ന്യൂനപക്ഷ വകുപ്പില്‍ മുസ്ലിംകള്‍ക്ക് മാത്രം ആനുകൂല്യങ്ങള്‍; പ്രചാരണവും വാസ്തവവും; വിശദമായ കുറിപ്പുമായി പി കെ ഫിറോസ്

കോഴിക്കോട്: ന്യൂനപക്ഷ വകുപ്പില്‍ നിന്ന് മുസ്ലിംകള്‍ക്ക് അനര്‍ഹമായി ആനുകൂല്യങ്ങള്‍ നല്‍കുന്നുവെന്ന പ്രചരണം ശകത്മായ സാഹചര്യത്തില്‍ അതിന്റെ വാസ്തവമെന്തെന്ന് വിശദമാക്കി മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി പി കെ ഫിറോസ്. പ്രചരണവും വാസ്തവവും എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹം പ്രചരണത്തിന് പിന്നിലെ പൊള്ളത്തരം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. മദ്രസാധ്യാപക ക്ഷേമനിധിയും മറ്റു ക്ഷേമ പദ്ധതികളും എല്ലാം മുസ്ലിംകള്‍ക്ക് മാത്രമായി നല്‍ക്കുന്നുവെന്ന പ്രചരണം വ്യാപകമായ സാഹചര്യത്തിലാണ് ഫിറോസിന്റെ പോസ്റ്റ്. പോസ്റ്റിന്റെ പൂര്‍ണരൂപം പ്രചാരണവും വാസ്തവവും 1) പ്രചാരണം: കേരളത്തിലെ മദ്രസ […]

കോഴിക്കോട്: ന്യൂനപക്ഷ വകുപ്പില്‍ നിന്ന് മുസ്ലിംകള്‍ക്ക് അനര്‍ഹമായി ആനുകൂല്യങ്ങള്‍ നല്‍കുന്നുവെന്ന പ്രചരണം ശകത്മായ സാഹചര്യത്തില്‍ അതിന്റെ വാസ്തവമെന്തെന്ന് വിശദമാക്കി മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി പി കെ ഫിറോസ്. പ്രചരണവും വാസ്തവവും എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹം പ്രചരണത്തിന് പിന്നിലെ പൊള്ളത്തരം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. മദ്രസാധ്യാപക ക്ഷേമനിധിയും മറ്റു ക്ഷേമ പദ്ധതികളും എല്ലാം മുസ്ലിംകള്‍ക്ക് മാത്രമായി നല്‍ക്കുന്നുവെന്ന പ്രചരണം വ്യാപകമായ സാഹചര്യത്തിലാണ് ഫിറോസിന്റെ പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രചാരണവും വാസ്തവവും
1)
പ്രചാരണം:
കേരളത്തിലെ മദ്രസ അധ്യാപകര്‍ക്കായി മാസം 25,000 രൂപ സര്‍ക്കാര്‍ ശമ്പളം നല്‍കുന്നു. ഇതിനായി 7550 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നു.
വാസ്തവം:
മദ്രസ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതിനായി ഒരു നയാ പൈസ പോലും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നല്‍കുന്നില്ല.
2)
പ്രചാരണം:
ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാതെ മുസ്ലിംകള്‍ക്ക് മാത്രമായി നല്‍കുന്നു.
വാസ്തവം:
കേരളത്തിലെ എല്ലാ ന്യൂനപക്ഷ പദ്ധതികളും ജനസംഖ്യാനുപാതികമായിട്ടാണ് വിതരണം ചെയ്യുന്നത്. ഉദാ: പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ്, പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്, മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ്, ബഹുതല വികസന പദ്ധതി(MSDP) തുടങ്ങിയവയെല്ലാം 2001 ലെ ജനസംഖ്യ അനുസരിച്ചാണ് വിതരണം ചെയ്യുന്നത്.
3)
പ്രചാരണം:
അപ്പോള്‍ പാലോളി കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമുള്ള സ്‌കോളര്‍ഷിപ്പുകള്‍ 80:20 അനുപാതത്തില്‍ വിതരണം വിതരണം ചെയ്യുന്നത് തെറ്റല്ലേ? ന്യൂനപക്ഷസമുദായങ്ങള്‍ക്ക് തുല്യമായി വിതരണം ചെയ്യുകയായിരുന്നില്ലേ ചെയ്യേണ്ടിയിരുന്നത്?
വാസ്തവം:
ഈ പദ്ധതി ന്യൂനപക്ഷങ്ങള്‍ക്കായുള്ള പദ്ധതിയായിരുന്നില്ല. മറിച്ച് ഇന്ത്യയിലെ മുസ്ലിംകളുടെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി ഒന്നാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നിയോഗിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയുടെ പഠന റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ളതായിരുന്നു. ഇന്ത്യയിലെ മുസ്ലിംകള്‍ ഏറെ പിന്നാക്കമാണെന്ന് കണ്ടെത്തിയ സച്ചാര്‍ കമ്മിറ്റി പരിഹാര നിര്‍ദ്ദേശങ്ങളും മുന്നോട്ടു വെച്ചിരുന്നു. അതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കേരളത്തില്‍ പാലോളി കമ്മിറ്റിയും സ്‌കോളര്‍ഷിപ്പും വരുന്നത്.
4)
പ്രചാരണം:
മുസ്ലിംകള്‍ക്ക് മാത്രമായി പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിറ്റി വെക്കുന്നത് ശരിയായ നടപടിയാണോ?
വാസ്തവം:
ഇന്ത്യയിലെ വിവിധ സമൂഹങ്ങളുടെയും സമുദായങ്ങളുടെയും പിന്നാക്കാവസ്ഥ പഠിക്കുന്നതിനായി വിവിധ കമ്മിറ്റികളും പരിഹാര നടപടികളുമുണ്ടായിട്ടുണ്ട്. കേരളത്തില്‍ പഠനം നടത്തിയിട്ടും അല്ലാതെയും നടപടികളും പദ്ധതികളുമുണ്ടായിട്ടുണ്ട്.
ഉദാ:- പരിവര്‍ത്തിത ക്രൈസ്തവ വിഭാഗ വികസന കോര്‍പ്പറേഷന്‍, നായര്‍, നമ്പൂതിരി, മുന്നാക്ക ക്രൈസ്തവര്‍ എന്നിവര്‍ക്കായി മുന്നാക്ക വികസന കോര്‍പ്പറേഷന്‍, എസ്.സി.എസ്.ടി വികസന കോര്‍പ്പറേഷന്‍ തുടങ്ങിയവ.
5)
പ്രചാരണം:
മുസ്ലിംകള്‍ക്ക് മാത്രമായി അവകാശപ്പെട്ട സ്‌കോളര്‍ഷിപ്പില്‍ നിന്ന് ഇരുപത് ശതമാനം മറ്റുള്ളവര്‍ക്ക് നല്‍കിയത് യു.ഡി.എഫ് സര്‍ക്കാറാണെന്ന് എം.എ ബേബിയും പാലോളിയും പറയുന്നു.
വാസ്തവം:
22-02-2011ന് വി.എസ് അച്ചുതാനനന്ദന്‍ കേരളം ഭരിക്കുമ്പോള്‍ ഇറക്കിയ ഉത്തരവ് പ്രകാരമാണ് (ഉത്തരവ് നമ്പര്‍ 57/2011) ഇരുപത് ശതമാനം പരിവര്‍ത്തിത ക്രൈസ്തവര്‍, ലത്തീന്‍ എന്നീ വിഭാഗങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്.
6)
പ്രചരണം:
ന്യൂനപക്ഷ വകുപ്പിലെ തസ്തികകള്‍ എല്ലാം മുസ്ലിം വിഭാഗത്തിലുള്ളവര്‍ കയ്യടക്കി വെക്കുന്നു.
വാസ്തവം:
കേരളത്തിലെ വിവിധ സര്‍ക്കാര്‍ തല ഉദ്യോഗത്തിലുള്ള പിന്നാക്ക സമുദായങ്ങളുടെ പ്രാതിനിധ്യത്തെ സംബന്ധിച്ച് ജസ്റ്റിസ് നരേന്ദ്രന്‍ കമ്മീഷന്‍ നടത്തിയ പഠന റിപ്പോര്‍ട്ട് നമ്മുടെ മുമ്പിലുണ്ട്. അതില്‍ മുസ്ലിംകള്‍ക്ക് സാമുദായിക പ്രാതിനിധ്യം ലഭിച്ചിട്ടില്ല എന്ന് മാത്രമല്ല സംവരണ അനുപാതം പോലും ലഭിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നു. ഈ ആധികാരിക പഠന റിപ്പോര്‍ട്ട് കൈവശമുള്ളപ്പോഴാണ് ഒരു സമുദായം അനര്‍ഹമായി പലതും കൈവശം വെക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത്.
7)
പ്രചാരണം:
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുത്തതിനെതിരെ ലീഗ് നടത്തിയ വിമര്‍ശനം ശരിയായില്ല.
വാസ്തവം:
ഇടതുപക്ഷ സര്‍ക്കാറില്‍ ആര്‍ക്കൊക്കെ ഏതൊക്കെ വകുപ്പ് നല്‍കണം എന്ന് തീരുമാനിക്കാനുള്ള അധികാരം ഇടതുപക്ഷമുന്നണിക്ക് തന്നെയാണ്. എന്നാല്‍ ഒരു സമുദായം അനര്‍ഹമായി പലതും കൈവശം വെച്ചിരിക്കുന്നു എന്ന അസത്യ പ്രചരണം നടക്കുകയും ആ സമുദായത്തില്‍ പെട്ട ആള്‍ക്ക് ന്യൂനപക്ഷ വകുപ്പ് നല്‍കരുത് എന്ന് ആവശ്യപ്പെടുകയും ചെയ്യുമ്പോള്‍ സര്‍ക്കാര്‍ അതംഗീകരിക്കുന്നത്, പ്രത്യേകിച്ച് നല്‍കിയ വകുപ്പ് തിരിച്ചെടുക്കുന്നത് അസത്യ പ്രചരണം വാസ്തവമാണെന്ന് തെറ്റിദ്ധരിക്കാന്‍ ഇടയാക്കും. മുഖ്യമന്ത്രി അതിന് കൂട്ടു നില്‍ക്കുമ്പോള്‍ തീര്‍ച്ചയായും അതിനെ വിമര്‍ശിക്കേണ്ടതാണ്.
8
പ്രചാരണം:
ഇടതുപക്ഷ സര്‍ക്കാര്‍ ഇക്കാര്യത്തിലെടുത്ത നിലപാടുകള്‍ ശരിയായിരുന്നില്ലേ?
വാസ്തവം
ദേവസ്വം ബോര്‍ഡില്‍ ലഭിക്കുന്ന ക്ഷേത്ര വരുമാനം മുസ്ലിംകളുള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്ക് നല്‍കുന്നു എന്ന് സംഘ് പരിവാര്‍ പ്രചരിപ്പിച്ചപ്പോള്‍ അതിനെ കണക്ക് സഹിതം പ്രതിരോധിക്കുകയും കള്ളപ്രചരണം കയ്യോടെ പൊളിക്കുകയും ചെയ്തത് അന്ന് കേരളം ഭരിക്കുന്ന യു.ഡി.എഫ് സര്‍ക്കാറായിരുന്നു. എന്നാല്‍ മുസ്ലിം സമുദായത്തിനെതിരെ കഴിഞ്ഞ കുറെ നാളുകളായി നടക്കുന്ന അസത്യ പ്രചരണത്തില്‍ സര്‍ക്കാര്‍ കുറ്റകരമായ മൗനമാണ് അവലംബിക്കുന്നത്.

ഇതൊക്കെയാണ് വാസ്തവമെന്നിരിക്കെ സര്‍ക്കാര്‍ ഇനിയെങ്കിലും ഒളിച്ചു കളി അവസാനിപ്പിക്കണം. വിവിധ സര്‍ക്കാര്‍ സര്‍വീസിലുള്ള ഉദ്യോഗസ്ഥ പ്രാതിനിധ്യത്തെ സംബന്ധിച്ചും വിഭവങ്ങളുടെ വിതരണത്തെ സംബന്ധിച്ചുമുള്ള കുപ്രചരണം അവസാനിപ്പിക്കാന്‍ സമുദായം തിരിച്ചുള്ള കണക്ക് ധവളപത്രമായി പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

പിന്‍: സത്യം ചെരുപ്പ് ധരിക്കുന്നതിന് മുന്‍പേ നുണ ഒരു പാട് ദൂരം സഞ്ചരിച്ചിട്ടുണ്ടാകും.

Related Articles
Next Story
Share it