പാലക്കുന്ന്: പള്ളത്തില്‍ കലുങ്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തിയുടെ ഭാഗമായി വീണ്ടും പൈപ്പ് മുറിച്ചുമാറ്റി സ്റ്റോപ്പര്‍ ഇട്ടു. ഇതോടെ സംസ്ഥാനപാതയുടെ കിഴക്ക് ഭാഗത്ത് പള്ളം, പാലക്കുന്ന്, കോട്ടിക്കുളം പ്രദേശങ്ങളില്‍ ജല അതോറിറ്റിയുടെ (ബി.ആര്.ഡി.സി) കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ചയായി. ഇത് രണ്ടാം തവണയാണ് ഇവിടെ കുടിവെള്ള വിതരണം താറുമാറാകുന്നത്. ഒരു മാസം മുമ്പ് കിഴക്ക് ഭാഗത്ത് നിര്‍മാണത്തിന്റെ ഭാഗമായി കുഴിയെടുക്കുമ്പോള്‍ കുടിവെള്ള പൈപ്പ് മുറിച്ചു സ്റ്റോപ്പര്‍ ഇട്ടിരുന്നു. ജലഅതോറിറ്റിയുടെ വെള്ളം മാത്രം അവലംഭിച്ചിരുന്നവരാണ് ഏറെ കഷ്ടത്തിലായത്.
നാട്ടുകാര്‍ വ്യാപകമായി പ്രതിഷേധിച്ചപ്പോള്‍ പൈപ്പിട്ട് കുടിവെള്ള വിതരണം പുനരാരംഭിക്കുകയായിരുന്നു. ഇപ്പോള്‍ കിഴക്ക് ഭാഗത്ത് ‘കോണ്‍ക്രീറ്റ് ബെഡ്’ പണിക്കായി പൈപ്പ് മുറിച്ച് സ്റ്റോപ്പര്‍ ഇട്ടതോടെയാണ് വീണ്ടും കുടിവെള്ള വിതരണം മുടങ്ങിയത്.
എപ്പോള്‍ പുന:സ്ഥാപിക്കുമെന്ന് ഉറപ്പ് നല്കാനാവാതെ ബന്ധപ്പെട്ടവര്‍ കൈമലര്‍ത്തുകയാണ്.
അതിനിടെ, പള്ളം തെക്കേക്കര ഭാഗങ്ങളില്‍ വിവിധ ഇടങ്ങളില്‍ ജലഅതോറിറ്റിയുടെ കുടിവെള്ള പൈപ്പുകള്‍ പൊട്ടി ശുദ്ധജലം പാഴാകുന്നതായും പരാതിയുണ്ട്.