കാഞ്ഞങ്ങാട്: ബേക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ ഒരേ സ്കൂളിലെ ഏഴ് വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവം പുറത്തുവന്നു. മൂന്ന് കുട്ടികളുടെ പരാതിയില്‍ 4 പേര്‍ക്കെതിരെ ബേക്കല്‍ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. പീഡനത്തിനിരയായ മറ്റ് കുട്ടികളുടെ മൊഴി വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും. സ്കൂളില്‍ നടന്ന പോക്സോ ബോധവല്‍ക്കരണ ക്ലാസിനിടെയാണ് പീഡനവിവരം പുറത്തുവന്നത്. ആര്‍ക്കെങ്കിലും നേരെ പീഡന ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തുറന്ന് പറഞ്ഞാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് ക്ലാസിന് നേതൃത്വം നല്കിയ ഉദ്യോഗസ്ഥന് വ്യക്തമാക്കിയതോടെയാണ് വിദ്യാര്‍ഥിനികള്‍ തങ്ങള്‍ പീഡനത്തിനിരയായ വിവരം പുറത്തുവിട്ടത്. ഹൈസ്കൂളിലെ ഏതാനും വിദ്യാര്‍ഥിനികളെ നാലു വര്‍ഷം മുമ്പ് അയല്‍വാസികളും അകന്ന ബന്ധത്തില്‍പ്പെട്ടവരും പീഡനത്തിനിരയാക്കിയെന്നാണ് പരാതി. സര്‍ക്കാര്‍ വിദ്യാലയത്തിലെ പോക്സോ ബോധവല്‍ക്കരണ ക്ലാസിന് ശേഷം ഓരോ കുട്ടികളെയും പ്രത്യേകം കൗണ്‍സിലിങ്ങ് നടത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന പീഡനവിവരം പുറത്ത് വന്നത്. സ്കൂളില്‍ പഠിക്കുന്ന വിവിധ പ്രായമുള്ള വിദ്യാര്‍ഥിനികളെ വ്യത്യസ്ത സമയങ്ങളില്‍ പീഡിപ്പിക്കുകയായിരുന്നു. പ്രതികള്‍ ഒളിവിലാണ്. ബേക്കല്‍ ഡി.വൈ. എസ്.പി സി.കെ സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.