4.76 കോടിയുടെ തട്ടിപ്പ്: പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികള്‍ റിമാണ്ടില്‍

മുള്ളേരിയ: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. പളളിക്കര പഞ്ചായത്ത് അംഗമായ മൗവ്വല്‍ സ്വദേശി കെ. അഹമ്മദ് ബഷീര്‍(60), അഹമ്മദ് ബഷീറിന്റെ ഡ്രൈവര്‍ അമ്പലത്തറ പറക്കളായി ഏഴാംമൈലിലെ എ. അബ്ദുല്‍ ഗഫൂര്‍(26), കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ എ. അനില്‍ കുമാര്‍(55) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. മൂന്നുപേരെയും കാസര്‍കോട് സബ് ജയിലിലേക്ക് മാറ്റി. […]

മുള്ളേരിയ: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെ കോടതി റിമാണ്ട് ചെയ്തു. പളളിക്കര പഞ്ചായത്ത് അംഗമായ മൗവ്വല്‍ സ്വദേശി കെ. അഹമ്മദ് ബഷീര്‍(60), അഹമ്മദ് ബഷീറിന്റെ ഡ്രൈവര്‍ അമ്പലത്തറ പറക്കളായി ഏഴാംമൈലിലെ എ. അബ്ദുല്‍ ഗഫൂര്‍(26), കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ എ. അനില്‍ കുമാര്‍(55) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. മൂന്നുപേരെയും കാസര്‍കോട് സബ് ജയിലിലേക്ക് മാറ്റി. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് മൂന്നുപേരെയും ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കേസിലെ മുഖ്യപ്രതിയായ സൊസൈറ്റി സെക്രട്ടറി കെ. രതീഷിന് തട്ടിപ്പ് നടത്താന്‍ മൂന്ന് പ്രതികളും ഒത്താശ നല്‍കിയതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ബംഗളൂരുവില്‍ നിന്നാണ് മൂന്നുപേരെയും ആദൂര്‍ എസ്.ഐ അനുരൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
രതീഷ് തട്ടിയെടുത്ത തുകയില്‍ 44 ലക്ഷം രൂപ അഹമ്മദ് ബഷീറിന്റെ അക്കൗണ്ടിലേക്കാണ് മാറ്റിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മെയ് ഒമ്പതിന് രാത്രി രതീഷ് സൊസൈറ്റിയില്‍ നിന്നെടുത്ത പണയ സ്വര്‍ണ്ണം കേരള ബാങ്കിന്റെ പെരിയ, കാഞ്ഞങ്ങാട് ശാഖകളില്‍ അബ്ദുല്‍ ഗഫൂറിന്റെയും അനില്‍ കുമാറിന്റെയും പേരില്‍ പണയം വെക്കുകയായിരുന്നു. പണയം വെച്ച് കിട്ടിയ പണം രതീഷിനെ ഏല്‍പ്പിച്ചുവെന്നാണ് അബ്ദുല്‍ ഗഫൂറും അനില്‍ കുമാറും പൊലീസിനോട് വെളിപ്പെടുത്തിയത്. അഹമ്മദ് ബഷീര്‍ ബേക്കല്‍ ജംഗ്ഷനില്‍ ജീലാനി ട്രാവല്‍സ് എന്ന സ്ഥാപനം നടത്തിവരികയാണ്. അനില്‍ കുമാര്‍ കാഞ്ഞങ്ങാട്ടെ ജിംനേഷ്യത്തില്‍ ട്രെയിനറാണ്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മൂന്ന് പ്രതികളും പ്രവര്‍ത്തിക്കുന്നതിനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തട്ടിയെടുത്ത തുക ഉപയോഗിച്ച് വയനാട്ടില്‍ ഭൂമിയും ബംഗളൂരുവില്‍ രണ്ട് ഫ്ളാറ്റുകളും വാങ്ങിയതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
തട്ടിപ്പിന്റെ പ്രധാന സൂത്രധാരന്‍ കണ്ണൂര്‍ താണ സ്വദേശിയാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുടെ പേരിലാണ് സ്വത്തുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രതീഷും കണ്ണൂര്‍ സ്വദേശിയും ഒരുമിച്ചാണ് ഒളിവില്‍ കഴിയുന്നതെന്ന് പൊലീസ് സംശയിക്കുന്നു. മുഴുവന്‍ തുകയും കണ്ണൂര്‍ സ്വദേശിക്ക് കൈമാറിയിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം.


ബംഗളൂരുവില്‍ നിന്ന് ഹാസനിലേക്ക്,
അവിടെ നിന്ന് ശിവമോഗയിലേക്ക്

ബംഗളൂരു: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി രതീഷ് ഇപ്പോഴും ഒളിവില്‍ തന്നെയാണ്. രതീഷ് ബംഗളൂരു, ഹാസന്‍, ശിവമോഗ എന്നിവിടങ്ങളില്‍ മാറിമാറി ഒളിവില്‍ കഴിയുകയാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. രതീഷിന്റെ മൊബൈല്‍ ഫോണ്‍ ചില സമയങ്ങളില്‍ സ്വിച്ച് ഓഫാണ്. രതീഷ് ബംഗളൂരുവിലെ ടവര്‍ ലൊക്കേഷന്‍ പരിധിയിലുണ്ടെന്നായിരുന്നു ആദ്യം പൊലീസിന് ലഭിച്ച സൂചന. പൊലീസ് ഇവിടെയെത്തിയപ്പോള്‍ ഹാസനിലേക്ക് കടന്നു. ഹാസനില്‍ പൊലീസ് എത്തിയതോടെ ശിവമോഗയിലേക്ക് മുങ്ങി. രണ്ട് പൊലീസ് ടീമുകളാണ് കേസില്‍ അന്വേഷണം നടത്തുന്നത്. ഇതില്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള ടീം കര്‍ണ്ണാടകയില്‍ നിന്ന് മടങ്ങിവന്നിട്ടുണ്ട്. മറ്റൊരു പൊലീസ് ടീം രതീഷിനെ കണ്ടെത്തുന്നതിനായി കര്‍ണ്ണാടകയില്‍ തന്നെ തങ്ങിയിരിക്കുകയാണ്.

Related Articles
Next Story
Share it