മംഗളൂരു: കനത്ത മഴ കര്‍ണാടകയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും നാശം വിതയ്ക്കുന്നു. ദക്ഷിണ കന്നഡ ജില്ലയിലെ പഞ്ചിക്കല്ലിലുണ്ടായ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ പെട്ട് മലയാളികളായ മൂന്ന് റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികള്‍ മരിച്ചു. പാലക്കാട് സ്വദേശി ബിജു (45), ആലപ്പുഴ സ്വദേശി സന്തോഷ് (46), കോട്ടയം സ്വദേശി ബാബു (46) എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ സ്വദേശി ജോണി(44)നെ രക്ഷപ്പെടുത്തി. ബുധനാഴ്ച രാത്രിയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇവര്‍ കിടന്നിരുന്ന ഷെഡിന് മുകളിലേക്ക് കുന്ന് ഇടിഞ്ഞുവീഴുകയായിരുന്നു. ബിജുവിന്റെ മൃതദേഹമാണ് ആദ്യം പുറത്തെടുത്തത്. സന്തോഷിനെയും ബാബുവിനെയും ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു.
പഞ്ചിക്കല്‍ മുക്കുഡയില്‍ റബര്‍ തോട്ടത്തിലാണ് മലയാളികള്‍ ജോലി ചെയ്തുവന്നത്. അഞ്ചു പേര്‍ താമസിക്കുന്ന ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
ചിക്കമംഗളൂരു ജില്ലയിലെ തൊഗരിഹങ്കല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ കഴിഞ്ഞ ദിവസം സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കായി തിരച്ചില്‍ തുടരുന്നു. ജ്യേഷ്ഠനും സുഹൃത്തുക്കള്‍ക്കം ഒപ്പം വരുന്നതിനിടെയാണ് കുട്ടി ഒഴുക്കില്‍ പെട്ടത്.
അതേസമയം, സംസ്ഥാനത്തെ പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. കാവേരി വൃഷ്ടിപ്രദേശത്ത് പെയ്ത കനത്ത മഴ കുടക് ജില്ലയില്‍ വെള്ളപ്പൊക്കത്തിന് കാരണമായി.
കാവേരി നദി കരകവിഞ്ഞൊഴുകുന്നതിനാല്‍ ചുറ്റുമുള്ള നഗരങ്ങളും പട്ടണങ്ങളും വെള്ളപ്പൊക്ക ഭീതിയിലാണ്. കുടക് ജില്ലയില്‍ അടുത്ത കാലത്തായി നേരിയ ഭൂചലനം ആവര്‍ത്തിച്ച് അനുഭവപ്പെട്ടിട്ടുണ്ട്, ഈ ഭാഗത്ത് വലിയ ഉരുള്‍പൊട്ടലിനുള്ള സാധ്യതയും നിലനില്‍ക്കുന്നു. വടക്കന്‍ കര്‍ണാടക മേഖലയില്‍ വേദഗംഗ, ദൂധഗംഗ, കൃഷ്ണ, ബെലഗാവിയിലും പരിസര പ്രദേശങ്ങളിലും പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു.