ജയ്പുര്‍: ആശുപത്രിയില്‍ നിന്ന് 320 ഡോസ് കോവിഡ് 19 വാക്സിന് കാണാതായി. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. കന്‍വാതിയ ആശുപത്രിയില്‍ നിന്നാണ് ചൊവ്വാഴ്ച കോവിഡ് 19 വാക്സിനുകള്‍ കാണാതായത്. മാര്‍ച്ച് എട്ടിന് സംസ്ഥാനത്ത് വാക്സിന് ക്ഷാമം നേരിടുന്നതായി രാജസ്ഥാന് ആരോഗ്യമന്ത്രി രഘു ശര്‍മ പറഞ്ഞിരുന്നു.
വാക്സിന് കടത്തിക്കൊണ്ടുപോയി കരിഞ്ചന്തയില്‍ വിറ്റതായാണ് സംശയം. രാജ്യത്തിന്റെ പല ഭാഗത്തും വാക്സിന് ക്ഷാമം നേരിടുന്നതായുളള വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടയിലാണ് വാക്സിന് മോഷ്ടിക്കപ്പെട്ടതായി സംശയിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ശാസ്ത്രി നഗര്‍ പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാനിയമം 380 പ്രകാരം എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം വാക്സിന് കാണാതായ സംഭവം ആരോഗ്യവകുപ്പ് അന്വേഷിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു.