന്നുള്ള മലിനജലസംഭരണി നിറഞ്ഞൊഴുകുന്നതാണ് ആസ്പത്രിക്ക് വടക്കുഭാഗത്തെ ചെരിവില്‍ താമസിക്കുന്ന കുടുംബങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴക്ക് പിറകെയാണ് മലിനജലവും ഒഴുകിതുടങ്ങിയത്. ടാറ്റാകമ്പനി ആസ്പത്രിയോടനുബന്ധിച്ച് 80,000 ലിറ്റര്‍ മലിനജലം സംഭരിക്കാവുന്ന ജൈവ ശൗചാലയ സംഭരണികള്‍ സ്ഥാപിച്ചിരുന്നു. ആസ്പത്രിയുടെ പടിഞ്ഞാറുഭാഗത്തെ കവാടത്തിലേക്ക് പുതുതായി നിര്‍മിച്ച റോഡരികിലുള്ള 10,000 ലിറ്റര്‍ കൊള്ളുന്ന എട്ട് ബയോടെക് സംഭരണിയുണ്ട്. ഈ സംഭരണികളിലെ വെള്ളം യഥാസമയം മാറ്റാനും വീണ്ടും ഉപയോഗിക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകാതിരുന്നതാണ് സംഭരണി നിറഞ്ഞൊഴുകാന്‍ ഇടവരുത്തിയത്. മലിനജലം ഒഴുകി പരിസരത്ത് കെട്ടിക്കിടക്കുകയാണ്. അസഹ്യമായ ദുര്‍ഗന്ധമുയരുന്ന വെള്ളത്തില്‍ കൊതുകുകളും പെരുകി. ടാറ്റയുടെ നിര്‍ദേശമനുസരിച്ച് ഇന്ത്യന്‍ സെന്‍ട്രിഫ്യൂജ് എഞ്ചിനീയറിംഗ് സൊല്യൂഷന് ലിമിറ്റഡാണ് ശാസ്ത്രീയസംവിധാനത്തില് ജൈവശൗചാലയ സൗകര്യങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയത്. ആസ്പത്രി സെപ്തംബര്‍ ഒമ്പതിനാണ് ടാറ്റ സര്‍ക്കാരിന് കൈമാറിയത്. ഈ സാഹചര്യത്തില്‍ ജില്ലാ അധികൃതരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയുണ്ടാകാതിരുന്നതോടെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ചട്ടഞ്ചാല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തിയിരുന്നു. അതേസമയം കക്കൂസ് മാലിന്യം ഒരുവിധത്തിലും പുറത്തേക്കെത്തില്ലെന്നും ഉപയോഗിച്ച വെള്ളം മാത്രമാണ് കുഴലുവഴി സംഭരണിയിലെത്തുന്നതെന്നും ആസ്പത്രി നിര്‍മാണത്തിന് മേല്ന നോട്ടം വഹിച്ച ടാറ്റ പ്രൊജക്ട്സ് ലിമിറ്റഡ് കൊച്ചി മേഖലാ അഡ്മിനിസ്ട്രേഷന് മേധാവി പി.എല്‍ ആന്റണി വ്യക്തമാക്കി. രണ്ട് കണ്ടെയ്നറുകള്‍ക്ക് നടുവില്‍ കക്കൂസ് മാലിന്യം രാസവസ്തുകള്‍ ഉപയോഗിച്ച് സംസ്കരിക്കാന്‍ സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.