കേരളത്തിന്റെ കുതിര പോലീസിന് ഷഷ്ടിപൂര്‍ത്തി; അറുപതാണ്ട് പിന്നിടുന്ന കേരള പോലീസിന്റെ അശ്വാരൂഢ സേനയെ കുറിച്ചറിയാം

തിരുവനന്തപുരം: തിരുവിതാംകൂറിന്റെ മഹത്തായ പാരമ്പര്യത്തിന്റെ അറ്റുപോകാത്ത കണ്ണിയാണ് കുതിരപ്പോലീസ്. തിരുവനന്തപുരം നഗരത്തില്‍ പോലീസ് സേനയുടെ പ്രൗഢി വിളിച്ചോതുന്ന കുതിരക്കുളമ്പടിയൊച്ചക്ക് വര്‍ഷം അറുപത് പിന്നിടുന്നു. ഗതകാലസ്മരണകളില്‍ അനന്തപുരിയുടെ രാജവീഥികളെ പ്രകമ്പനം കൊള്ളിച്ചിരുന്ന കുതിരപ്പട്ടാളം ഇന്ന് കേരള പോലീസിന് രാജകീയ പ്രൗഢി ചാര്‍ത്തുന്ന സേനാഘടകമാണ്. ആകര്‍ഷകത്വവും ഗാംഭീര്യവും കൊണ്ട് ജനശ്രദ്ധ നേടിയതാണ് അശ്വാരൂഢസേനയെന്ന കുതിരപ്പൊലീസ്. വിശിഷ്ട ചടങ്ങുകള്‍ക്ക് പ്രൗഢിയേകുന്നതിന് കുതിരപ്പോലീസ് ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. 1880ല്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ കാലത്ത് 'രാജപ്രമുഖന്മാരുടെ അംഗരക്ഷകരെ'ന്ന പേരിലാണ് അശ്വാരൂഢ സേനയ്ക്ക് തുടക്കമിടുന്നത്. പിന്നീടത് […]

തിരുവനന്തപുരം: തിരുവിതാംകൂറിന്റെ മഹത്തായ പാരമ്പര്യത്തിന്റെ അറ്റുപോകാത്ത കണ്ണിയാണ് കുതിരപ്പോലീസ്. തിരുവനന്തപുരം നഗരത്തില്‍ പോലീസ് സേനയുടെ പ്രൗഢി വിളിച്ചോതുന്ന കുതിരക്കുളമ്പടിയൊച്ചക്ക് വര്‍ഷം അറുപത് പിന്നിടുന്നു. ഗതകാലസ്മരണകളില്‍ അനന്തപുരിയുടെ രാജവീഥികളെ പ്രകമ്പനം കൊള്ളിച്ചിരുന്ന കുതിരപ്പട്ടാളം ഇന്ന് കേരള പോലീസിന് രാജകീയ പ്രൗഢി ചാര്‍ത്തുന്ന സേനാഘടകമാണ്. ആകര്‍ഷകത്വവും ഗാംഭീര്യവും കൊണ്ട് ജനശ്രദ്ധ നേടിയതാണ് അശ്വാരൂഢസേനയെന്ന കുതിരപ്പൊലീസ്. വിശിഷ്ട ചടങ്ങുകള്‍ക്ക് പ്രൗഢിയേകുന്നതിന് കുതിരപ്പോലീസ് ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്.

1880ല്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ കാലത്ത് 'രാജപ്രമുഖന്മാരുടെ അംഗരക്ഷകരെ'ന്ന പേരിലാണ് അശ്വാരൂഢ സേനയ്ക്ക് തുടക്കമിടുന്നത്. പിന്നീടത് 'പാലസ് ഗാര്‍ഡ്' എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി. 1961ലാണ് സേനയുടെ കരുത്ത് കൂട്ടി മൗണ്ടഡ് പൊലീസ് എന്ന പേരില്‍ ഇവര്‍ കേരള പൊലീസിന്റെ ഭാഗമായത്. ബ്രിഗേഡിയര്‍ ഡബ്ല്യൂ.ഡി കേച്ചന്‍ അന്നത്തെ കുതിരപ്പൊലീസിന് വേണ്ടി തിരുവനന്തപുരത്ത് പാളയം കന്റോണ്‍മെന്റ് പോലീസ് ക്യാമ്പ് സ്ഥാപിച്ചത് ആ കാലഘട്ടത്തിലാണ്. 1961ലാണ് 'മൗണ്ടഡ് പോലീസ്' എന്ന പേരില്‍ ഇന്നു കാണുന്ന അശ്വാരൂഢസേനയുടെ രൂപമാറ്റമുണ്ടായത്.

രാജഭരണകാലത്ത് തുര്‍ക്കിയില്‍ നിന്നും മറ്റുമാണ് കുതിരകളെ എത്തിച്ചിരുന്നത്. ഇന്ന് ജയ്പൂര്‍, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നും എത്തിക്കുന്നു. കുതിരകളുടെ ആരോഗ്യപരിരക്ഷണത്തിനു മൃഗഡോക്ടറും പരിപാലിക്കുന്നത്തിന് ആധുനിക സൗകര്യങ്ങളോടുകൂടിയ ലായങ്ങളും കുതിരകള്‍ക്കാവശ്യമായ ലാടങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രത്യേക ആലയും അതിനു വേണ്ട ജീവനക്കാരും ഇവിടെയുണ്ട്.

രാജഭരണ കാലഘട്ടത്തില്‍ പാളയം ബോഡി ഗാര്‍ഡ് സ്‌ക്വയറിലായിരുന്നു പ്രവര്‍ത്തനമെങ്കില്‍ ഇന്നത് തിരുവനന്തപുരം കണ്ണേറ്റുമുക്കിലെ 1.14 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നു. രാജപ്രമുഖരുടെ ബോഡിഗാര്‍ഡുമാരായി തുടങ്ങിയവര്‍ ഇന്ന് അകമ്പടി സേവകരായും സുരക്ഷാഭടന്മാരായും രാജവീഥികളില്‍ ദിനവും റോന്തുചുറ്റുന്നുണ്ട്. മുമ്പ് രാജാക്കന്മാരായിരുന്നു സേനയെ നിയന്ത്രിച്ചിരുന്നതെങ്കില്‍ ഇന്നത് സിറ്റി പൊലീസ് കമ്മിഷണറുടെ ഉത്തരവാദിത്വമാണ്. 25 കുതിരകളാണ് നിലവില്‍ അശ്വാരൂഢസേനയില്‍ ഉള്ളത്. രണ്ടു വര്‍ഷം മുമ്പ് സേനയിലേക്ക് വാങ്ങിയ ഒമ്പത് കുതിരകള്‍ക്ക് 3-4 വയസാണ് പ്രായം. 10 പേര്‍ 10 നും 13 നും ഇടയില്‍ പ്രായമുള്ളവരാണ്. ബാക്കിയുള്ളവര്‍ക്ക് 20 വയസുണ്ട്. 20-മുതല്‍ 25വര്‍ഷം വരെയാണ് കുതിരകളുടെ ആയുസ്. ഇവയുടെ ആരോഗ്യ സംരക്ഷണത്തിനായി ഒരു അസിസ്റ്റന്റ് ഡയറക്ടറും (വെറ്ററിനറി) ഒരു ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറുമുണ്ട്. ഇവര്‍ക്കൊപ്പം 60 ഉദ്യോഗസ്ഥരും സേനയുടെ ഭാഗമാണ്.

റിപ്പബ്ലിക് ദിനപരേഡ്, സ്വാതന്ത്ര്യദിന പരേഡ്, സര്‍ക്കാരിന്റെ ഘോഷയാത്രകള്‍, രാവിലെയും വൈകിട്ടും രാത്രിയിലുമുളള പട്രോള്‍ ഡ്യൂട്ടികള്‍ എന്നിവ പ്രധാന ജോലികളാണ്. കൂടാതെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ട്, പള്ളിവേട്ട, നവരാത്രി ആഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് ഘോഷയാത്രകള്‍ എന്നിവയ്ക്കും കുതിരകള്‍ അകമ്പടി സേവിക്കുന്നു.

Related Articles
Next Story
Share it