കാസര്‍കോട്: 17 ന് നടക്കുന്ന എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ജില്ലയില്‍ നിന്ന് 19354 വിദ്യാര്‍ത്ഥികള്‍. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 10631 കുട്ടികളും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്ന് 8763 കുട്ടികളുമടക്കം 19354 കുട്ടികള്‍ പരീക്ഷ എഴുതും. മാര്‍ച്ച് 17 നാണ് പരീക്ഷ ആരംഭിക്കുന്നത്.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് അധ്യയന വര്‍ഷം ഭാഗികമായി നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് പരീക്ഷ. കഴിഞ്ഞ ജനവരിയിലാണ് ബാച്ചുകളായി ക്ലാസുകള്‍ പുനരാരംഭിച്ചത്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് നായന്മാര്മൂല ടി.ഐ.എച്ച്.എച്ച്എസിലാണ്. ഇവിടെ 749 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതുന്നത് ജി എച്ച്.എസ്. മൂഡംബയലിലാണ്. ഇവിടെ 29 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതും. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ ദുര്ഗഎച്ച്.എച്ച്.എസിലാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത്. ഇവിടെ 390 കുട്ടികളാണ് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതുന്നത് പെരിയ അംബേദ്കര്‍ എച്ച്.എസിലാണ്. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.40ന് കുട്ടികള്‍ പരീക്ഷ ഹാളിലെത്തണം. മൂന്നര വരെയാണ് പരീക്ഷാസമയം. രണ്ടാം ഭാഷ ഇംഗ്ലീഷിന് 4.30 വരെയും ഗണിത ശാസ്ത്രം, സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ്, എന്നിവയ്ക്ക് 1.40 മുതല്‍ നാലര വരെയുമാണ് സമയം അനുവദിച്ചിട്ടുള്ളത്.
മാര്‍ച്ച് 19 വെള്ളിയാഴ്ച 2.40 മുതല്‍ 4.30 വരെയുമാണ് പരീക്ഷകള്‍. രാവിലെ ഹയര്‍ സെക്കണ്ടറി, പ്ലസ് ടു പരീക്ഷകള്‍ നടക്കും. മാര്‍ച്ച് 30ന് രസതന്ത്രം പരീക്ഷ എഴുതുന്നതോടെ ഇപ്രാവശ്യത്തെ എസ്.എസ്.എല്‍.സി. പരീക്ഷ അവസാനിക്കും.