കാസര്‍കോട്: ഒരു അപ്രതീക്ഷിത ദുരന്തമുണ്ടായാല്‍ ദുരന്തത്തിനിരയായവര്‍ക്ക് വിദഗ്ധ ചികിത്സ നല്കാന് മാത്രം ജില്ലയുടെ ചികിത്സാ സംവിധാനങ്ങള്‍ മെച്ചപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് വെടിക്കെട്ടപകടത്തിന് പിന്നാലെ കണ്ട കാര്യങ്ങള്‍.
അഞ്ഞൂറ്റമ്പലം വീരര്‍കാവിലുണ്ടായ അപ്രതീക്ഷ ദുരന്തത്തില്‍ ഗുരുതര പൊള്ളലേറ്റവര്‍ ഉള്‍പ്പെടെ 154 പേരാണ് ഇരയായത്. അര്‍ധരാത്രിയില്‍ ആംബുലന്‍സില്‍ ആസ്പത്രിയില്‍ നിന്ന് ആസ്പത്രിയിലേക്കുള്ള ഓട്ടം. നീലേശ്വരം തേജസ്വിനി സഹകരണ ആസ്പത്രിയിലേക്കെത്തിച്ച് പ്രാഥമിക ചികിത്സ നല്കി പലരെയും കാഞ്ഞങ്ങാട്ടേക്ക് അയച്ചു. സര്‍ക്കാര്‍ സ്വകാര്യ ആസ്പത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ സംയോജിതമായി ഇടപെട്ട് നിസാര പൊള്ളലേറ്റവര്‍ക്ക് അടിയന്തിര ചികിത്സ നല്കി.
ഗുരുതര പൊള്ളലേറ്റവര്‍ ഉള്‍പ്പെടെ വിദഗ്ധ ചികിത്സ ആവശ്യമായവരെ കണ്ണൂരിലെയും മംഗളുരുവിലെയും ആസ്പത്രികളിലേക്ക് മാറ്റി. 154 പേരില്‍ 102 പേരെ ആദ്യദിനം അഡ്മിറ്റ് ചെയ്തു. അറുപത് ശതമാനത്തിലധികം പൊള്ളലേറ്റവരെ കണ്ണൂര്‍, കോഴിക്കോട് മിംസ് ആസ്പത്രികളിലും കണ്ണൂര്‍ ബേബി മെമ്മേറിയല്‍ ആസ്പത്രിയിലും മംഗളൂരു എ.ജെ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. 21 പേര് ഐ.സി.യുവില്‍.
ജില്ലയുടെ ആരോഗ്യ സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ വിദഗ്ധ ചികിത്സ ആവശ്യമായവര്‍ക്ക് മുഴുവന്‍ ജില്ലയുടെ അതിര്‍ത്തി വിടേണ്ടി വന്നു. പൊള്ളലേറ്റവരെ ചികിത്സിക്കുന്നതിനായി ബേണ്‍ ഐ.സി.യു സംവിധാനം ജില്ലയില്‍ ഇല്ലാത്തതായിരുന്നു പ്രധാന കാരണം. പ്ലാസ്റ്റിക് സര്‍ജറിക്കൊപ്പം രോഗിയുടെ നില മെച്ചപ്പെടുന്ന ഘട്ടത്തില്‍ സ്കിന്‍ ഗ്രാഫ്റ്റിംഗും നടത്തണം.
കണ്ണൂരിലും മംഗളൂരുവിലുമാണ് ഏറ്റവും അടുത്ത് ബേണ്‍ ഐ.സി.യു സംവിധാനമുള്ള ആസ്പത്രികള്‍ ഉള്ളത്.
അപകടമുണ്ടായാലു അത്യാഹിതം സംഭവിച്ചാലും മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആസ്പത്രികളാണ് ഇപ്പോഴും ജില്ലയിലുള്ളവര്‍ക്ക് ആശ്രയം. അടിയന്തിര ചികിത്സ ലഭ്യമാക്കണമെങ്കില്‍ കിലോ മീറ്ററുകള്‍ താണ്ടി മംഗളൂരുവിലെത്തണം. പേരിന് മാത്രം നിര്‍മിച്ചുവെച്ച കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ പൂര്‍ണമായ ചികിത്സാ സൗകര്യങ്ങള്‍ എന്ന് നടപ്പാവും എന്ന കാര്യത്തില്‍ അധികാരികള്‍ക്ക് പോലും ഉറപ്പില്ല.
സര്‍ക്കാര്‍ മേഖലയില്‍ കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ ജില്ലാ ആസ്പത്രിയും കാസര്‍കോട് ജനറല്‍ ആസ്പത്രിയും മാത്രമാണ് ആശ്രയം.
ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ 72 ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നിലനില്ക്കുന്നു.ഡോക്ടര്‍മാരുടെ ഒഴിവ് നികത്തണമെന്ന് കാണിച്ച് ജില്ലയിലെ എം.എല്‍.എമാര്‍ തന്നെ സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടും പരിഹാരമായില്ല. 40 ഡോക്ടര്‍മാരെ നിയമിക്കാനുള്ള നിയമന ഉത്തരവ് നല്‍കിയെങ്കിലും 12 പേര് മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ അഭാവം ജില്ലയിലെ രോഗികളെ വലയ്ക്കുകയാണ്.