കാസര്‍കോട് വികസന പാക്കേജില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുള്ളത് 6500 കോടിയുടെ പുതിയ പദ്ധതികള്‍-മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാസര്‍കോട്: കാസര്‍കോട് വികസന പാക്കേജില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുള്ളത് കഴിഞ്ഞ 10 വര്‍ഷത്തെ അടിസ്ഥാന സൗകര്യം സംബന്ധിച്ച മാറിയ കാഴ്ച്ചപാടും നിലവിലുള്ള സാമൂഹ്യ സാമ്പത്തിക പശ്ചാത്തലവുമെല്ലാം പരിഗണിച്ചുള്ള കലോചിതമായ മാറ്റങ്ങള്‍ വരുത്തിയ 6500 കോടിയുടെ പദ്ധതികളെന്ന് തുറമുഖ-മ്യൂസിയം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി മധൂര്‍ ജി.ജെ.ബി.എച്ച്.എസില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികള്‍ അംഗീകരിക്കുന്നതിലൂടെ നൂതനമായ ധാരാളം പദ്ധതികള്‍ കാസര്‍കോട് വികസന പാക്കേജില്‍ അടുത്ത 10 വര്‍ഷം […]

കാസര്‍കോട്: കാസര്‍കോട് വികസന പാക്കേജില്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലുള്ളത് കഴിഞ്ഞ 10 വര്‍ഷത്തെ അടിസ്ഥാന സൗകര്യം സംബന്ധിച്ച മാറിയ കാഴ്ച്ചപാടും നിലവിലുള്ള സാമൂഹ്യ സാമ്പത്തിക പശ്ചാത്തലവുമെല്ലാം പരിഗണിച്ചുള്ള കലോചിതമായ മാറ്റങ്ങള്‍ വരുത്തിയ 6500 കോടിയുടെ പദ്ധതികളെന്ന് തുറമുഖ-മ്യൂസിയം-പുരാവസ്തു-പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി മധൂര്‍ ജി.ജെ.ബി.എച്ച്.എസില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികള്‍ അംഗീകരിക്കുന്നതിലൂടെ നൂതനമായ ധാരാളം പദ്ധതികള്‍ കാസര്‍കോട് വികസന പാക്കേജില്‍ അടുത്ത 10 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന വിധത്തില്‍ ഒരു വിഷന്‍ ഡോക്യുമെന്റ് ആയിട്ടാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുളളതെന്നും ജില്ലയുടെ വികസന കുതിപ്പിന് ഇത് വലിയ മുതല്‍കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.
കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയ്ക്ക് ഇതുവരെ ലഭിച്ചത് 761.28 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്കുള്ള അനുമതിയാണെന്നും ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ രൂപീകരിച്ച ഡോ.പി.പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ 19 മേഖലകളിലായി 11123.07 കോടി രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും 2013-14 സാമ്പത്തിക വര്‍ഷം മുതല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ട പദ്ധതികള്‍ കാസര്‍കോട് വികസന പാക്കേജ് എന്ന പേരില്‍ വിവിധ ഫണ്ട് സ്രോതസ്സ് ഉപയോഗിച്ച് ജില്ലയില്‍ നടപ്പിലാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.
2013-14 വര്‍ഷം മുതല്‍ 2022-23 വര്‍ഷം വരെ സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റ് വിഹിതമായി 776.95 കോടി രൂപ കാസര്‍കോട് വികസന പാക്കേജിനായി അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം കേന്ദ്ര ഫണ്ട്, വകുപ്പുതല ഫണ്ട്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ വഴി നടപ്പിലാക്കിയ പദ്ധതികള്‍ അടക്കം ഏകദേശം 2300 കോടി രൂപയുടെ പദ്ധതികള്‍ കാസര്‍കോട് വികസന പാക്കേജില്‍ ഇതുവരെ നടപ്പിലാക്കി കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി കാസര്‍കോട് വികസന പാക്കേജിന് അനുവദിച്ചതില്‍ ആരോഗ്യമേഖലയ്ക്കായി 131 കോടി രൂപയും വിദ്യാഭ്യാസ മേഖലക്കായി 86 കോടി രൂപയും ഉള്‍പ്പെടുന്നുവെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ 109 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കെ.ഡി.പിയില്‍ നിന്ന് പദ്ധതികള്‍ അനുവദിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുകയും, വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായും കൂടുതല്‍ സൗകര്യത്തോടും കൂടി വിദ്യ അഭ്യസിക്കുവാനുളള സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. ഒരു നൂറ്റാണ്ടിലധികം കാലം, അനേകം തലമുറക്ക് അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു നല്‍കിയ ഈ കലാലയത്തിന്, പുതിയ കെട്ടിട സമര്‍പ്പണത്തോടെ പുത്തനുണര്‍വ് ലഭ്യമായിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
മധൂര്‍ സ്‌കൂളിന് 2019-20 വര്‍ഷത്തില്‍ അനുവദിച്ച ഒരു കോടി രൂപക്ക് അനുമതി ലഭ്യമാക്കിയ പദ്ധതിയാണിത്. പിഡബ്ല്യൂഡി കെട്ടിട വിഭാഗം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇരുനില കെട്ടിടത്തില്‍ ആറ് ക്ലാസ് മുറികളാണുള്ളത്. സാമ്പത്തികമായും സാമൂഹ്യപരമായും പിന്നോക്കം നില്‍ക്കുന്ന ധാരാളം കുട്ടികള്‍ പഠിക്കുന്ന ഒരു സ്‌കൂള്‍ എന്ന നിലയില്‍ ഈ പദ്ധതി ഇവിടെ ഉദ്ഘാടനം ചെയ്യുന്നതില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ഗോപാലകൃഷ്ണ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് സ്മിജ വിനോദ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഉമേഷ് ഗട്ടി, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജമീല അഹമ്മദ്, കാസര്‍കോട് എ.ഇ.ഒ അഗസ്റ്റിന്‍ ബര്‍ണാഡ്, പി.ടി.എ പ്രസിഡന്റ് രാജേശ്വര ഹൊള്ള, മദര്‍ പി.ടി.എ പ്രസിഡന്റ് ഹമീദത്ത് ഹമീദ, ഒ.എസ്.എ പ്രസിഡന്റ് ബി. സതീഷ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി രാജ്‌മോഹന്‍ സ്വാഗതവും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബി. വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it