ചെര്‍ക്കളം അബ്ദുല്ല ഇല്ലാത്ത 3 വര്‍ഷം

ചിലരുടെ വിടവ് കുറേകാലത്തേക്ക് പരിഹരിക്കാന്‍ സാധിക്കാതെ സമൂഹത്തിനും നാടിനും പരിഹാരം കണ്ടെത്താന്‍ സാധിക്കാതെ നഷ്ടമായി നിലനില്‍ക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ജനനേതാവിന്റെ വേര്‍പാടാണ് മൂന്നാണ്ടുകള്‍ക്ക് മുമ്പ് 2018 ജുലായ് 27ന് വെള്ളിയാഴ്ച ഈ ലോകത്തോട് വിട പറഞ്ഞ മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുല്ല എന്ന ആ വലിയ മനുഷ്യന്റെ നിര്യാണം. ഒരു പുരുഷായുസ്സ് മുഴുവന്‍ കാലം മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ചെര്‍ക്കളം എന്ന കാസര്‍കോട്ടെ തലയെടുപ്പുള്ള കാരണവര്‍ നമ്മെ വിട്ടുപിരിഞ്ഞ […]

ചിലരുടെ വിടവ് കുറേകാലത്തേക്ക് പരിഹരിക്കാന്‍ സാധിക്കാതെ സമൂഹത്തിനും നാടിനും പരിഹാരം കണ്ടെത്താന്‍ സാധിക്കാതെ നഷ്ടമായി നിലനില്‍ക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ജനനേതാവിന്റെ വേര്‍പാടാണ് മൂന്നാണ്ടുകള്‍ക്ക് മുമ്പ് 2018 ജുലായ് 27ന് വെള്ളിയാഴ്ച ഈ ലോകത്തോട് വിട പറഞ്ഞ മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുല്ല എന്ന ആ വലിയ മനുഷ്യന്റെ നിര്യാണം.
ഒരു പുരുഷായുസ്സ് മുഴുവന്‍ കാലം മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ചെര്‍ക്കളം എന്ന കാസര്‍കോട്ടെ തലയെടുപ്പുള്ള കാരണവര്‍ നമ്മെ വിട്ടുപിരിഞ്ഞ ഓര്‍മ്മകള്‍ ഇന്നും ജനഹൃദയത്തെ നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഹരിതരാഷ്ട്രീയത്തിന്റെ വാനിലുദിച്ചു ചേര്‍ന്ന ഉത്തരമലബാറിന്റെ മേല്‍വിലാസമായി മാറിയ ജനനായകന്റെ വേര്‍പാട് ഒരു നാടിന്റെ, സമൂഹത്തിന്റെ സമുദായത്തിന്റെ വേദനയായാണ്.
സ്വന്തം നാടിനെ പേരിനൊപ്പം ചേര്‍ത്തുവെച്ച ചെര്‍ക്കളം അബ്ദുല്ല മായാത്ത ഓര്‍മ്മയായി എന്നും നിലനില്‍ക്കും. കനല്‍പാതകള്‍ താണ്ടിയാണ് ചെര്‍ക്കളം നടന്നുവന്നത്. അതൊരു ഉയരത്തിലേക്കുള്ള കോണിപ്പടി തന്നെയായിരുന്നു. ചെന്നെത്തിയത് മന്ത്രിപദത്തിലേക്ക് മാത്രമായിരുന്നില്ല, അനേകായിരം ജനങ്ങളുടെ ഹൃദയത്തിലേക്കായിരുന്നു എന്നതാണ് അദ്ദേഹത്തിന് ലഭിച്ച സൗഭാഗ്യവും. തന്റേടവും ആര്‍ജ്ജവവും കാര്യപ്രാപ്തിയുമുള്ള നേതാവെന്ന് കാലം അദ്ദേഹത്തെ വിളിച്ചത് നേരം പോക്കിനല്ല. എവിടെയും ചങ്കൂറ്റത്തോടെ, ആത്മധൈര്യത്തോടെ കയറി ചെല്ലാനുള്ള കഴിവ് അദ്ദേഹത്തിന്റെ മുഖമുദ്ര തന്നെയായിരുന്നു. അദ്ദേഹത്തിന് ശരിയെന്ന് തോന്നുന്ന കാര്യം ആരുടെയും മുഖം നോക്കാതെ പറയേണ്ടിടത്ത് പറയേണ്ട പോലെ പറയുവാന്‍ ആര്‍ജ്ജവം കാട്ടിയ ചെര്‍ക്കളം ഒരിടത്തും മുട്ടുവിറച്ചു നില്‍ക്കാതെ തന്റേടം കാട്ടിയിരുന്നു. മുസ്ലിം വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ ഹരിത രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വെച്ച ചെര്‍ക്കളം സ്വപ്രയത്‌നം കൊണ്ടാണ് മരണം വരെ മുസ്ലിം ലീഗിന്റെ അമരത്ത് നിറഞ്ഞു നിന്നത്. ഹരിത രാഷ്ട്രീയത്തിന്റെ ജില്ലയിലെ കാവലാളായി മരണം വരെ ഉറച്ച അദ്ദേഹം ലീഗിന് മാത്രമല്ല മറ്റു നേതാക്കള്‍ക്കിടയില്‍ പോലും വിശ്രമമില്ലാത്ത ജനകീയ നേതാവായി വാഴാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു എന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത സത്യമാണ്. രാഷ്ട്രീയ നേതൃത്വത്തിനൊപ്പം മതകാര്യങ്ങളുടെ നേതൃത്വം ഏറ്റെടുത്തിരുന്ന അദ്ദേഹം മരണസമയത്ത് കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ടും സമസ്തയുടെ കീഴ്ഘടകമായ സുന്നി മഹല്‍ ഫെഡറേഷന്റെ സംസ്ഥാന ജില്ലാ ഭാരവാഹികൂടിയായിരുന്ന ചെര്‍ക്കളം എന്നും സുന്നത്ത് ജമാഅത്തിന്റെ കാവലാളായിരുന്നു.
സമസ്തയുടെ പണ്ഡിതന്മാരേയും സാദാത്തുക്കളെയും അതിരറ്റ് സ്‌നേഹിക്കുകയും അത്തരക്കാര്‍ക്ക് സ്‌നേഹാദരവ് നല്‍കുകയെന്നത് അദ്ദേഹത്തിന് പ്രത്യേക അഭിലാഷമായിരുന്നു.
ഏത് കാര്യങ്ങളാണ് ആ വലിയ മനുഷ്യനെ തേടിയെത്തുന്നത് അതെത്ര പ്രശ്‌ന സങ്കീര്‍ണ്ണമുള്ള കാര്യമാണെങ്കിലും അതേറ്റെടുക്കുവാന്‍ സധൈര്യം മുന്നോട്ട് വരികയും പരിഹരിക്കാന്‍ കഴിവിന്റെ പരമാവധി ശ്രമിക്കുകയും ചെയ്തിരുന്നു.
ഏത് തരത്തിലുള്ള പൊതുകാര്യങ്ങളാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തുക ആ കാര്യം തീര്‍ച്ചയായും വിജയത്തിന്റെ കൊടുമുടിയില്‍ എത്തിക്കാതെ അദ്ദേഹത്തിന് വിശ്രമമുണ്ടാകില്ല. അതാണ് ചെര്‍ക്കളത്തിന്റെ പ്രത്യേകത. മറ്റൊരു നേതാവിനും സാധിക്കാത്ത കൃത്യനിഷ്ഠ ചെര്‍ക്കളത്തിന്റെ കൂടപ്പിറപ്പാണെന്ന് വേണം പറയാന്‍. എത്ര ചെറുതും വലുതുമായ പരിപാടികള്‍ ഏറ്റെടുത്താലും സമയനിഷ്ഠ പാലിച്ചെത്തുന്ന നേതാവാരാണെന്ന് ചോദിച്ചാല്‍ മരണം വരെ അത് ചെര്‍ക്കളം എന്ന ഉത്തരമേ ലഭിച്ചിരുന്നുള്ളു. ചെര്‍ക്കളം അബ്ദുല്ല എന്ന ധന്യജീവിതത്തിന്റെ വേര്‍പാട് അദ്ദേഹം കൈകാര്യം ചെയ്ത എല്ലാ മേഖലകളിലും ഇന്നും ശൂന്യമായി കിടക്കുകയാണെന്ന് വേണം പറയാന്‍. ഹരിത രാഷ്ട്രീയത്തിന് തുല്യതയില്ലാത്ത നേതൃത്വം നല്‍കിയ ചെര്‍ക്കളം അബ്ദുല്ല സാഹിബ് അടയാളപ്പെടുത്തി ബാക്കി വെച്ചു പോയ മുസ്ലിം ലീഗ് എന്ന നൗക കാറ്റിലും കോളിലും ഉലയാതെ കാത്തുസൂക്ഷിക്കാന്‍ ആ ധീര നേതാവിന്റെ പിന്‍തലമുറക്കാര്‍ക്ക് സാധിക്കുമാറാകട്ടെ എന്നാശംസിക്കാം. നമ്മുടെയെല്ലാം പ്രിയങ്കരനായ നേതാവിന്റെ പരലോക ജീവിതം സന്തോഷപൂരിതമാകണേ നാഥാ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

Related Articles
Next Story
Share it