കാസര്‍കോട്: ടി.വി കാണുകയായിരുന്ന പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ 61കാരനെ കോടതി ഒമ്പതുവര്‍ഷം കടിനതടവിനും ഒന്നരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന മാത്യു ആന്റണി എന്ന അപ്പച്ചനെ(61)യാണ് കാസര്‍കോട് പോക്സോ കോടതി ജഡ്ജ് എ.വി ഉണ്ണികൃഷ്ണന് വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷംകൂടി അധിക തടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. 2016 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പതിമൂന്നുകാരി മാത്യു ആന്റണിയുടെ വീട്ടില്‍ ടി.വി കാണുന്നതിനിടെയാണ് പീഡിപ്പിക്കാനുള്ള ശ്രമം നടന്നത്. വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റു ചെയ്തും അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതും അന്നത്തെ എസ്.എം.എസ് ഡിവൈഎസ്പി എം.വി സുകുമാരനാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.