മംഗളൂരു: മുത്തശിയെ മരത്തടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ വിചാരണതടവുകാരനായ പേരമകന് അസുഖം മൂര്‍ഛിച്ച് മരിച്ചു. ബെല്‍ത്തങ്ങാടി കദിരുദ്യവര വില്ലേജിലെ കണര്പ മാനെ സ്വദേശി അശോക ഗൗഡ (35)യാണ് മരിച്ചത്. മുത്തശ്ശി അക്കു ഗൗഡയെ (85) കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ വിചാരണതടവുകാരനാണ് അശോക ഗൗഡ.
ബെലാലു ഗ്രാമത്തിലെ കേരെക്കോടിയില് 2022 ജൂലൈയിലാണ് അക്കു ഗൗഡ കൊല്ലപ്പെട്ടത്. അശോക മദ്യപാനം അടക്കമുള്ള ദുശീലങ്ങള്‍ക്ക് അടിമയായിരുന്നു. വീട്ടിലെത്തി മുത്തശ്ശിയുടെ സ്വര്‍ണാഭരണങ്ങള്‍ അശോക തട്ടിയെടുക്കാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച മുത്തശിയെ പ്രതി മരത്തടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വര്‍ണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. വൈകിട്ട് വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മുത്തശി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ധര്‍മ്മസ്ഥല പൊലീസ് അശോകയെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിന്റെ വിചാരണ കോടതിയില്‍ നടന്നുവരികയാണ്. ജയിലില്‍ കഴിയുന്നതിനിടെ അസുഖം മൂര്‍ഛിച്ച അശോകയെ മംഗളൂരു വെന്‍ലോക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്.