കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നീല മണ്ണെണ്ണവിതരണം നിലച്ചത് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗത്തെ തന്നെ പ്രതികൂലമായിബാധിക്കുന്ന പ്രശ്നമായി മാറിയിരിക്കുകയാണ്. പൊതുവിതരണ ശൃംഖലവഴി മത്സ്യത്തൊഴിലാളികള്‍ക്ക് സബ്സിഡി നിരക്കില്‍ നല്‍കിയിരുന്ന മണ്ണെണ്ണ വിതരണമാണ് നിലച്ചിരിക്കുന്നത്. ഒരു ലിറ്ററിന് 75. 50 രൂപക്ക് ലഭിച്ചിരുന്ന നീല മണ്ണെണ്ണയുടെ വിതരണം നിലച്ചതോടെ മത്സ്യത്തൊഴിലാളികള്‍ വലിയ പ്രയാസത്തിലായിരിക്കുകയാണ്. കടലാക്രമണത്തിനും കള്ളക്കടല്‍ പ്രതിഭാസത്തിനും ശമനമായതോടെ ഇപ്പോള്‍ കടലില്‍ മത്സ്യബന്ധനം സജീവമായിരിക്കുകയാണ്. ഈ സമയത്ത് തന്നെ നീല മണ്ണെണ്ണ വിതരണത്തില്‍ പ്രതിസന്ധിയുണ്ടായത് മത്സ്യത്തൊഴിലാളികളെ നിരാശയിലാഴ്ത്തുകയാണ്. 9.9 കുതിരശക്തിയുള്ള യന്ത്രം ഘടിപ്പിക്കുന്ന തോണിക്ക് 129 ലിറ്ററും 25 കുതിരശക്തി യന്ത്രത്തിന് 170 ലിറ്ററുമാണ് മീന്‍ പിടിത്തക്കാര്‍ക്ക് പെര്‍മിറ്റ് മുഖാന്തിരം അനുവദിച്ചിരിക്കുന്നത്. ആഗസ്ത് മാസത്തില്‍ തോണിക്കാര്‍ ഒരു യന്ത്രത്തിന് 300 രൂപയിലധികം മുടക്കിയാണ് പെര്‍മിറ്റ് പുതുക്കിയത്. ഇതിന് ശേഷം മത്സ്യത്തൊഴിലാളികള്‍ക്ക് സെപ്തംബര്‍ മാസത്തില്‍ നീല മണ്ണെണ്ണ ലഭിച്ചിരുന്നു. എന്നാല്‍ ഒക്ടോബറില്‍ നല്‍കിയില്ല. നവംബര്‍ മാസത്തിലും വിതരണം പുനഃസ്ഥാപിക്കാന്‍ സാധിക്കില്ലെന്നാണ് ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു ദിവസം കടലില്‍ പോയി വരാന്‍ ശരാശരി 20 മുതല്‍ 25 ലിറ്റര്‍ ഇന്ധനം വേണമെന്ന് തൊഴിലാളികള്‍ പറയുന്നു. അയല പോലെയുള്ള മീനുകള്‍ പിടിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ദൂരേക്ക് പോകേണ്ടി വരാറുണ്ട്. ഇതിന് ഒരു ദിവസം 35 ലിറ്റര്‍ വേണ്ടിവരുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. പെര്‍മിറ്റ് പ്രകാരം ലഭിക്കുന്ന മണ്ണെണ്ണ ഒരാഴ്ച തികച്ചും ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെന്ന പരാതിയും മത്സ്യത്തൊഴിലാളികള്‍ക്കുണ്ട്. സബ്സിഡി ലഭിക്കാന്‍ ഏറെ കാത്തിരിക്കേണ്ടിവരുന്നത് മറ്റൊരു പ്രശ്നമാണ്. കേന്ദ്രസര്‍ക്കാറാണ് നീലമണ്ണെണ്ണ നല്‍കിവരുന്നത്. ഓരോ മൂന്ന് മാസത്തേക്കും അലോട്ട്മെന്റ് വരുന്നു. സെപ്തംബര്‍ വരെയുള്ളത് ലഭിച്ചെങ്കിലും ഇതിന് ശേഷമുള്ള അലോട്ട്മെന്റ് വരുന്നില്ലെന്നാണ് ജില്ലാ സപ്ലൈ ഓഫീസറും താലൂക്ക് സപ്ലൈ ഓഫീസറും പറയുന്നത്. പുതിയ അലോട്ട്മെന്റ് ലഭിച്ചാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ വിതരണം ചെയ്യാനാകുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. കേന്ദ്രം വിവിധ കമ്പനികള്‍ക്കാണ് അലോട്ട്മെന്റ് നല്‍കുന്നത്. ഓരോ അംഗീകൃത ഏജന്‍സികള്‍ക്കും കുറഞ്ഞ അളവിലുള്ള മണ്ണെണ്ണ മാത്രമാണ് വീതിച്ചുകിട്ടുന്നത്. ഇത് ശേഖരിച്ച് വിതരണം ചെയ്യുന്നതിന് ലഭിക്കുന്ന കമ്മീഷനേക്കാള്‍ കൂടുതല്‍ തുക കൂലിച്ചെലവിനും മറ്റുമായി മുടക്കേണ്ടിവരുന്നുണ്ട്. ഇത് അംഗീകൃത ഏജന്റുമാരും ചില്ലറ വില്‍പ്പനക്കാരും മണ്ണെണ്ണ സ്റ്റോക്കെടുക്കാന്‍ മടിക്കുന്നതിന് കാരണമാകുന്നു. അലോട്ട്മെന്റുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തിര ഇടപെടലുണ്ടാകണം.