കാസര്‍കോട്: കോഴിക്കോടിന് വടക്ക് എഴുത്തുകാര്‍ക്ക് ജീവിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്ന് കവി പി. കുഞ്ഞിരാമന് നായര്‍ സങ്കടത്തോടെ തന്റെ ആത്മകഥയില്‍ പറഞ്ഞ കാര്യങ്ങള്‍ അക്ഷരംപ്രതി ശരിയാണെന്നും കോഴിക്കോടിന് വടക്ക് എഴുത്തുകാരനായി അംഗീകരിക്കപ്പെടാന്‍ വലിയപാടാണെന്നും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. രാജേന്ദ്രന് എടത്തുംകര പറഞ്ഞു.
ഇബ്രാഹിം ചെര്‍ക്കളയുടെ കാസര്‍കോടിന്റെ ചരിത്ര ഭൂമികയിലൂടെ എന്ന പുസ്തകത്തിന്റെ പ്രകാശനം മുന്‍ മന്ത്രി സി.ടി അഹമ്മദലി നല്കി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 23 പുസ്തകങ്ങള്‍ എഴുതിയ ഇബ്രാഹിം ചെര്‍ക്കള കേരളത്തിലെ മുഖ്യധാര എഴുത്തുകാര്ക്കൊന്നും പരിചിതനല്ലാത്തത് ഈ അവഗണന കൊണ്ടാണെന്നും രാജേന്ദ്രന് പറഞ്ഞു. ഇത്തരം എഴുത്തുകാര്‍ സമൂഹത്തിന് സ്വീകാര്യനായില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം താനടക്കമുള്ള സമൂഹത്തിനാണെന്നും അല്ലാതെ എഴുത്തുകാരന് അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇബ്രാഹിം ചെര്‍ക്കളയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിലാണ് പുസ്തക പ്രകാശനം നിര്‍വഹിക്കപ്പെട്ടത്. എ.എസ്. മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. സിദ്ദീഖ് നദ്വി ചേരൂര്‍ പുസ്തക പരിചയവും കുട്ടിയാനം മുഹമ്മദ്കുഞ്ഞി അനുസ്മരണവും നടത്തി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. നാസര്‍ ചെര്‍ക്കളം സ്വാഗതം പറഞ്ഞു. നാരായണന് പേരിയ, പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, പി.ബി ശഫീഖ്, പി.എസ് ഹമീദ്, സി.എല്‍ ഹമീദ്, ടി.ഇ അന്‍വര്‍, രേഖ കൃഷ്ണന്, ടി.എ ഷാഫി, അമീര്‍ പള്ളിയാന്‍, മുംതാസ് ടീച്ചര്‍, ഹസൈനാര്‍ തോട്ടുംഭാഗം, താജുദ്ദീന് ബാങ്കോട് സംസാരിച്ചു.
മുഖ്യാതിഥിയെ പുഷ്പാകരന്‍ ബെണ്ടിച്ചാലും മലയാള ഭാഷാ പഠന പ്രോത്സാഹകന്‍ മൊയ്ദീന് അബ്ബയെ സി.ടി അഹമ്മദലിയും ഷാള്‍ അണിയിച്ചു. ആമു സ്റ്റോര്‍ നന്ദി പറഞ്ഞു.