കാസര്‍കോട്: ശക്തമായ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്ക്കുമിടയില് ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം കാസര്‍കോട്ടെ തിയേറ്ററില്‍ ആരംഭിച്ചു. കാസര്‍കോട് ചൂരി ബട്ടംപാറയിലെ സിനികൃഷ്ണ തിയേറ്ററിലാണ് ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം ആരംഭിച്ചത്. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കാസര്‍കോട് ഡി.വൈ. എസ്.പി പി.കെ സുധാകരന്റെ നിര്‍ദ്ദേശപ്രകാരം സി.ഐ പി. അജിത് കുമാര്‍, എസ്.ഐ വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തിയേറ്ററില്‍ കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സിനിമയെ അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ സജീവമാണ്. ഈ സാഹചര്യത്തിലാണ് തിയേറ്ററില്‍ പൊലീസ് സുരക്ഷ ഒരുക്കിയത്. ഇന്ന് രാവിലെ ഏതാനും പേരാണ് സിനിമ കാണാനെത്തിയത്. അതേ സമയം ദി കേരള സ്റ്റോറിക്കെതിരെ കാസര്‍കോട്ടെ വിവിധ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്. സിനിമക്കെതിരെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. കാസര്‍കോട് ജില്ലയില്‍ സിനികൃഷ്ണയില് മാത്രമാണ് ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം നടക്കുന്നത്. സംസ്ഥാനത്തെ ചില തിയേറ്ററുകള്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് പിന്മാറിയിട്ടുണ്ട്.