കാസര്‍കോട്: കാസര്‍കോട്ട് സിനിമയെടുക്കുന്നത് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള സൗകര്യത്തിന് വേണ്ടിയാണെന്ന നിര്‍മ്മാതാവ് രഞ്ജിത്തിന്റെ പരാമര്‍ശം വന്‍ വിവാദത്തിന് തിരികൊളുത്തി. കാസര്‍കോടിനെ അപമാനിക്കുന്ന തരത്തിലുള്ള രഞ്ജിത്തിന്റെ പ്രസ്താവനയ്ക്കെതിരെ സിനിമാ മേഖലയില്‍ നിന്നും കലാ-സാംസ്കാരികമേഖലകളില്‍ നിന്നും ശക്തമായ പ്രതികരണങ്ങള്‍ ഉയരുകയാണ്. മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലില്‍ ഫിലിം ജേര്‍ണലിസ്റ്റ് വി എസ് ഹൈദരലിക്ക് നല്കിയ അഭിമുഖത്തിലാണ് കാസര്‍കോട് മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും കേന്ദ്രമെന്ന് ആക്ഷേപിക്കുന്ന അഭിപ്രായപ്രകടനം രഞ്ജിത് നടത്തിയത്. കാസര്‍കോട്ട് നിന്ന് ചിത്രീകരിച്ച മദനോല്‍സവം എന്ന സിനിമയുടെ സംവിധായകന് സുധീഷ് ഗോപിനാഥ് അടക്കമുള്ളവര്‍ രഞ്ജിത്തിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കാസര്‍കോട്ടേക്ക് സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ലെന്നും ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമയെ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണെന്നും സുധീഷിന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. സുരാജ് വെഞ്ഞാറമ്മൂട് നായകനായി അഭിനയിച്ച മദനോല്‍സവത്തിന്റെ ലൊക്കേഷന്‍ കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളായിരുന്നു. ഈ സിനിമ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. ഫഹദ് ഫാസില്‍ നായകനായ തൊണ്ടിമുതലും ദൃക്സാക്ഷിയും കുഞ്ചാക്കോ ബോബന് നായകനായ ന്നാ താന്‍ കേസ് കൊട് തുടങ്ങിയ സിനിമകള്‍ ചിത്രീകരിച്ചതും കാസര്‍കോട് ജില്ലയില്‍ നിന്നാണ്. ടൊവിനോ നായകനായ സിനിമയുടെചിത്രീകരണം കാസര്‍കോട്ട് നടക്കുന്നുണ്ട്. മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ തിങ്കളാഴ്ച നിശ്ചയത്തിന്റെ ലൊക്കേഷനും കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളായിരുന്നു. ചിത്രീകരണം പൂര്‍ത്തിയായ രാമനും ഖദീജയും അടക്കമുള്ള കാസര്‍കോട്ട് നിന്ന് ചിത്രീകരിച്ച ഏതാനും സിനിമകള്‍ റിലീസിനായി കാത്തുനില്‍ക്കുകയാണ്. 1989ല്‍ പിറവി, 1995ല്‍ ബോംബെ, 2000ത്തില്‍ മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ചിത്രങ്ങള്‍ കാസര്‍കോട്ട് ചിത്രീകരിച്ചവയാണ്. മലയാളസിനിമക്ക് ഇങ്ങനെ ഒട്ടേറെ ചലച്ചിത്രങ്ങള്‍ സമ്മാനിച്ച കാസര്‍കോട് ജില്ലയെ അവഹേളിച്ച രഞ്ജിത്തിന്റെ നടപടിയില്‍ കാസര്‍കോട് ജില്ലക്കാരായ സംവിധായകരും നിര്‍മ്മാതാക്കളും താരങ്ങളും മറ്റ് സിനിമാ പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധമാണുയര്‍ത്തുന്നത്.
സംവിധായകന് സുധീഷ് ഗോപിനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കാസര്‍കോട്ടേക്ക് സിനിമ വന്നത് മയക്കു മരുന്ന് മോഹിച്ചല്ല….ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും സിനിമ നെഞ്ചേറ്റിയവരുടെ ധൈര്യവും ആവേശവും കൊണ്ടാണ്..
1989ല്‍ പിറവി, 1995 ല്‍ ബോംബെ, 2000 മധുരനോമ്പരക്കാറ്റ്, 2017ല്‍ തൊണ്ടിമുതല്‍, 2021ല്‍ തിങ്കളാഴ്ച നിശ്ചയം, 2022ല്‍ എന്നാ താന്‍ കേസ് കൊട്, 2023ല്‍ ഞാന്‍ സംവിധാനം ചെയ്ത മദനോത്സവം തുടങ്ങിയ സിനിമകള്‍.. രേഖ, അനുരാഗ് എഞ്ചിനീയറിംഗ് പോലെ ശ്രദ്ധേയമായ മറ്റു പല മൂവികള്‍.. ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു പാട് സിനിമകള്‍..പയ്യന്നൂര്‍/ കാസര്‍കോട് പ്രദേശത്തു സിനിമ വസന്തമാണിപ്പോള്‍.
അധികം പകര്‍ത്തപ്പെടാത്ത കാസര്‍കോടിന്റെ ഉള്‍നാടുകളുടെ ദൃശ്യ ഭംഗിയും സാംസ്കാരിക ശേഷിപ്പുകളുടെ കാഴ്ചകളും ജനങ്ങളുടെ സഹകരണവും ഒക്കെ ആവാം സിനിമ പ്രവര്‍ത്തകരെ ഇവിടേയ്ക്ക് നോക്കാന്‍ പ്രേരിപ്പിച്ചത്. നാടകങ്ങളിലൂടെ വൈഭവം തെളിയിച്ച കുറെ കലാകാരന്മാര്, തെയ്യം പോലുള്ള അനുഷ്ഠാന കലകള്‍ ഈ നാട്ടിലെ കലാകാരന്മാര്ക്ക് നല്കിയ ഊര്‍ജ്ജമുള്ള ശരീര ഭാഷ, ഉത്തര മലബാറിലെ സാഹിത്യ/കല/നാടക/സാംസ്കാരിക പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മ, കാസര്‍കോട് മണ്ണില്‍ നിന്നും സിനിമ മോഹവുമായി വണ്ടി കയറി പോയ ചെറുപ്പക്കാര്‍ പ്രതിബന്ധങ്ങള്‍ താണ്ടി വളര്‍ന്നു സ്വതന്ത്ര സംവിധായകരും കാസ്റ്റിംഗ് തീരുമാനിക്കുന്നവരും ഒക്കെ ആയതുമൊക്കെയാണ് സിനിമ ഇവിടേയ്ക്ക് വന്നതിന്റെ മറ്റു ചില അനുകൂല ഘടകങ്ങള്‍. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ പയ്യന്നൂരില്‍ ഷൂട്ട് ചെയ്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വന്‍ വിജയമായപ്പോള്‍ കാസര്‍കോട് അടക്കമുള്ള പ്രദേശത്തു നിന്നുള്ളവരുടെ പുതിയ സിനിമ പ്രവര്‍ത്തക സംഘം ഉണ്ടായി വന്നു. അവര്‍ക്കു ആ വിജയം നല്കിയ ശുഭാപ്തി വിശ്വാസം തങ്ങളുടെ പുതിയ സിനിമകളെ വടക്കോട്ടു കൊണ്ട് വന്നു. വലിയ നടന്മാര്ക്ക് പോലും അച്ചടി മലയാള ഭാഷ തങ്ങളുടെ പ്രകടനങ്ങള്‍ക്ക് വലിയ തടസമായിരുന്നു. കഥാ പരിസരം സ്വന്തം നാടായപ്പോള്‍, ഭാഷ സ്വന്തം സംസാര ഭാഷ ആയപ്പോള്‍ ഉത്തര മലബാറിലെ നടന്മാര് വലിയ കഴിവുകള്‍ സ്ക്രീനില്‍ പ്രകടിപ്പിച്ചു മിന്നും താരങ്ങളായി.
സാങ്കേതിക വിദ്യയുടെ വളര്‍ച്ച സിനിമ നിര്‍മ്മാണ പ്രക്രിയയില്‍ ഉണ്ടാക്കിയ സൗകര്യങ്ങള്‍, കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി വലിയ താരങ്ങള്‍ക്ക് എളുപ്പത്തില്‍ കാസര്‍കോട് എത്താവുന്ന അവസ്ഥ, തങ്ങളുടെ താമസത്തിനു ബേക്കല്‍, നീലേശ്വരം പ്രദേശത്തുള്ള നക്ഷത്ര ഹോട്ടലുകള്‍, വിജയകരമായ സിനിമകള്‍ നിര്‍മ്മാതാക്കള്‍ക്ക് നല്കിയ ആത്മവിശ്വാസം എല്ലാമാണ് കൂടുതല്‍ സിനിമകളെ കാസര്‍കോട്, പയ്യന്നൂര്‍ മേഖലയിലേക്ക് കൊണ്ട് വന്ന മറ്റു കാരണങ്ങള്‍.
സിനിമ ഞങ്ങളുടെ ഒരു സാംസ്കാരിക പ്രവര്‍ത്തനം കൂടിയാണ്. പരാജയ ലോക്കഷന്‍ എന്ന പഴയ പേര് ദോഷം മാറി വിജയ ലോക്കഷന്‍ എന്ന പേരിലേക്ക് ഞങ്ങള്‍ മാറി. തുടരെ തുടരെ സിനിമകള്‍ ഇവിടെ ഉണ്ടാകുന്നു. കാസര്‍കോട് ഭാഗത്തെ പലരുടെയും അന്നമാണ് ഇന്ന് സിനിമ, കലാകാരന്മാരുടെ ആവേശമാണ്.
ഞാന്‍ കാസര്‍കോട് എന്റെ സ്വന്തം നാട്ടില്‍ സിനിമ ചെയ്യാനുള്ള കാരണം ഈ നാട് എന്റെ സിനിമയുടെ കൂടെ നില്ക്കും എന്ന വിശ്വാസമുള്ളതു കൊണ്ടാണ്. ഷൂട്ടിംഗ് സമയത്ത് എന്റെ ക്ര്യൂ മെംബെര്‍സ്സ് എല്ലാം വീടുകളില്‍ ആയിരുന്നു താമസിച്ചിരുന്നത്. കാസര്‍കോട്ടെ നന്മയുള്ള മനുഷ്യര്‍ ഉള്ളതു കൊണ്ടാണു താമസിക്കാന്‍ വീട് വിട്ടു തന്നത്. അത് എന്റെ സിനിമയുടെ ബജറ്റ് കുറയ്ക്കാന്‍ വലിയ കാരണമായിട്ടുണ്ട്. ജൂനിയര്‍ ആക്ടേഴ്സ്സിന് എറ്റവും കുറവു പണം ചിലവഴിച്ച സിനിമയാണു മദനോല്‍സവം. കാരണം ഓരോ സ്ഥലങ്ങളിലേയും ആളുകള്‍ നമ്മളോടൊപ്പം വന്നു സഹകരിച്ചതു കൊണ്ടാണ്. അവര്‍ അങ്ങനെയാണ്. കലയെ നെഞ്ചിലേറ്റി നടക്കുന്നവരാണ്. മറ്റു രീതിയിലുള്ള പ്രചാരണങ്ങള്‍ തികച്ചും അവാസ്തവവും ഈ നാട്ടിലെ സാധാരണക്കാരെയും സിനിമ പ്രവര്‍ത്തകരെയും അപമാനിക്കല്‍ കൂടിയാണ്.