കാസര്‍കോട്: കാസര്‍കോട്ടേക്ക് കാറില്‍ കടത്തുകയായിരുന്ന 3000 ഇ-സിഗരറ്റുകള്‍ പൊലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം ബട്ടിപദവ് സ്വദേശി മുഹമ്മദ് ഷെരീഫ് (41), മഞ്ചേശ്വരം പൊസോട്ടെ മുഹമ്മദ് ബഷീര്‍ (54) എന്നിവരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച കാറിന്റെ ടയര്‍ ചന്ദ്രഗിരി ജംഗ്ഷനു സമീപത്ത് വെച്ച് പഞ്ചറായിരുന്നു.
അതുവഴിയെത്തിയ പെട്രോളിംഗ് നടത്തുകയായിരുന്ന ഇരുവരുടെയും പരിഭ്രമം കണ്ട് സംശയം തോന്നി കാറിനുള്ളില്‍ പരിശോധന നടത്തിയപ്പോഴാണ് ഇ-സിഗരറ്റ് ശേഖരം പിടികൂടിയത്. മലപ്പുറത്തു നിന്നാണ് ഇതുകൊണ്ടുവന്നതെന്ന് ഇരുവരും മൊഴി നല്കി.
റീഫില്‍ ചെയ്യാന്‍ പറ്റുന്നതും പറ്റാത്തതുമായ രണ്ടുതരം ഇ-സിഗരറ്റുകള്‍ വിപണിയിലുണ്ട്. റീഫില്‍ ചെയ്യാന്‍ പറ്റാത്ത ഇ-സിഗരറ്റാണ് ഇന്നലെ പിടികൂടിയത്. 500 രൂപ വിലയുള്ള ഇത്തരം സിഗരറ്റ് ഒരു മാസം വരെ ഉപയോഗിക്കാന്‍ കഴിയുന്നതാണെന്ന് കാസര്‍കോട് പൊലീസ് പറഞ്ഞു. സ്കൂള്‍ കുട്ടികളെ ലക്ഷ്യമിട്ടാണ് ഇവ വിപണിയിലിറക്കിയിരിക്കുന്നത്.
ആപ്പിള്‍, ഓറഞ്ച് എന്നിങ്ങനെ പഴങ്ങളുടെ ഫ്ളേവര്‍ ആയതിനാല്‍ സാധാരണ സിഗരറ്റിന്റെ രൂക്ഷഗന്ധവും ഇതിനില്ല എന്നതും കുട്ടികളെ ആകര്‍ഷിക്കുന്നു. ഇന്നലെ കാസര്‍കോട്ടെ ഒരു സ്കൂളില്‍ വിദ്യാര്‍ഥിയില്‍ ഇ-സിഗരറ്റ് അധ്യാപകര്‍ പിടികൂടിയിരുന്നു. അടുത്തിടെ കാസര്‍കോട്, മഞ്ചേശ്വരം മേഖലകളിലെ വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും വ്യാപകമായി പിടികൂടിയിരുന്നു.