80 ലക്ഷത്തിന്റെ കുഴല്‍പ്പണം കവര്‍ന്ന സംഭവം; എറണാകുളത്ത് പിടിയിലായ യുവാവിനെതിരെ കാസര്‍കോടുള്‍പ്പെടെ അഞ്ച് ജില്ലകളില്‍ കേസുകള്‍

കാസര്‍കോട്: 80 ലക്ഷത്തിന്റെ കുഴല്‍പ്പണം കവര്‍ന്ന സംഭവത്തില്‍ എറണാകുളത്ത് പൊലീസ് പിടിയിലായ യുവാവിനെതിരെ കാസര്‍കോട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ കേസുകള്‍. എറണാംകുളം മൂക്കന്നൂര്‍ സ്വദേശി വലിയോലിപറമ്പ് വീട്ടില്‍ മൊട്ട സതീഷ് എന്ന സതീഷ് (31) ആണ് അറസ്റ്റിലായത്. മൊട്ട സതീഷിന് കൊലപാതകം, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങള്‍ക്ക് തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 10 ഓളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 29ന് രാവിലെ 9.30 മണിയോടെ കാറില്‍ വിതരണത്തിനായി കൊണ്ടു പോവുകയായിരുന്ന 80 […]

കാസര്‍കോട്: 80 ലക്ഷത്തിന്റെ കുഴല്‍പ്പണം കവര്‍ന്ന സംഭവത്തില്‍ എറണാകുളത്ത് പൊലീസ് പിടിയിലായ യുവാവിനെതിരെ കാസര്‍കോട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ കേസുകള്‍. എറണാംകുളം മൂക്കന്നൂര്‍ സ്വദേശി വലിയോലിപറമ്പ് വീട്ടില്‍ മൊട്ട സതീഷ് എന്ന സതീഷ് (31) ആണ് അറസ്റ്റിലായത്. മൊട്ട സതീഷിന് കൊലപാതകം, കവര്‍ച്ച തുടങ്ങിയ കുറ്റങ്ങള്‍ക്ക് തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 10 ഓളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം 29ന് രാവിലെ 9.30 മണിയോടെ കാറില്‍ വിതരണത്തിനായി കൊണ്ടു പോവുകയായിരുന്ന 80 ലക്ഷത്തോളം വരുന്ന കുഴല്‍പ്പണം കവര്‍ച്ച ചെയ്ത കേസിലാണ് സതീഷിനെ എറണാകുളത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കുഴല്‍പ്പണ വിതരണത്തിനായി പോവുകയായിരുന്ന പൊന്‍മള സ്വദേശികളുടെ പണമാണ് കവര്‍ച്ച ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് രണ്ടു കാറുകളിലായാണ് സതീഷ് അടക്കമുള്ള സംഘം എത്തിയത്. ഹൈവേയില്‍ വച്ച് കാര്‍ തടഞ്ഞ സംഘം കാറില്‍ ഉണ്ടായിരുന്നവരെ പിടിച്ചിറക്കി തട്ടിക്കൊണ്ടു പോയി പണം കവര്‍ച്ച ചെയ്യുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പഴുതടച്ച് നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ച നടന്ന് അഞ്ചു ദിവസത്തിനുള്ളില്‍ തന്നെ കവര്‍ച്ചാ സംഘത്തെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ജനുവരിയില്‍ തൃശൂര്‍ ഒല്ലൂരില്‍ സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഒരു കോടിയോളം കുഴല്‍പ്പണം കവര്‍ച്ച നടത്തിയിരുന്നു. ഇതില്‍ പിടിക്കപ്പെട്ട് മൂന്നു മാസം മുന്‍പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഇയാളെ ചോദ്യം ചെയ്തതില്‍ സംഘത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. സംസ്ഥാനത്ത് ഈ അടുത്ത കാലത്തായി നടന്ന ഹൈവേ റോബറികളില്‍ ഇയാളുടെ നേതൃത്വത്തിലുള്ള സംഘത്തിന് പങ്കുള്ളതായി സൂചനയുണ്ട്. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും.

Related Articles
Next Story
Share it