കാസര്‍കോട്: കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ പരക്കെ നാശം. തച്ചങ്ങാട്ട് ഗോപാലന്റെ വീട് ശക്തമായ കാറ്റില്‍ തെങ്ങ് വീണ് തകര്‍ന്നു. ഗോപാലന്റെ ഭാര്യ പ്രമീളക്ക് പരിക്കേറ്റു. ഒരു കുട്ടിക്ക് ഓട് തലയില്‍ വീണും പരിക്കേറ്റിട്ടുണ്ട്. പനയാലിലെ രത്നാകരന്റെ വീട് കാറ്റില്‍ തകര്‍ന്നു. പനയാലില്‍ രണ്ട് വീടുകളും നീലേശ്വരം പേരോലില്‍ ഒരു വീടും തകര്‍ന്നു. നീലേശ്വരം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഒരു ഭാഗം മഴയില്‍ തകര്‍ന്നു. കാസര്‍കോട് എരുതുംകടവ് മുഹ്യുദ്ദീന്‍ ജുമാമസ്ജിദിന് സമീപത്തെ മുഹമ്മദ് അസ്ലമിന്റെ വീടിന്റെ ചുറ്റുമതില്‍ കനത്ത മഴയില്‍ തകര്‍ന്നു. തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം വീടുകള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്.
ചിത്താരി, പള്ളിക്കര, തൃക്കണ്ണാട് ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. തൃക്കണ്ണാട്, ചിറമ്മല്‍ കടപ്പുറത്ത് ശക്തമായ കടലാക്രമണത്തില്‍ രണ്ട് വീടുകളാണ് തകര്‍ന്നത്. നിരവധി തെങ്ങുകളും കടലെടുത്തു. ചിറമ്മലിലെ മുല്ല, രമണി എന്നിവരുടെ വീടുകളാണ് കടലെടുത്തത്. മുല്ലയുടെ വീടിന്റെ ഒരു ഭാഗം കഴിഞ്ഞ മഴക്കാലത്ത് തന്നെ കടലാക്രമണത്തില്‍ തകര്‍ന്നിരുന്നു. മുല്ലയും മക്കളും ചെറുമക്കളുമടക്കം 12ലധികം പേരാണ് ഇതേ വീട്ടില്‍ താമസിച്ചുവന്നിരുന്നത്. വീട് അപകടത്തിലാകുമെന്ന് ഉറപ്പായതോടെ റവന്യൂ വകുപ്പ് ഇടപെട്ട് ഇവരെയെല്ലാം ബേക്കല്‍ പൊലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള പഞ്ചായത്ത് വക പകല്‍ വീട്ടിലേക്ക് മാറ്റിയിരുന്നു. ശക്തമായ മഴയില്‍ പുതിയകോട്ട ചര്‍ച്ചിന്റെ കോണ്‍ക്രിറ്റ് മതിലിന്റെ ഒരു ഭാഗം തകര്‍ന്ന് റോഡില്‍ വീണു. മറ്റൊരു ഭാഗം ഏതു നിമിഷവും വീഴാവുന്ന അവസ്ഥയില്‍ പുറത്തേക്കു തള്ളി നില്‍ക്കുകയാണ്. വൈദ്യുതി തൂണുകളും പൊട്ടിവീണു. കള്ളാര്‍-ചുള്ളിത്തട്ട് റോഡില്‍ മണ്ണിടിഞ്ഞുവീണു.
ബദിയടുക്ക: നെക്രാജെയില്‍ മണ്ണിടിഞ്ഞുവീണ് വീടിന്റെ ചുമര് തകര്‍ന്നു. നെക്രാജെ വട്ടക്കയം അബ്ദുല്ലയുടെ വീട്ടിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. വീട്ടുകാര്‍ അപകടത്തില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ടു. മണ്ണ് വീട്ടിനത്ത് നിറഞ്ഞ നിലയിലാണ്. സംഭവമറിഞ്ഞ് നെക്രാജെ വില്ലേജ് ഓഫീസറും റവന്യൂ അധികൃതരും സ്ഥലം സന്ദര്‍ശിച്ചു.