കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ സി.ടി സ്കാന്‍ പണിമുടക്ക് തുടര്‍ക്കഥയാവുകയാണ്. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലും കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലും ഇതുസംബന്ധിച്ച പ്രശ്നങ്ങള്‍ കാരണം നിര്‍ധനരായ രോഗികള്‍ കഷ്ടപ്പെടുന്നുണ്ട്. ജില്ലാ ആസ്പത്രിയിലെ സി.ടി സ്കാന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജനറല്‍ ആസ്പത്രിയിലേത് പ്രവര്‍ത്തനരഹിതമായിട്ട് രണ്ടാഴ്ച കഴിഞ്ഞു. ഇതുവരെയായിട്ടും പ്രശ്നത്തിന് പരിഹാരമുണ്ടായിട്ടില്ല. ജനറല്‍ ആസ്പത്രിയില്‍ ലിഫ്റ്റ് തകരാറായിട്ട് ഒന്നരമാസത്തോടടുക്കുകയാണ്. ഉടന്‍ പരിഹരിക്കുമെന്ന് ആസ്പത്രി അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും ഒന്നും നടന്നിട്ടില്ല. ലിഫ്റ്റ് തകരാറിലായതുസംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പിന്റെ വിജിലന്‍സ് വിഭാഗം ഉന്നത ഉദ്യോഗസ്ഥരടക്കം ജനറല്‍ ആസ്പത്രിയില്‍ സന്ദര്‍ശനം നടത്തി വിവരങ്ങള്‍ ആരാഞ്ഞ് പോയിട്ട് ഒരാഴ്ച കഴിഞ്ഞു. ജനറല്‍ ആസ്പത്രിയിലെ ലിഫ്റ്റ് തകരാറിലായത് സംബന്ധിച്ച് വിവദമായ റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. ലിഫ്റ്റ് നന്നാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കിയെങ്കിലും അതിനുള്ള ലക്ഷണങ്ങളൊന്നും കാണുന്നില്ല. ജനറല്‍ ആസ്പത്രിയില്‍ കിടപ്പുരോഗികളെ മുകള്‍ നിലയിലേക്കും താഴത്തെ നിലയിലേക്കും കൊണ്ടുപോകണമെങ്കില്‍ ഇപ്പോഴും ചുമട്ടുതൊഴിലാളികള്‍ തന്നെയാണ് ആശ്രയം. മൃതദേഹങ്ങള്‍ താഴെയിറക്കാനും ചുമട്ടുതൊഴിലാളികളുടെ സഹായം വേണം. ഇങ്ങനെയൊരു ദുരവസ്ഥ നിലനില്‍ക്കുന്നതിനിടെയാണ് ജനറല്‍ ആസ്പത്രിയിലെ സി.ടി സ്കാനും തകരാറിലായിരിക്കുന്നത്. ഏപ്രില്‍ 27 മുതലാണ് സി.ടി സ്കാനിന്റെ പ്രവര്‍ത്തനം നിലച്ചത്. മുമ്പും ഇവിടത്തെ സി.ടി സ്കാന്‍ തകരാറിലായിരുന്നെങ്കിലും രണ്ടുദിവസത്തിനകം ശരിയാക്കിയിരുന്നു. ഒന്നിലധികം തവണ പരിശോധിച്ചപ്പോഴാണ് സി.ടി സ്കാനിന്റെ ട്യൂബ് മാറ്റണമെന്ന് മനസിലായത്. അറ്റകുറ്റപ്പണി നടത്താന്‍ കമ്പനിയുമായി സംസ്ഥാനതലത്തില്‍ കരാറിലേര്‍പ്പെട്ടിരുന്നു. ട്യൂബ് മാറ്റണമെങ്കില്‍ ലക്ഷങ്ങള്‍ ചിലവാകുമെന്നാണ് ആസ്പത്രി അധികൃതര്‍ പറയുന്നത്. ഇക്കാരണത്താല്‍തന്നെ സി.ടി സ്കാന്‍ സേവനം പുനസ്ഥാപിക്കുന്നതിന് കാലതാമസം നേരിടാനിടയുണ്ട്. അധിക തുക മുടക്കി പുറത്തുനിന്ന് സ്കാന്‍ ചെയ്യേണ്ട അവസ്ഥയിലാണ് രോഗികള്‍ എത്തിയിരിക്കുന്നത്. ജനറല്‍ ആസ്പത്രിയില്‍ സ്വകാര്യമേഖലയില്‍ നിന്നും ഈടാക്കുന്നതിനെക്കാള്‍ കുറഞ്ഞ തുകയാണ് സി.ടി സ്കാനിങ്ങിനുള്ളത്. ലിഫ്റ്റും സി.ടി സ്കാനും ഉപയോഗിക്കാനാകാത്തതിനാല്‍ ജനറല്‍ ആസ്പത്രിയില്‍ രോഗികളുടെ ദുരിതം ഇരട്ടിച്ചിരിക്കുകയാണ്. അധികൃതര്‍ ഇനിയും കെടുകാര്യസ്ഥത തുടരുകയാണെങ്കില്‍ പ്രശ്നപരിഹാരത്തിന് ജില്ലയിലെ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളും ഇടപെടല്‍ ശക്തമാക്കണം.