കാഞ്ഞങ്ങാട്: വരുമാനത്തില്‍ ജില്ലയില്‍ രണ്ടാം സ്ഥാനത്തും സംസ്ഥാനത്ത് 25-ാം സ്ഥാനത്തുമുള്ള കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ വരുന്നു. 18 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് വരാന്‍ പോകുന്നത്. രണ്ട് മാസത്തിനുള്ളില്‍ നിര്‍മ്മാണ ജോലികള്‍ തുടങ്ങും. കാഞ്ഞങ്ങാട് ഡെവലപ്മെന്റ് ഫോറം ഭാരവാഹികള്‍ പാലക്കാട്ട് വെച്ച് ഡി.ആര്.എം ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വികസന പ്രവര്‍ത്തനങ്ങള്‍ വരുന്ന കാര്യം ബന്ധപ്പെട്ടവര്‍ അറിയിച്ചത്. പാര്‍ക്കിങ് ഏരിയാ വികസനം, പ്ലാറ്റ്ഫോമില്‍ മേല്‍ക്കൂര, റെയില്‍വേ സ്റ്റേഷന് റോഡ് നവീകരണം, ആധുനിക രീതിയിലുള്ള പോര്‍ച്ച്, ഐ.ആര്.സി.ടി.സിയുടെ ഭക്ഷണശാല, ഡ്രൈനേജ്, വടക്ക് ഭാഗത്ത് പുതിയൊരു ഫൂട്ട് ഓവര്‍ബ്രിഡ്ജ് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് അനുമതിയായത്. ഒരാഴ്ചക്കുള്ളില്‍ രണ്ട് ടിക്കറ്റ് വെന്‍ഡിങ് മെഷിന്കൂടി പ്ലാറ്റ് ഫോമില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. കൂടുതല്‍ ആളുകള്‍ മുന്നോട്ടു വന്നാല്‍ ഇനിയും ടിക്കറ്റ് വെന്‍ഡിങ് മെഷിന് സ്ഥാപിക്കാന്‍ ഒരുക്കമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടിക്കാഴ്ചയില്‍ ഭാരവാഹികളായ കെ. മുഹമ്മദ് കുഞ്ഞി, കെ.പി മോഹനന് തുടങ്ങിയവര്‍ പങ്കെടുത്തു.