നീലേശ്വരം: വെടിക്കെട്ടപകടത്തില്‍ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആസ്പത്രികളില്‍ ചികിത്സ തേടിയവരുടെ ആശങ്ക നീങ്ങുന്നു. ആസ്പത്രികളില്‍ പ്രവേശിക്കപ്പെട്ടവരുടെ ചികിത്സാ ചെലവ് ഏറ്റെടുത്തതായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതിന് മുമ്പും ശേഷവും ആസ്പത്രിയില്‍ പണം അടച്ചവര്‍ക്ക് ബില്ലും അപേക്ഷയും കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ ജില്ലാ ആസ്പത്രിയില്‍ ഡി.എം.ഒ ഓഫീസില്‍ സമര്‍പ്പിക്കാമെന്ന് എ.ഡി.എം പി. അഖില്‍ അറിയിച്ചു. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രികളില്‍ പണം അടച്ച കുടുംബങ്ങള്‍ക്ക് തുക തിരികെ ലഭിക്കാനുള്ള തുടര്‍ നടപടികളെ കുറിച്ചുള്ള അവ്യക്തത ഉത്തരദേശം പരമ്പര റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഓഫീസില്‍ നിന്ന് പരിശോധിച്ച ശേഷം ബില്ലുകള്‍ കലക്ടറേറ്റിലെത്തിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക അനുവദിക്കുക. കലക്ടറേറ്റ് റവന്യൂ വിഭാഗത്തിന്റെ പരിശോധനക്ക് ശേഷം തിരുവനന്തപുരത്തേക്ക് കൈമാറുമെന്നും എ.ഡി.എം ഉത്തരദേശത്തോട് പറഞ്ഞു. വെടിക്കെട്ട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് ലക്ഷം രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് കൈമാറും. രണ്ട് കുടുംബങ്ങള്‍ക്ക് തുക കൈമാറുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. ബാക്കിയുള്ളവരുടെ കുടുംബങ്ങള്‍ക്ക് തുക കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.