2020; വിവാദങ്ങളുടെയും നഷ്ടങ്ങളുടെയും ഒരാണ്ട്!

കടന്നു പോയത് നഷ്ടങ്ങളുടെയും വിവാദങ്ങളുടെയും ഒരു വര്‍ഷം. കൊറോണ എന്ന പുതിയൊരു വൈറസ് കാരണം ദിനംപ്രതി രോഗബാധിതരാവുന്നവരുടെയും മരിച്ചു വീഴുന്നവരുടെയും കണക്കുകള്‍ എല്ലാവരുടെയും മനസ്സില്‍ അസ്വസ്ഥതയുടെ വിത്തുകള്‍ പാകിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഈ രോഗം കേരളത്തിലുമെത്തി. നിപ്പയുടെ അനുഭവം നല്‍കിയ പാഠങ്ങളുടെ ബലത്തില്‍ നമുക്ക് ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ കഴിഞ്ഞു. സര്‍ക്കാറിന്റെ ഇടപെടലും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമായിരുന്നു. ബാംഗളൂരില്‍ നിന്നും എറണാകുളത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി.യുടെ വോള്‍വോ ബസ്എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ച് 19 യാത്രക്കാര്‍ അതിദാരുണമായി മരണപ്പെട്ടതും കോഴിക്കോട് വിമാനത്താവളത്തിലെ […]

കടന്നു പോയത് നഷ്ടങ്ങളുടെയും വിവാദങ്ങളുടെയും ഒരു വര്‍ഷം. കൊറോണ എന്ന പുതിയൊരു വൈറസ് കാരണം ദിനംപ്രതി രോഗബാധിതരാവുന്നവരുടെയും മരിച്ചു വീഴുന്നവരുടെയും കണക്കുകള്‍ എല്ലാവരുടെയും മനസ്സില്‍ അസ്വസ്ഥതയുടെ വിത്തുകള്‍ പാകിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഈ രോഗം കേരളത്തിലുമെത്തി. നിപ്പയുടെ അനുഭവം നല്‍കിയ പാഠങ്ങളുടെ ബലത്തില്‍ നമുക്ക് ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ കഴിഞ്ഞു. സര്‍ക്കാറിന്റെ ഇടപെടലും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമായിരുന്നു.

ബാംഗളൂരില്‍ നിന്നും എറണാകുളത്തേക്ക് പോയ കെ.എസ്.ആര്‍.ടി.സി.യുടെ വോള്‍വോ ബസ്എതിരെ വന്ന ലോറിയുമായി കൂട്ടിയിടിച്ച് 19 യാത്രക്കാര്‍ അതിദാരുണമായി മരണപ്പെട്ടതും കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേയില്‍നിന്നും തെന്നിമാറിയ വിമാനം തകര്‍ന്ന് ചില യാത്രക്കാര്‍ മരിക്കാനിടയാക്കിയതും പോയ വര്‍ഷത്തെ ദുഖങ്ങളായിരുന്നു.

മലയാളികളുടെ ആരോഗ്യവിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കുന്നു എന്ന ആരോപണം സ്പ്രിങ്‌ളര്‍ കരാറില്‍സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. ഉദ്യോഗസ്ഥരെ ചേര്‍ത്തു പിടിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും കോടതിയുടെഇടപെടലില്‍ കരാര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. മദ്യവിതരണത്തിനായി പുറത്തിറക്കിയ വെബ്ക്യു എന്ന ആപ്പും ഏറെ പുകിലുകള്‍ സൃഷ്ടിച്ചു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുംകള്ളക്കടത്ത് സ്വര്‍ണ്ണം കസ്റ്റംസ് പിടിച്ചെടുത്തതോടു കൂടി തുടങ്ങിയ ആരോപണ ഘോഷയാത്ര 2020 പിരിയുമ്പോഴുംഅവസാനിച്ചിട്ടില്ല. ഒളിവില്‍ പോയ പ്രതികളെ വളരെ വിദഗ്ദമായി അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ പിടികൂടി. തുടരന്വേഷണത്തിനായി കേന്ദ്ര ഏജന്‍സികള്‍ ഒന്നിന് പിറകെ ഒന്നായികേരളത്തിലേക്ക് കടന്നുവന്നു. പ്രോട്ടോകാള്‍ പാലിക്കാതെഎത്തിയ ഈന്തപ്പഴവും വിശുദ്ധഗ്രന്ഥവും ഒക്കെ അന്വേഷണത്തിന്റെ ഭാഗമായി. സംസ്ഥാനത്തെ ഒരുമന്ത്രിയെ പലവട്ടം ചോദ്യംചെയ്തു. കേന്ദ്രമന്ത്രിക്ക് നേരെ ഭരണപക്ഷം ആരോപണം ഉന്നയിച്ചു. ഒരുപ്രമുഖ മദ്ധ്യമപ്രവര്‍ത്തകനുംചോദ്യംചെയ്യലിന് വിധേയമായി. മുഖ്യമന്ത്രിയുടെ ഓഫീസിനുനേരെ പ്രതിപക്ഷം സംശയത്തിന്റെ വിരല്‍നീട്ടി. വടക്കാഞ്ചേരിയിലെ ലൈഫ്മിഷന്‍ പദ്ധതിയും സര്‍ക്കാരിന്റെ മറ്റു പദ്ധതികളും സംശയത്തിന്റെ നിഴലിലായി. വടക്കാഞ്ചേരി ലൈഫ് പദ്ധതിയില്‍ കോഴ ഇടപാട് നടന്നിട്ടുണ്ട് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ പലവട്ടം ചോദ്യം ചെയ്തു. ആശുപത്രി നാടകം അദ്ദേഹത്തിന് തുണയായില്ല. ശിവശങ്കര്‍ അറസ്റ്റിലായി ജയിലിലെത്തി. സ്പ്രിങ്‌ലറില്‍ ചേര്‍ത്തു നിര്‍ത്തിയവര്‍ക്ക് ശിവശങ്കര്‍ വഞ്ചകനും ചതിയനുമായി. ധാര്‍മ്മികമായി മുഖ്യമന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും രാജിവെക്കണമെന്നും പ്രതിപക്ഷം മുറവിളികൂട്ടി. മുഖ്യമന്ത്രിയുടെ അഡിഷണല്‍ സെക്രട്ടറിയും സംശയനിഴലിലായി. ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴൊക്കെ പലതവണ ഒഴിഞ്ഞു മാറിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ നിരന്തരമായ ചോദ്യം ചെയ്യന് വിധേയമായിക്കൊണ്ടിരിക്കുകയാണ് അദ്ദേഹമിപ്പോള്‍. തെറ്റായ മൊഴികള്‍ നല്‍കാന്‍ പ്രേരിപ്പിക്കുന്നു എന്നരീതിയില്‍ പ്രതികളിലൊരാളുടെ ശബ്ദസന്ദേശം പുറത്തുവന്നതിനെതിരെ അന്വേഷണം ആവശ്യപ്പെട്ടിട്ടും കൃത്യമായ ഒരന്വേഷണം നടത്താന്‍ എന്തുകൊണ്ടോ പൊലീസ് തയ്യാറായില്ല. വധഭീഷണി ഉണ്ടെന്ന പ്രതിയുടെ പരാതിയും കൃത്യമായി അന്വേഷിക്കുകയുണ്ടായില്ല. പ്രതികള്‍ നല്‍കിയ രഹസ്യ മൊഴിയില്‍ വമ്പന്‍സ്രാവുകളുടെ പേരുകള്‍ കണ്ടു കോടതിവരെ ഞെട്ടിപ്പോയി എന്നാണ് കേട്ടത്. ഏതായാലും രാഷ്ട്രീയ പുകിലുകള്‍ ഒന്നും ശ്രദ്ധിക്കാതെ അന്വേഷണം മുന്നോട്ടു നീങ്ങുകയാണ്. ഈ അന്വേഷണങ്ങള്‍ക്കിടയിലാണ്‌സെക്രട്ടേറിയേറ്റില്‍ തീപിടുത്തമുണ്ടായതും ചില ഫയലുകള്‍കത്തിനശിച്ചതും. തീപിടുത്തം എങ്ങനെ ഉണ്ടായി എന്നതിനെപ്പറ്റി ഇന്നും ഒരുതീര്‍പ്പിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഷോര്‍ട്‌സര്‍ക്യൂട്ട് അല്ലെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് അംഗീകരിക്കാന്‍തയ്യാറാകാത്ത പൊലീസ് കൂടുതല്‍ വിദഗ്ധ പരിശോധനകള്‍ക്കായി തെളിവുകള്‍ അയച്ചുകൊടുത്തിട്ടുണ്ട്.

പ്രകൃതിയുടെ സംഹാരതാണ്ഡവം ഇത്തവണ ഇടുക്കിയിലെപെട്ടിമുടിയിലായിരുന്നു. അന്‍പതോളം പാവപ്പെട്ട തൊഴിലാളികള്‍ അവരുടെ സ്വപ്‌നത്തോടൊപ്പം മണ്ണിലമര്‍ന്നു. കേരളംഒന്നായി തേങ്ങിയസമയം. പക്ഷെ പ്രകൃതിനശീകരണം പിന്നെയും നിര്‍ബാധം തുടരുന്ന കാഴ്ചയാണെങ്ങും.
സിനിമാക്കാരുടെ ഇടയിലെ മയക്കുമരുന്നിന്റെ അന്വേഷണംകുടുക്കിയത് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറിയുടെ മകനെയാണ്. സംസ്ഥാനരാഷ്ട്രീയം തിളച്ചുമറിഞ്ഞ സമയം കൂടിയായിരുന്നു.

പിളരുന്തോറും വളരുന്ന കേരളകോണ്‍ഗ്രസ് ഒരിക്കല്‍കൂടിപിളര്‍ന്നു. ജോസ് കെ മാണിയുടെയും ജോസഫിന്റെയും നേതൃത്വത്തില്‍ രണ്ടായി. കോട്ടയത്തെ ഒരുപഞ്ചായത്തിലെ അധികാരം പങ്കുവെക്കുന്ന തര്‍ക്കം മൂത്ത് ഒടുവില്‍ ജോസ് വിഭാഗം യു.ഡി.എഫ്ല്‍.നിന്ന് പുറത്തുപോയി ഇടത് മുന്നണിയില്‍ ചേര്‍ന്നു.
സ്വര്‍ണക്കേസില്‍ മുഖംനഷ്ടപ്പെട്ട സര്‍ക്കാര്‍ മുഖം മിനുക്കാനിറങ്ങി. ഫാഷന്‍ ഗോള്‍ഡ്‌ന്റെ പേരില്‍ നിക്ഷേപകരെ വഞ്ചിച്ചതിന് മഞ്ചേശ്വരം എം.എല്‍.എ.യെ അറസ്റ്റ് ചെയ്തു. പാലാരിവട്ടം കേസില്‍ വിദഗ്ധമായി മുന്‍മന്ത്രിയെ അറസ്റ്റ്‌ചെയ്യാന്‍ ശ്രമിച്ചെങ്കിലും അതിലും വിദഗ്ധമായി അദ്ദേഹംആസ്പത്രിയില്‍ അഭയം തേടി. ആസ്പത്രിയില്‍ വെച്ച് അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും അവിടെ നിന്നും മാറ്റാന്‍ കഴിഞ്ഞില്ല. സോളാര്‍ കേസും പൊടിതട്ടിയെടുത്ത കേസുകളില്‍പെടും. ബാര്‍കോഴയില്‍ പുതിയ വെളിപ്പെടുത്തലുമായി ബിജുരമേശ് വീണ്ടും പ്രത്യക്ഷപ്പെട്ടു.
കിഫ്ബിയില്‍ സി.എന്‍.ജി നത്തിയ ഓഡിറ്റിംഗും കെ.എസ്.എഫ്.ഇ.യില്‍ സംസ്ഥാന വിജിലന്‍സ് നടത്തിയ മിന്നല്‍പരിശോധനയും ധനകാര്യമന്ത്രിയെ വിറളി പിടിപ്പിച്ചതും നാംകണ്ടു. രൂക്ഷമായ ഭാഷയില്‍ അദ്ദേഹം ഈ പരിശോധനകളെയും ഏജന്‍സികളെയും വിമര്‍ശിച്ചു. സി.എം.ജിയുടെ കണ്ടെത്തല്‍ ഇഡിയുടെ പരിശോധനയ്ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്.

മാസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്‍ക്കും വിരാമമായിട്ട് ബി.ജെ.പി.യുടെസംസ്ഥാന പ്രസിഡന്റായികെ സുരേന്ദ്രന്‍ അവരോധിതനായി. ഗ്രൂപ്പ്കളികളാലുംപടലപ്പിണക്കങ്ങളാലും നീണ്ടുപോയ തീരുമാനം ഏതായാലുംആ പാര്‍ട്ടിക്കും അണികള്‍ക്കും നല്‍കിയ ആശ്വാസം ചില്ലറയല്ല.
ഒരുനിയമം നടപ്പില്‍ വരുത്താനും അടുത്ത ദിവസം ആ നിയമം റദ്ദാക്കാനും ഒരേ സര്‍ക്കാര്‍ തന്നെ ഓര്‍ഡിനന്‍സ് ഇറക്കിയതും നാം കണ്ടു. സ്വര്‍ണ്ണക്കടത്ത് കേസിന് ശേഷം സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ വന്‍തോതില്‍ നടക്കുന്ന സാമൂഹ്യവിമര്‍ശനങ്ങളുടെ മുനയൊടിക്കുക എന്നതായിരുന്നു ലക്ഷ്യം. പുതിയനിയമത്തിനെതിരെ കക്ഷിഭേദമന്യേ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും എതിര്‍പ്പിന്റെ സ്വരം ശക്തമായപ്പോള്‍ നിയമം പിന്‍വലിക്കുക എന്നതല്ലാതെ വേറൊരുവഴിയും സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നില്ല.

കോവിഡ് കാരണം നീട്ടിവെക്കപ്പെട്ട തദ്ദേശ തിരഞ്ഞെടുപ്പ് കേരളത്തില്‍ മൂന്നു ഘട്ടങ്ങളിലായി നടന്നു. കാസര്‍കോട്ടടക്കം മലബാറിന്റെ ചില ഭാഗങ്ങളില്‍ ഡിസംബര്‍ 14നായിരുന്നു. മിന്നുന്നജയം കരസ്ഥമാക്കി ഇടതുമുന്നണി ഏവരെയുംഞെട്ടിച്ചു. ലോകസഭാ തിരഞ്ഞെടുപ്പില്‍ നേടിയ നേട്ടം ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. അന്വേഷണങ്ങള്‍ എമ്പാടും നടന്നിട്ടും ജനം കനിയാത്തതില്‍ ബിജെ.പി.യുംഞെട്ടി. അപ്രതീക്ഷിതമായ വിജയത്തില്‍ ഭരണമുന്നണി ആശ്ചര്യപ്പെട്ടു. ആരോപണങ്ങളെ ജനം തള്ളിയെന്നുംസര്‍ക്കാരിന്റെ പ്രവര്‍ത്തന മികവാണ് കാരണമെന്നും അവര്‍പറഞ്ഞു. പക്ഷെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിജയിയെ തീരുമാനിക്കുന്നത് പ്രാദേശിക വികാരങ്ങളും ബന്ധങ്ങളും മുന്നണി മറന്നുള്ള കൂട്ടുകെട്ടുകളും ജാതിമതം, വിമതന്മാര്‍, ഗ്രൂപ്പ് വൈരം അങ്ങനെ ഒരുപാടൊരുപാട് സംഗതികളാണെന്നും മറിച്ച് രാഷ്ട്രീയം മാത്രമല്ലെന്നും യു.ഡി.എഫ് വിശദീകരിച്ചു.

സാംസ്‌കാരിക രംഗത്തും കായികരംഗത്തും വലിയനഷ്ടങ്ങള്‍ ഉണ്ടായവര്‍ഷം കൂടിയാണ്കടന്നുപോകുന്നത്. കഴിഞ്ഞ അന്‍പത് വര്‍ഷങ്ങളോളം മലയാളികളുടെ മനസ്സില്‍ പ്രണയവും വിരഹവും സന്തോഷവുമെല്ലാം വരച്ചിട്ട സംഗീതസംവിധായകന്‍ അര്‍ജ്ജുനന്‍മാഷിന്റെ വേര്‍പാടാണ് ഇതിലാദ്യത്തേത്. ജീവിതത്തിലും സിനിമയിലും പാവമായിരുന്ന രവിവള്ളത്തോള്‍, രൂപവും ശബ്ദവും കൊണ്ട് നമ്മെ ചിരിപ്പിച്ച കലിംഗശശി, വില്ലന്‍ വേഷങ്ങളിലൂടെ നമ്മുടെ ഹൃദയം കവര്‍ന്നഅനില്‍മുരളി തുടങ്ങിയവര്‍ ചമയം അഴിച്ചുവെച്ച് എന്നന്നേയ്ക്കുമായി അണിയറയിലേക്ക് മടങ്ങി. ഒരുപിടി നല്ല കഥാപാത്രങ്ങളുമായി സിനിമയില്‍ സജീവമായിക്കൊണ്ടിരുന്ന അനില്‍നെടുമങ്ങാടും ക്രിസ്തുമസ്ദിനത്തില്‍ മരണത്തിന്റെ കാണാക്കയത്തിലേക്ക് ആഴ്ന്നുപോയി. മലയാളികളെ ഏറെ രസിപ്പിച്ച സംവിധായകന്‍ സച്ചിയും യാത്രയായി. സംഗീത പ്രേമികളെ ഒന്നാകെ ദുഃഖത്തിലാഴ്ത്തി എസ്.പി.ബി എന്നമഹാനായ ഗായകന്‍ വിടവാങ്ങി. മലയാളത്തിലെ ഋഷിതുല്യനായ മഹാകവി അക്കിത്തം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. പ്രകൃതിക്കും കിളികള്‍ക്കും മരങ്ങള്‍ക്കും അശരണര്‍ക്കും വേണ്ടി പോരാടിയ മലയാളത്തിന്റെ സുകൃതം സുഗതകുമാരി ടീച്ചറും ഒരാല്‍മരമായിമാറി. കാല്‍പന്തുകളിയിലെ മാന്ത്രികന്‍, കാല്‍പനിക സൗന്ദര്യം ഡീഗോ മറഡോണ ഈലോകത്തിലെ കളിമതിയാക്കി വേറെയേതോ ലോകത്തിലേക്ക് ചേക്കേറിയത് മലയാളികളെ കരയിപ്പിക്കുക തന്നെ ചെയ്തു.

രാഷ്ട്രീയക്കൊലപാതകങ്ങളും ദുരഭിമാനക്കൊലകളും ഏറെക്കണ്ടു ഈവര്‍ഷവും. കൊല്ലപ്പെടുന്നവന്റെ കയ്യിലെ കൊടിയുടെ നിറം നോക്കി മാത്രം കരഞ്ഞു നമ്മള്‍. കൊന്നവന്റെകയ്യിലെ കൊടിയുടെ നിറം നോക്കിമാത്രം പ്രതികരിച്ചു നമ്മള്‍. സംസ്‌കാരസമ്പന്നരായ മലയാളിക്ക് ഇപ്പോഴും എല്ലാ ജീവനും ഒന്നായി കാണാന്‍ കഴിയുന്നില്ല. എല്ലാ കൊലയാളികളെയും ഒരേപോലെ തള്ളിപ്പറയാനും കഴിയുന്നില്ല. പാചകവാതക്കുഴലിന്റെ പണിതീര്‍ത്ത് ഉദ്ഘാടനത്തിനായികാത്തിരിക്കുന്നു എന്നവാര്‍ത്ത ഈസര്‍ക്കാറിന്റെ തൊപ്പിയിലെ ഒരു പൊന്‍തൂവല്‍ തന്നെയാണ്, ഒപ്പം ദേശീയപാതയുടെആദ്യഘട്ടത്തിന്റെ പണിതുടങ്ങാന്‍ പോകുന്നുവെന്നതും. സ്ഥലമേറ്റെടുപ്പിന്റെ പേരില്‍ അനാവശ്യ സമരങ്ങള്‍ ചെയ്ത് ഒരുപാട് വര്‍ഷങ്ങള്‍ നാം പാഴാക്കി എന്നത് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.

ദേശീയപാര്‍ട്ടികളിലെ തൊഴുത്തില്‍കുത്ത്, അക്രമരാഷ്ട്രീയം, സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ശീതയുദ്ധം, ഭൂമാഫിയയുടെ വിളയാട്ടങ്ങള്‍, പമ്പയിലെ മണലെടുപ്പിലെ അഴിമതി, വാളയാര്‍ പെണ്‍കുട്ടികളുടെ നീതിക്കുവേണ്ടിയുള്ള കാത്തിരിപ്പ്, അഭയക്കേസിലെ സുപ്രധാനവിധി, ലൈഫ്മിഷന്റെപിതൃത്വത്തെ ചൊല്ലിയുള്ള തര്‍ക്കം, പ്രളയഫണ്ടിലെ കയ്യിട്ടുവാരല്‍, സാലറിചാലഞ്ച്, മുഖ്യമന്ത്രിയുടെവ്യാജഒപ്പിടല്‍ വിവാദം, സോളാര്‍കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍, നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയെ സ്വാധീനിക്കാന്‍ശ്രമിച്ചസംഭവം, കെ.പി.സി.സി. അധ്യക്ഷന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം, പെരിയകേസിലെ നിയമപ്പോരാട്ടങ്ങള്‍, നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ മരിച്ച സംഭവം എന്നിങ്ങനെ പറഞ്ഞാലുംതീരാത്ത ഒരുപാട് സംഭവങ്ങള്‍... ഇതിനെല്ലാമിടയില്‍ കൊറോണ വൈറസിന് വകഭേദമുണ്ടായി എന്ന വാര്‍ത്തയും എത്തി. വാക്‌സിന്‍ വിതരണം അടുത്ത വര്‍ഷമാദ്യം തുടങ്ങുമെന്നും അതുകഴിഞ്ഞാല്‍ പഴയതുപോലെ ജീവിക്കാമെന്നുമൊക്കെ കരുതിയിരിക്കുമ്പോഴാണ് ഓര്‍ക്കാപ്പുറത്തുള്ള ഈഅടി. 'ഒരുവേളപഴക്കമേറിയാല്‍, ഇരുളും മെല്ലെ വെളിച്ചമായിവരും' എന്ന കവി വാക്യത്തില്‍വിശ്വസിച്ച്കാത്തിരിക്കാം, ഒരുനല്ലനാളേക്കായി.

Related Articles
Next Story
Share it