കുമ്പള: പോത്തോട്ട മത്സരത്തിനിടെ വീണിട്ടും പിടിവിടാതെ മുന്നേറിയ ബംബ്രാണ വയലിലെ വന്ദിത് ഷെട്ടി സാഹസികമായി വിജയം കൈവരിച്ചു. ഉഡുപ്പി മുല്‍ക്കിയില്‍ ഞായറാഴ്ചയാണ് പോത്തോട്ട മത്സരം നടന്നത്. ഉഡുപ്പി നന്ദണിഗെയിലെ ശ്രീകാന്ത് ഭട്ടിന്റെ പോത്തുമായാണ് വന്ദിത് ഷെട്ടി മത്സരത്തിനിറങ്ങിയത്. എ ഗ്രൂപ്പ്, ബി ഗ്രൂപ്പ് എന്നിങ്ങനെ തരംതിരിച്ചാണ് പോത്തോട്ട മത്സരം സംഘടിപ്പിച്ചത്. എ ഗ്രൂപ്പ് സെമിഫൈനലില്‍ പരാജയപ്പെട്ടിരുന്നു. ബി ഗ്രൂപ്പില്‍പെട്ട വന്ദിത് ഷെട്ടി ഫൈനലില്‍ ഉജ്ജ്വലവിജയം കൈവരിക്കുകയാണുണ്ടായത്. 150 മീറ്റര്‍ ആണ് മത്സരത്തിന്റെ ദൂരം. പോത്തുമായി ഓടുന്നതിനിടെ 80 മീറ്റര്‍ എത്തിയപ്പോള്‍ വന്ദിത് ഷെട്ടി കാല് വഴുതി വീണു. എന്നാല്‍ പോത്തിന്റെ പിറകില്‍ കെട്ടിയിരുന്ന കയറിലെ പിടിവിട്ടില്ല. പോത്ത് വന്ദിത് ഷെട്ടിയെയും വലിച്ചുകൊണ്ട് കുതിച്ചുപായുകയായിരുന്നു. ഫിനിഷിംഗ് പോയിന്റ് കടന്നതിന് ശേഷമേ പോത്തിന്റെ കയറില്‍ നിന്നും പിടി വിട്ടുള്ളൂ. ഇതോടെ വന്ദിത് ഷെട്ടിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
വന്ദിത് ഷെട്ടിയുടെ പോത്തോട്ട മത്സരത്തിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാവുകയാണ്.