കാസര്‍കോട്: വിവരാവകാശ നിയമത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അവബോധം വേണ്ടതുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരായ എ.എ. ഹക്കിമും കെ.എം. ദിലീപും പറഞ്ഞു. ജില്ലയില്‍ നിന്നുള്ള രണ്ടാം അപ്പീല്‍ ഹരജികള്‍ തീര്‍പ്പാക്കാന്‍ കലക്ടറേറ്റില്‍ നടത്തിയ തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു അവര്‍. പൊതുജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ നീതി ലഭ്യമാക്കുന്നുവെന്നതും സര്‍ക്കാര്‍ ഫയലുകളിലെ വിവരങ്ങള്‍ ഉറവിടത്തില്‍ നിന്ന് യഥാര്‍ത്ഥ രൂപത്തില്‍ ലഭ്യമാകുന്നുവെന്നതുമാണ് വിവരാവകാശനിയമത്തിന്റെ പ്രത്യേകതയെന്ന് കമ്മീഷണര്‍മാര്‍ പറഞ്ഞു. അഴിമതിയില്ലെന്ന് ഉറപ്പ് വരുത്തി പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുകയാണ് ലക്ഷ്യം.
ഈ നിയമത്തിന് കീഴില്‍ പൗരന്മാര്ക്ക് സര്‍ക്കാര്‍ രേഖകള്‍ കാണുന്നതിനും കുറിപ്പുകള്‍ എഴുതിയെടുക്കാനും കോപ്പികള്‍ ആവശ്യപ്പെടാനും സാധിക്കും. വിവരാവകാശ നിയമം പൗരന്മാര്ക്ക് നല്കുന്ന അവകാശങ്ങള്‍ ദുരുപയോഗപ്പെടുത്തരുതെന്നും ശരിയായ രീതിയില്‍ മാത്രം ഉപയോഗിക്കണമെന്നും പൊതുജനങ്ങളും ഉദ്യോഗസ്ഥരും തമ്മിലുള്ള സൗഹാര്‍ദ്ദപരമായ അന്തരീക്ഷമാണ് വിവരാവകാശനിയമത്തിലൂടെ ഉണ്ടാകേണ്ടതെന്നും കമ്മീഷണര്‍മാര്‍ പറഞ്ഞു.
അപേക്ഷ ലഭിച്ചാല്‍ ഉടന്‍ വിവരങ്ങള്‍ നല്‍കണമെന്നാണ് നിയമം. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥന് മുപ്പത് ദിവസംവരെ സമയം നല്‍കും. ശേഷം ഓരോദിവസവും 250 രൂപ വീതം 25,000 രൂപ പിഴ ഈടാക്കും.
പൊതുബോധന ഓഫീസര്‍മാരും ഒന്നാം അപ്പീല്‍ അധികാരികളും അച്ചടക്ക നടപടികള്‍ക്ക് വിധേയരാകും. വിവരങ്ങള്‍ നല്കാത്തതിനാല് അപേക്ഷകന് നഷ്ടം സംഭവിച്ചാല്‍ നഷ്ടപരിഹാരതുകയും നല്‍കേണ്ടിവരും. രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷകള്‍ക്ക് പകര്‍പ്പ് എടുക്കുന്നതിന് ആവശ്യമായി വരുന്ന തുകമാത്രമാണ് പൊതുജനങ്ങള്‍ നല്‍കേണ്ടത്. വകുപ്പുകള്‍ ഈടാക്കുന്ന വ്യത്യസ്ത ഫീസുകള്‍ വിവരാവകാശത്തിന്റെ പരിധിയില്‍ വരില്ലെന്നും അദ്ദേഹം പറഞ്ഞു.
വിവരാവകാശ കമ്മീഷന് ജില്ലയില്‍ നടത്തി തെളിവെടുപ്പില്‍ 18 പരാതികള്‍ പരിഗണിച്ചു. 17 പരാതികള്‍ തീര്‍പ്പാക്കി. ജില്ലയില്‍ നിന്നും കൂടുതല്‍ വിവരാവകാശം സംബന്ധിച്ച പരാതികള്‍ ലഭിക്കുന്നുണ്ടെന്നും കമ്മീഷന് കാര്യക്ഷമമായി പരാതികളില്‍ ഇടപെട്ടു വരികയാണെന്നും കമ്മീഷണര്‍മാര്‍ അറിയിച്ചു.
പച്ചക്കാട് ആര്.ഡി നഗറിലെ ജയശ്രീ വിവരം ലഭിക്കാന്‍ കാസര്‍കോട് താലൂക്ക് ഓഫീസില്‍ 506 രൂപ അടക്കേണ്ടതില്ലെന്നും പകരം ഒമ്പത് രൂപ അടച്ചാല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും കമ്മിഷണര്‍ ഹക്കിം നിര്‍ദ്ദേശിച്ചു.
509 രൂപ അടക്കണമെന്ന പൊതുബോധന അധികാരിയുടെ ആവശ്യം നിയമപരമല്ല. ആവശ്യപ്പെട്ട വിവരങ്ങള്‍ (മൂന്ന് പേജ്) ഒമ്പത് രൂപ ട്രഷറിയില്‍ അടച്ചാല്‍ തിങ്കളാഴ്ച വിവരങ്ങള്‍ ലഭിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.എ. ഹക്കീം അറിയിച്ചു. കത്തില്‍ 506 രൂപ അടച്ച് വിവരങ്ങള്‍ കൈപ്പറ്റണം എന്നാണ് രേഖപ്പെടുത്തിയിരുന്നത്. വിവരം വെളിപ്പെടുത്തുന്നതില്‍ താല്പര്യമില്ലാത്ത ഓഫീസര്‍മാരുള്ളതുകൊണ്ടാണ് കമ്മിഷനില്‍ അപ്പീലുകള്‍ കൂടുന്നത്. ഇത്തരം ഓഫീസര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കമ്മിഷണര്‍മാര്‍ പറഞ്ഞു.