കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിലെ പ്രതിക്ക് 42 വര്‍ഷം തടവും 3,10,000 രൂപ പിഴയും വിധിച്ചു. മടിക്കൈ കണ്ടംകുട്ടിച്ചാലിലെ എബിന് ജോസഫിനാ(30)ണ് ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് പി.എം സുരേഷ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും ഒരു മാസവും അധിക തടവ് അനുഭവിക്കാനും വിധിച്ചു. 2022 ഫെബ്രുവരി മുതല്‍ 2023 ഫെബ്രുവരി വരെയുള്ള പല ദിവസങ്ങളില്‍ പ്രതി വിവാഹിതനാണെന്നുള്ള കാര്യം മറച്ചുവെച്ച് പ്രണയം നടിച്ച് പതിനാറുകാരിയെ പ്രതി താമസിച്ചിരുന്ന വാടക ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 506(1) പ്രകാരം രണ്ടുവര്‍ഷം സാധാരണ തടവും 10,000 രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ ഒരുമാസം അധിക തടവും 376(3) പ്രകാരം 20 വര്‍ഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ ആറുമാസം അധിക തടവും പോക്സോ ആക്ട് പ്രകാരം 20 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കില്‍ ആറുമാസവുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി വിധി. കേസില്‍ ആദ്യം അന്വേഷണം നടത്തിയത് അന്നത്തെ ഇന്‍സ്പെക്ടര്‍ കെ.പി ശ്രീഹരിയും അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ഇന്‍സ്പെക്ടര്‍ കെ. പ്രേംസദനുമാണ്. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. ഗംഗാധരന് ഹാജരായി.